തോപ്പുംപടിയിലെ പട്ടേല്‍ ടാക്കീസ് മുതല്‍ ലണ്ടനിലെ വിഖ്യാതമായ റോയല്‍ ആല്‍ബര്‍ട്ട് ഹാള്‍ വരെ ആയിരക്കണക്കിന് വേദികള്‍, നൂറുകണക്കിന് സഹഗായികമാര്‍. കച്ചേരികളും ഗാനമേളകളുമായി യേശുദാസ് കടന്നുചെല്ലാത്ത ഭൂഖണ്ഡങ്ങളില്ല.
ഐതിഹാസികമായ ആ സംഗീതയാത്രയുടെ ആരംഭ ബിന്ദുവില്‍ അത്ര പരിചിതമല്ലാത്ത ഒരു പേര് നാം കാണുന്നു, രാധാ കുപ്പുസ്വാമി. യേശുദാസിന്റെ ആദ്യ ഗാനമേളയിലെ സഹഗായിക. പില്‍ക്കാലത്ത് ഗാനഗന്ധര്‍വനായി ഉയര്‍ന്ന തുടക്കക്കാരനൊപ്പം ആദ്യമായി വേദി പങ്കിടാന്‍ ഭാഗ്യമുണ്ടായ ആ ഗായിക ഇന്നെവിടെ? ഉത്തരം തേടിയുള്ള അന്വേഷണം തുടരുകയാണിപ്പോഴും.
ആസാദ് ആര്‍ട്‌സ് ക്ലബ്ബിലും താന്‍സന്‍ മ്യൂസിക് ക്ലബ്ബിലും ഓറിയന്റല്‍ മ്യൂസിക് ക്ലബ്ബിലും സജീവമായിരുന്ന രാധ ഒരു വര്‍ഷത്തോളം യേശുദാസിന്റെ ഗാനമേളകളില്‍ പാടി. പിന്നീട് കുറച്ചുകാലം ഗായകന്‍ ജെ എം രാജുവിനോടൊപ്പം. അതിനുശേഷം അവരെക്കുറിച്ച് കേട്ടിട്ടില്ല.
യേശുദാസിന്റെ ആദ്യ ഗാനമേളയില്‍ വയലിന്‍ മീട്ടിയ റെക്‌സ് ഐസക്സില്‍നിന്നാണ് രാധാ കുപ്പുസ്വാമിയെ കുറിച്ചറിഞ്ഞത്. 1965 ല്‍ എറണാകുളത്ത് നടന്ന ആ പരിപാടിയില്‍ രാധ ആലപിച്ച പി സുശീലയുടെ 'കണ്ണാ കരുമൈ നിറം കണ്ണാ' എന്ന ഗാനത്തിന്റെ മാധുര്യം ഇന്നും ഓര്‍മയില്‍ സൂക്ഷിക്കുന്നു റെക്‌സ് മാസ്റ്റര്‍. ''ഐലന്‍ഡ് രാധ എന്ന പേരിലാണ് രാധ കൊച്ചിയിലും പരിസരത്തും പ്രശസ്തയായിരുന്നത്. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛനോടൊപ്പം വെല്ലിങ്ടണ്‍ ഐലന്‍ഡിലെ ക്വര്‍ട്ടേഴ്സിലാണ് അവര്‍ താമസിച്ചിരുന്നത് എന്നാണോര്‍മ്മ.''
ആസാദ് ആര്‍ട്‌സ് ക്ലബ്ബിലും താന്‍സന്‍ മ്യൂസിക് ക്ലബ്ബിലും ഓറിയന്റല്‍ മ്യൂസിക് ക്ലബ്ബിലും സജീവമായിരുന്ന രാധ ഒരു വര്‍ഷത്തോളം യേശുദാസിന്റെ ഗാനമേളകളില്‍ പാടി. പിന്നീട് കുറച്ചുകാലം ഗായകന്‍ ജെ എം രാജുവിനോടൊപ്പം. അതിനുശേഷം അവരെക്കുറിച്ച് കേട്ടിട്ടില്ല. ''എന്നേക്കാള്‍ രണ്ടോ മൂന്നോ വയസ്സ് മൂത്തതായിരിക്കും രാധ. അതായത് ഇപ്പോള്‍ ഏതാണ്ട് 78 വയസ്സ് കാണും,'' റെക്‌സ് മാസ്റ്റര്‍. പിതാവിന്റെ റിട്ടയര്‍മെന്റിനുശേഷം രാധ സ്വദേശമായ മധുരയിലേക്ക് തിരിച്ചുപോയെന്നാണ് രാജുവിന്റെ അറിവ്. പിന്നീട് അവരെ സംഗീത ലോകത്ത് കണ്ടിട്ടേയില്ല.
സിനിമയില്‍ തുടക്കം കുറിച്ച് ഏറെ കാലമായിരുന്നില്ല അന്ന് യേശുദാസ്. മലയാളത്തിലെ സ്വന്തം ഗാനങ്ങള്‍ക്ക് പുറമേ ഹിന്ദിയിലെ ഹിറ്റുകളും ദാസ് വേദിയില്‍ പാടും, പ്രധാനമായും മുഹമ്മദ് റഫിയുടെ ഗാനങ്ങള്‍. യേശുദാസിന്റെ ആദ്യകാല ഗാനമേളകളില്‍ പങ്കെടുത്ത ഓര്‍ക്കസ്ട്ര കലാകാരന്മാരുടെ പേരുകളും റെക്‌സ് ഓര്‍മിച്ചെടുത്തു. പലരും പില്‍ക്കാലത്ത് അഖിലേന്ത്യാ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടവര്‍.
ഹാര്‍മോണിയം: എ എം ജോസ് (നടനും സംവിധായകനുമായ ലാലിന്റെ അമ്മാവന്‍); ഗിത്താര്‍: മാച്ചി ലോറന്‍സ് , എമില്‍ ഐസക്‌സ് (റെക്‌സിന്റെ സഹോദരന്‍); മണി (യേശുദാസിന്റെ അനിയന്‍). വയലിന്‍: ടെറന്‍സ് ഡിസൂസ, റെക്‌സ് ഐസക്‌സ്, അന്നാസ്. ക്ലാരിനെറ്റ്: പപ്പന്‍. തബല: എ എം പോള്‍ (സംവിധായകന്‍ ലാലിന്റെയും സംഗീത സംവിധായകന്‍ അലക്‌സ് പോളിന്റെയും പിതാവ്). ബോംഗോസ്: ജിമ്മി ലൂയീസ് .
പ്രശസ്ത മേക്കപ്പ് കലാകാരന്‍ പട്ടണം റഷീദിന്റെ പിതാവ് ഹുസൈനായിരുന്നു പെര്‍ക്കഷന്‍ വിഭാഗത്തിന്റെ മുഖ്യ ചുമതലക്കാരന്‍. അടുത്ത അഞ്ച് വര്‍ഷത്തിനിടക്ക് യേശുദാസിന്റെ ഓര്‍ക്കസ്ട്രയില്‍ വേറെയും ആര്‍ട്ടിസ്റ്റുകള്‍ വന്നു, പോയി. തോമസ്, ബര്‍ലെ, പീറ്റര്‍, മാന്വല്‍ (ഹാര്‍മോണിയം, ഓര്‍ഗന്‍), ഡഗ്ലസ്, സതീശന്‍, ജെര്‍സണ്‍, സുനില്‍ (ഗിത്താര്‍), ലൂബെന്‍, ആന്റപ്പന്‍, പീറ്റര്‍, സാമുവല്‍, എഡ്മണ്ട് , ചാള്‍സ് (വയലിന്‍), സമ്മി എന്ന സാമുവല്‍, മാത്യു (ക്ലാരിനെറ്റ് ), ജേക്കബ് ആശാന്‍, കൊച്ചാന്റി, ജേക്കബ് ആന്റണി (തബല), ഏണസ്റ്റ്, ബാബു, ഗായകന്‍ അഫ്‌സലിന്റെ സഹോദരന്‍ ഷക്കീര്‍ (ബോംഗോസ്, കോംഗോസ്), വി സി ജോര്‍ജ് , പി ആര്‍ മുരളി (ഫ്ളൂട്ട്) എല്ലാവരും അവരവരുടെ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍.
രാധക്ക് പിറകെ യേശുദാസിനെ ഗാനമേളകളില്‍ അനുഗമിച്ച ഹേമലത ഇന്നും സംഗീത രംഗത്ത് സജീവം. ഒരു സിനിമയില്‍ പാടിയെങ്കിലും പിന്നണി ഗാനരംഗം ഒരിക്കലും തന്നെ ആകര്‍ഷിച്ചിരുന്നില്ലെന്നു തുറന്നുപറയുന്നു ഹേമലത. യേശുദാസിന്റെ പ്രോത്സാഹനത്തോടെ അദ്ദേഹത്തോടൊപ്പം 'മാടത്തരുവി' എന്ന ചിത്രത്തില്‍ ഒരു യുഗ്മഗാനം (സംഗീതം: കണ്ണൂര്‍ രാജന്‍) പാടിയെങ്കിലും ഹേമലത പിന്നീട് ആ മേഖലയില്‍ തുടര്‍ന്നില്ല. ഹിന്ദുസ്ഥാനി സംഗീതജ്ഞ എന്ന പേരിലാണ് ഇന്ന് ഹേമ അസീസ് പ്രശസ്ത. താമസം ഡല്‍ഹിയില്‍.
ഹേമയെ പിന്തുടര്‍ന്ന് യേശുദാസിന്റെ ഗാനമേളകളില്‍ നിറഞ്ഞുനിന്നത് അദ്ദേഹത്തിന്റെ സഹോദരി ജയമ്മ (ജയ ആന്റണി) തന്നെ. പി സുശീലയുടെ പ്രശസ്ത ഗാനങ്ങളാണ് ജയമ്മ മനോഹരമായി വേദിയില്‍ ആലപിച്ചിരുന്നത്, അപൂര്‍വമായി ലതാ മങ്കേഷ്‌കറുടെ പാട്ടുകളും. വിവാഹശേഷം ജയമ്മയും ഗാനമേളകളോട് വിടവാങ്ങി. കാഞ്ഞിരപ്പള്ളി ശാന്ത എന്നറിയപ്പെട്ടിരുന്ന ശാന്ത ജോസിന്റെ ഊഴമായിരുന്നു അടുത്തത്. ''പത്ത് വയസ് മാത്രമേ ശാന്തക്കു പ്രായമുണ്ടായിരുന്നുള്ളൂ ദാസിന്റെ ആദ്യ ഗാനമേളയില്‍ പാടുമ്പോള്‍. അത്ഭുതകരമായ കഴിവുകളുള്ള കുട്ടിയാണ് എന്റെ ഓര്‍മയിലെ ശാന്ത. ജാനകിയുടെ 'ഉണരുണരൂ ഉണ്ണിപ്പൂവേ' ആയിരുന്നു അവരുടെ മാസ്റ്റര്‍പീസ്,'' റെക്‌സ് പറയുന്നു.
'മുത്ത്' എന്ന സിനിമയിലെ 'വിമൂകശോക സ്മൃതികള്‍ ഉണര്‍ത്തി വീണ്ടും പൗര്‍ണമി വന്നൂ' എന്ന മനോഹര ഗാനം പാടി വിസ്മൃതിയില്‍ മറഞ്ഞ രാധ വിശ്വനാഥ് ആണ് ആദ്യകാലത്ത് യേശുദാസിനൊപ്പം വേണ്ടി പങ്കിടാന്‍ ഭാഗ്യമുണ്ടായ മറ്റൊരു ഗായിക. മുംബൈയിലെ ദാസിന്റെ ഗാനമേളകളില്‍ സ്ഥിരം സാന്നിധ്യമായിരുന്ന രാധ ഷണ്മുഖാനന്ദ ഹാള്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ മലയാളം, ഹിന്ദി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
എണ്‍പതുകള്‍ക്കുശേഷം ദീര്‍ഘകാലം യേശുദാസിനൊപ്പം വേദി പങ്കിട്ടവരില്‍ സുജാതയും ആശാലതയും രാധിക തിലക്കും ചിത്രയുമുണ്ട്. കോഴിക്കോട്ടുകാരിയായ ആശ 1985 ലാണ് ദാസിന്റെ ഗാനമേളകളുടെ ഭാഗമാകുന്നത്. ''ആദ്യം പാടുമ്പോള്‍ പതിനാറോ പതിനേഴോ വയസ്സേ പ്രായമുള്ളൂ. കൊല്ലത്തായിരുന്നു തുടക്കമെന്നാണ് ഓര്‍മ. തരംഗിണിയിലെ സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്നതുകൊണ്ട് ഗാനമേളകളില്‍ പാടേണ്ടി വന്നപ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ല,'' പില്‍ക്കാലത്ത് അറിയപ്പെടുന്ന റേഡിയോ അവതാരകയായി മാറിയ ആശാലത പറയുന്നു. 1990 കളുടെ മധ്യത്തില്‍ കോഴിക്കോടെ മലബാര്‍ മഹോത്സവത്തിലാണ് രാധിക തിലക് യേശുദാസിനൊപ്പം ആദ്യമായി പാടിയത്. പിന്നീട് സ്വദേശത്തും വിദേശത്തുമായി നിരവധി വേദികള്‍.
ജെന്‍സി, സിന്ധു, എലിസബത്ത്, ഗായത്രി, ഷൈമ, ജാനകീദേവി, മഞ്ജരി, സിസിലി, രാജലക്ഷ്മി... ഗാനഗന്ധര്‍വന്റെ സഹഗായികമാരുടെ നിര ഇനിയും നീളും. ഒപ്പം പാടിയ ഗായികമാര്‍ പലരും സംഗീതത്തോട് വിടവാങ്ങി അമ്മമാരും അമ്മൂമ്മമാരുമായി കഴിയുമ്പോഴും യേശുദാസ് പാടിക്കൊണ്ടേയിരുന്നുവെന്നതാണ് കൗതുകകരം. തലമുറകള്‍ക്ക് അപ്പുറത്തേക്ക് നീണ്ടു ആ നാദസൗഭഗം.