യേശുദാസിനൊപ്പം യുഗ്മഗാനം പാടി റെക്കോര്‍ഡ് ചെയ്യാന്‍ ഭാഗ്യമുണ്ടായ ഏറ്റവും പ്രായം കുറഞ്ഞ ഗായികമാര്‍ ആരായിരിക്കും? സംശയിക്കേണ്ട. രണ്ടു പേരും ഗാനഗന്ധര്‍വന്റെ അടുത്ത ബന്ധുക്കള്‍ തന്നെ. കൊച്ചുമകള്‍ അമേയയും അനന്തിരവള്‍ ഗീതുവും.
ഒന്നും മിണ്ടാത്ത ഭാര്യ (1984) എന്ന ചിത്രത്തില്‍ അമ്മാവനായ യേശുദാസിനൊപ്പം ബേബി ശാലിനിക്കുവേണ്ടി പാടുമ്പോള്‍ ഗീതുവിന് ആറു വയസ്സ്. മൂന്ന് പതിറ്റാണ്ടിന് ശേഷം 'ശ്യാമരാഗം' എന്ന ചിത്രത്തില്‍ 'രാമാ രവികുല സോമാ' എന്ന കൃതി മുത്തച്ഛനോടൊപ്പം പാടുമ്പോള്‍ അമേയക്ക് കഷ്ടിച്ച് നാലും.
യേശുദാസിന്റെ ഒരേയൊരു സഹോദരി ജയമ്മ എന്ന ജയ ആന്റണിയുടെ മൂത്ത മകളാണ് ഗീതു. ഭര്‍ത്താവ് എന്‍ജിനീയറായ സഞ്ജീവ് ഐപ്പ്. മൂന്ന് പെണ്‍മക്കളാണ് ആന്റണി - ജയ ദമ്പതികള്‍ക്ക്: ഗീതു, നീതു, രേഷ്മ. മൂന്നുപേരും നന്നായി പാടും. കുട്ടിക്കാലത്ത് പാട്ട് ശാസ്ത്രീയമായി പഠിച്ചത് ഗീതുവും രേഷ്മയുമാണെന്നു മാത്രം. തൃപ്പൂണിത്തുറ സംഗീത അക്കാദമിയില്‍ യേശുദാസിന്റെ സഹപാഠിയായിരുന്ന ഓച്ചിറ ബാലൃഷ്ണനായിരുന്നു ഗുരു. പുറത്തിറങ്ങാതെ പോയ 'രക്തരക്ഷസ്സ്' എന്ന ചിത്രത്തില്‍ കൂടി പാടിയശേഷം രംഗംവിട്ട ഗീതു ഇന്ന് ദുബായില്‍ സന്തുഷ്ട കുടുംബജീവിതം നയിക്കുന്നു.
സേതു ഇയ്യാല്‍ സംവിധാനം ചെയ്ത 'ശ്യാമരാഗ'ത്തിനുവേണ്ടി വിജയ് യേശുദാസിന്റെ മകള്‍ അമേയയ്ക്ക് പാടാന്‍ ഒരു കൃതി തന്നെ എഴുതി ചിട്ടപ്പെടുത്തി ദക്ഷിണാമൂര്‍ത്തി. നാല് തലമുറയെക്കൊണ്ട് പാടിക്കാന്‍ കഴിഞ്ഞ സംഗീതസംവിധായകന്‍ എന്ന അപൂര്‍വ ബഹുമതി അതോടെ സ്വാമിക്ക് സ്വന്തം. അഗസ്റ്റിന്‍ ജോസഫും മകന്‍ യേശുദാസും കൊച്ചുമകന്‍ വിജയ് യേശുദാസും നേരത്തെ തന്നെ സ്വാമിയുടെ ഈണത്തില്‍ പാടിയിരുന്നു. വിധി നിയോഗം പോലെ പിന്‍തലമുറയിലെ അമേയയെയും പാടിച്ച ശേഷമായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ വിടവാങ്ങല്‍.
യേശുദാസിനൊപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളികളായ ഗായികമാരുടെ ചരിത്രം തുടങ്ങുന്നത് ശാന്താ പി നായരില്‍നിന്നാണ്. ആദ്യ ചിത്രമായ 'കാല്‍പ്പാടുകളി'ലെ (1961) 'കാണുമ്പോള്‍ ഞാനൊരു കാരിരുമ്പ്' എന്ന ഹാസ്യഗാനം നവാഗത ഗായകനൊപ്പം പാടിയത് ശാന്ത പി നായര്‍. ആറു പതിറ്റാണ്ടിനിടക്ക് ലതാ മങ്കേഷ്‌കര്‍ മുതല്‍ ഏറ്റവും പുതിയ തലമുറയിലെ ഗായികമാര്‍ വരെ യേശുദാസിന്റെ യുഗ്മഗാനങ്ങളില്‍ പങ്കാളികളായിട്ടുണ്ട്.