താളനിബദ്ധമായ ഒരു നാടന്‍ പാട്ടാണ് സംഗീത സംവിധായകന്‍ ജേക്ക്സ് ബിജോയ് കേള്‍പ്പിച്ചത്; പുരാതനമായ പാട്ട്: ``അയ്യാലയ്യ പടച്ചോനേ, ഒരയ്യന്‍ നിലവിളി കേള്‍ക്കുന്നേ..'' സിനിമയിലെ കഥാസന്ദര്‍ഭത്തിനിണങ്ങും വിധം വരികള്‍ മാറ്റിയെഴുതണം; പാട്ടിന്റെ തനത് താളഭംഗിക്ക് അണുവിട പോലും പോറലേല്‍ക്കാതെ. സന്തോഷ് വര്‍മ്മയ്ക്കുള്ളിലെ പ്രൊഫഷണല്‍ ഗാനരചയിതാവിന് അധികം ചിന്തിക്കേണ്ടി വന്നില്ല ഈണത്തിനനുസരിച്ച് പല്ലവി എഴുതാന്‍: ``പാലാപ്പള്ളി തിരുപ്പള്ളീല്‍ പുകളേറും രാക്കുളി നാളാണേ..''
വലിയ ഹിറ്റാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന പാട്ടുകള്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. അല്ലാത്തവ ചിലപ്പോള്‍ അസാമാന്യ ജനപ്രീതി നേടിയെന്നുമിരിക്കും.
കേരളം മുഴുവന്‍ ഏറ്റുപാടാന്‍ പോകുകയാണ് ആ വരികള്‍ എന്ന് ഓര്‍ത്തിരിക്കുമോ വര്‍മ്മ? ``അത്തരം പ്രതീക്ഷകളൊന്നും കൊണ്ടുനടക്കാറില്ല.''-- സന്തോഷ് ചിരിക്കുന്നു. ``ഓരോ പാട്ടിനും ഓരോ ജാതകമുണ്ട്. വലിയ ഹിറ്റാകുമെന്ന് നമ്മള്‍ പ്രതീക്ഷിക്കുന്ന പാട്ടുകള്‍ ശ്രദ്ധിക്കപ്പെടണമെന്നില്ല. അല്ലാത്തവ ചിലപ്പോള്‍ അസാമാന്യ ജനപ്രീതി നേടിയെന്നുമിരിക്കും. പാലാപ്പള്ളി എന്തായാലും എല്ലാ പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്നു എന്നത് സന്തോഷമുള്ള കാര്യം.''
സിനിമക്ക് വേണ്ടി പാട്ട് മാറ്റിയെഴുതിയത് ഞാനാണെന്ന് പലര്‍ക്കും അറിയില്ലസന്തോഷ് വർമ്മ
ജനം ഏറ്റുപാടുന്ന ഈ വരികളുടെ പിതൃത്വം പലപ്പോഴും തനിക്ക് ലഭിക്കാറില്ല എന്നൊരു ദുഃഖം മാത്രം സന്തോഷിന്. ``പരമ്പരാഗതമായി പാടിവന്നിരുന്ന വരികള്‍ എന്നാണ് പലരും ധരിച്ചിട്ടുള്ളതെന്നു തോന്നുന്നു. സിനിമക്ക് വേണ്ടി പാട്ട് മാറ്റിയെഴുതിയത് ഞാനാണെന്ന് പലര്‍ക്കും അറിയില്ല.'' അതുല്‍ നറുകരയാണ് സിനിമയില്‍ ഗാനം ആലപിച്ചത്. പുലയ സമുദായത്തിന്റെ മരണാന്തര ചടങ്ങുകളുടെ ഭാഗമായി പാടിവന്നിരുന്ന പാട്ടാണ് ``അയ്യാലയ്യ പടച്ചോനേ.'' അന്യം നിന്നുപോയ പഴയ പാട്ടുകള്‍ തേടിനടന്നു ശേഖരിക്കുന്നത് ശീലമാക്കി മാറ്റിയ പാട്ടുപുര നാണു ആശാന്‍ സമാഹരിച്ച് പുതിയ കാലത്തിന് പരിചയപ്പെടുത്തുകയായിരുന്നു ആ ഗാനത്തെ. കലോത്സവ വേദികളിലും മറ്റും താളനിബദ്ധമായ അവതരണത്തിലൂടെ എളുപ്പം ഹിറ്റായി മാറി ആ ഗാനം. `സോള്‍ ഓഫ് ഫോക്ക്' ബാന്‍ഡിന്റെ എല്ലാമെല്ലാമായ അതുല്‍ നറുകരയാണ് ``അയ്യാലയ്യ പടച്ചോനേ'' എന്ന ഗാനം ജേക്ക്സ് ബിജോയിയുടെ ശ്രദ്ധയില്‍ പെടുത്തിയത്. ``കടുവ''യുടെ സംവിധായകന്‍ ഷാജി കൈലാസിന് അതുലിനെ പരിചയപ്പെടുത്തിയതും ബിജോയ് തന്നെ. നേരത്തെ ജേക്ക്സ് ബിജോയിയുടെ സംഗീതത്തില്‍ പാടിക്കൊണ്ട് ``പുഴു''വില്‍ ഗായകനായി അരങ്ങേറിയിരുന്നു ഈ മഞ്ചേരിക്കാരന്‍.
``തിരക്കഥാകൃത്ത് ജിനു എബ്രഹാമില്‍ നിന്ന് കഴിഞ്ഞ വര്‍ഷം തന്നെ കടുവയുടെ കഥ പൂര്‍ണ്ണമായി ഞാന്‍ മനസ്സിലാക്കിയിരുന്നു.''-- സന്തോഷ് പറയുന്നു. ``ക്ലൈമാക്‌സ് രംഗത്ത് വരുന്ന പാട്ടാണ്. പശ്ചാത്തലം പാലാ പള്ളിയിലെ രാക്കുളിത്തിരുന്നാള്‍ ആണെന്നറിഞ്ഞപ്പോള്‍ പാട്ടെഴുതാന്‍ ചില്ലറ ഗവേഷണം വേണ്ടിവന്നു. പാട്ടില്‍ ഉപയോഗിച്ചിട്ടുള്ള പിണ്ടി, കൈത്തിരി തുടങ്ങിയ വാക്കുകള്‍ പരമ്പരാഗത ചടങ്ങുകളുമായി ബന്ധപ്പെട്ടത് തന്നെ.'' വാഴപ്പിണ്ടിയില്‍ തിരി തെളിച്ചുള്ള ആഘോഷത്തെ സൂചിപ്പിക്കാന്‍ പിണ്ടിപ്പെരുന്നാള്‍, പിണ്ടികുത്തി പെരുന്നാള്‍ എന്നീ പേരുകളിലും അറിയപ്പെടുന്നു ഈ ഉത്സവം.
പാലാപ്പള്ളി തിരുപ്പള്ളീല്‍ എന്ന തുടക്കം മുതല്‍ ചരണത്തിലെ ദേശം ചുറ്റുകരക്കാരും എന്ന വരി വരെ എഴുതിയത് ഞാനാണ്സന്തോഷ് വർമ്മ
ആത്മാക്കളെ തിരിച്ചുവിളിക്കുന്നത് സൂചിപ്പിച്ചുകൊണ്ടുള്ള ഒറിജിനല്‍ പാട്ടിലെ ``ആവോ ദാമാനോ'' എന്ന പ്രയോഗം പഞ്ച് ലൈന്‍ ആയി പുതിയ പാട്ടില്‍ നിലനിര്‍ത്തിയിട്ടുണ്ട്. `പാലാപ്പള്ളി തിരുപ്പള്ളീല്‍ എന്ന തുടക്കം മുതല്‍ ചരണത്തിലെ ദേശം ചുറ്റുകരക്കാരും എന്ന വരി വരെ എഴുതിയത് ഞാനാണ്. ഈ ഭാഗമാണ് സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളതും.'' അവശേഷിച്ച വരികള്‍ രചിച്ചത് ശ്രീഹരി തറയില്‍. കൊച്ചിയിലെ മൈന്‍ഡ്‌സ്‌കോര്‍ മ്യൂസിക്കിലും മഞ്ചേരിയിലെ ആവാസ് സ്റ്റുഡിയോയിലുമായിരുന്നു ഗാനലേഖനം.
സിനിമയില്‍ മാത്രമല്ല പാട്ടുകൂട്ടങ്ങളിലും പാതിരാമെഹ്ഫിലുകളിലും മധുപാന സദസ്സുകളിലുമെല്ലാം സൂപ്പര്‍ ഹിറ്റാണ് പാലാപ്പള്ളി. ``കൂട്ടായ ഒരു യത്‌നമുണ്ട് ആ ഗാനത്തിന്റെ ഇന്‍സ്റ്റന്റ് ജനപ്രീതിക്ക് പിന്നില്‍. അതിന്റെ നല്ലൊരു ക്രെഡിറ്റും ബിജോയ്ക്ക് അവകാശപ്പെട്ടത് തന്നെ..''-- സന്തോഷിന്റെ വാക്കുകള്‍.