ബോളിവുഡിൽ ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. കാനഡയിലെ ഒരു ഇന്ത്യൻ കുടുംബത്തിലാണ് താരത്തിന്റെ ജനനം. സണ്ണിയുടെ മാതാപിതാക്കൾ സിഖ് വംശജരായിരുന്നു. സണ്ണി ലിയോണിയുടെ യഥാർഥ പേര് കരൺജിത് കൗർ വോറ എന്നായിരുന്നു. പിന്നീട് അഭിനയരംഗത്തേക്ക് വന്നതോടെയാണ് പേര് മാറ്റിയത്. പേര് മാറ്റിയതിനെക്കുറിച്ചും പുതിയ പേരിനോടുള്ള കുടുംബത്തിന്റെ പ്രതികരണത്തെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിച്ചിരിക്കുകയാണ് താരമിപ്പോള്‍.
ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സണ്ണി ലിയോണി ഇക്കാര്യം വ്യക്തമാക്കിയത്. സഹോദരൻ സന്ദീപ് സിങിന്റെ ചുരുക്കപ്പേരായിരുന്നു സണ്ണി. ലിയോണി എന്ന പേര് സ്വീകരിച്ചതിന് പിന്നിലും ഒരു കഥയുണ്ട്. എന്നാൽ തന്റെ അമ്മക്ക് സണ്ണി ലിയോണി എന്ന പേരിനോട് വെറുപ്പായിരുന്നുവെന്നും നടി അഭിമുഖത്തിൽ പറയുന്നു.
"അമേരിക്കയിൽ ഒരു മാഗസിന് വേണ്ടി നൽകിയ അഭിമുഖത്തിൽ അവരെന്നോട് 'നിങ്ങൾക്ക് ഏത് പേരിൽ അറിയപ്പെടണമെന്നാണാഗ്രഹം' എന്ന് ചോദിച്ചു. അപ്പോഴെനിക്ക് ഒന്നും മനസ്സിൽ വന്നില്ല. ആ സമയം ഒരു ടാക്സ് ആൻഡ് റിട്ടയർമെന്റ് സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. അവിടെ എച്ച്ആർ ഡിപ്പാർട്ട്മെന്റിലും അക്കൗണ്ടിങ് ഡിപ്പാർട്ട്മെന്റിലും ഞാൻ ജോലി ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ റിസെപ്ഷനിസ്റ്റും ഞാൻ ഞാൻ തന്നെയായിരുന്നു. അതിനാൽ ഇന്റർവ്യൂ അവസാനിപ്പിച്ച് എത്രയും പെട്ടെന്ന് എനിക്ക് ജോലിയിലേക്ക് മടങ്ങിപ്പോകണമായിരുന്നു. ഞാൻ ഇത്ര മാത്രം പറഞ്ഞു. 'എന്റെ ആദ്യ നാമമായി സണ്ണി ഉപയോഗിക്കുക, അതെന്റെ സഹോദരന്റെ പേരാണ്. അവസാന നാമം നിങ്ങൾക്ക് തിരഞ്ഞെടുക്കാം'. അങ്ങനെ മാസികയുടെ ഇറ്റാലിയൻ ഉടമ രണ്ടാമത്തെ പേരായി ലിയോണി എന്ന് തിരഞ്ഞെടുത്തു. മാഗസിൻ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് പുതിയ പേര് സണ്ണി ലിയോണി എന്നാണെന്ന് ഞാൻ അറിഞ്ഞത്. അത് ഞാൻ ഇന്നുവരെ ഉപയോഗിക്കുന്നു" സണ്ണി ലിയോണി പറഞ്ഞു. സഹോദരന്റെ വിളിപ്പേര് തന്റെ സ്വന്തം പേരായി തിരഞ്ഞെടുത്തതിൽ അമ്മയ്ക്ക് ദേഷ്യമുണ്ടായിരുന്നുവെന്നും നടി പറഞ്ഞു.
അനുരാഗ് കശ്യപിന്റെ 'കെന്നഡി'യാണ് സണ്ണി ലിയോണിയുടെ വരാനിരിക്കുന്ന ചിത്രം. ഈ വർഷം ആദ്യം കാൻസ് ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.