ENTERTAINMENT

'വീരധീരശൂരന്റെ കഥ കേട്ട് ടെൻഷനായി, ഭാഷ ശരിയാക്കാൻ സഹായിച്ചത് വിക്രം'; സുരാജ് വെഞ്ഞാറമൂട് അഭിമുഖം

സിനിമയിലെത്തി ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടക്കുമ്പോഴാണ് ‘വീര ധീര ശൂരനി’ലൂടെയുളള സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം

എന്റർടെയ്ൻമെന്റ് ഡെസ്ക്

ആദ്യ തമിഴ് ചിത്രമായ ‘വീരധീരശൂരനി’ലെ വേഷം അപ്രതീക്ഷിതമായി ലഭിച്ച അവസരമെന്ന് സുരാജ് വെഞ്ഞാറമൂട്. ചിത്ത എന്ന സിനിമ കണ്ടശേഷം സംവിധായകനെ വിളിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് തനിക്ക് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ ഫോൺ കോൾ വരുന്നതെന്നും പുതിയ ചിത്രത്തിന്റെ കഥ കേൾക്കാമോയെന്നു തന്നോട് ചോദിക്കുന്നതെന്നും സുരാജ് പറയുന്നു.

വിക്രവും എസ് ജെ സൂര്യയും ഉൾപ്പെടുന്ന 18 മിനിറ്റ് സിംഗിൾ ഷോട്ടിൽ അഭിനയിച്ചത് ജീവിതത്തിലെ മറക്കാനാകാത്ത അനുഭവമാണെന്നാണ് സുരാജ് പറയുന്നത്. കഥ കേട്ടപ്പോൾ എങ്ങനെ ചെയ്യുമെന്ന ടെൻഷനുണ്ടായിരുന്നെങ്കിലും ഒപ്പം അഭിനയിച്ചപ്പോൾ എല്ലാവിധ പിന്തുണയും വിക്രവും മറ്റുളളവരും നൽകിയിരുന്നുവെന്നും ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ സുരാജ് പറഞ്ഞു.

''എനിക്ക് ഭയങ്കരമായി ഇഷ്ട്ടപ്പെട്ട ചിത്രമാണ് ചിത്ത. കുടുംബവുമായാണ് ചിത്ത കാണാൻ തീയേറ്ററിൽ പോയത്. എനിക്ക് പരിചയമുളള ചിലർ ആ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. അവർ വഴി സംവിധായകന്റെ നമ്പർ സംഘടിപ്പിച്ച് വിളിക്കണമെന്നൊക്കെ കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അരുൺ അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലേക്ക് എന്നെ വിളിക്കുന്നത്. അദ്ദേഹം കൊച്ചിയിൽ വന്നു, എന്നോട് കഥ പറഞ്ഞു. എസ് ജെ സൂര്യ, വിക്രം, ഞാൻ, ഞങ്ങൾ മൂന്നുപേരാണ് പ്രാധാന വേഷങ്ങളിൽ. കഥ കേട്ടിരുന്നു എന്നേയുളളൂ. ആദ്യ തമിഴ് ചിത്രമല്ലേ, എനിക്ക് ഭാഷ അത്ര ഫ്ലുവന്റ് അല്ല. അതുകൊണ്ടുകൂടി നല്ല ടെൻഷനുണ്ടായിരുന്നു. പക്ഷേ വളരെ രസകരമായിട്ട് സംവിധായകൻ ഓരോ കാര്യങ്ങളും പറഞ്ഞുതന്നു. നന്നായി വന്നിട്ടുണ്ടെന്നാണ് അവർ പറഞ്ഞത്,'' സുരാജ് പറയുന്നു.

എസ് ജെ സൂര്യക്കും വിക്രത്തിനുമൊപ്പം ചെയ്ത 18 മിനിറ്റ് സിംഗിൾ ഷോട്ട് എന്റെ ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. അവരുടെയൊക്കെ ഒപ്പം നിൽക്കുമ്പോൾ നമ്മൾ അറിയാതെ പലതും പഠിച്ചുപോകും. വിക്രം സർ മലയാളത്തിലാണ് നമ്മളോട് സംസാരിക്കുന്നത്. തമിഴ് ഭാഷ വല്യ വശമില്ലാത്ത എനിക്ക് ഡയലോഗ് പറയുമ്പോൾ സ്ലാങ് ശരിയാക്കിത്തന്നതൊക്കെ വിക്രം സാർ ആണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇനിയും പൂർത്തിയായിട്ടില്ല. റിലീസിനുവേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും സുരാജ് പറഞ്ഞു.

അരുൺ കുമാറിന്റെ സംവിധാനത്തിൽ വിക്രവും എസ് ജെ സൂര്യയുമൊന്നിക്കുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായാണ് സുരാജ് എത്തുന്നത്. ഇവരെ കൂടാതെ ദുഷാര വിജയൻ, സിദ്ദിഖ് എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സിനിമയിലെത്തി ഇരുപത്തിയഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴാണ് ‘വീര ധീര ശൂരനി’ലൂടെയുളള സുരാജ് വെഞ്ഞാറമൂടിന്റെ തമിഴ് അരങ്ങേറ്റം.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി