മകൻ ഗോകുൽ സുരേഷിന്റെ സിനിമ കരിയറിനെ കുറിച്ച് സംസാരിച്ച് നടനും മുൻ രാജ്യസഭ എംപിയുമായ സുരേഷ് ഗോപി. ഗോകുലിന് ഭാരമാകുന്ന നിലവാരത്തിൽ പോയ നടനല്ല താനെന്നും ഒരു നടനെന്ന നിലയിൽ ഗോകുലിന് സ്വാതന്ത്ര്യമുള്ള സ്‌പേസ് ഉണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
തന്റെ ഏറ്റവും പുതിയ സിനിമയായ ഗരുഡന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
'മോഹൻലാലിനെയോ മമ്മൂട്ടിയെപ്പോലെയോ മക്കൾക്ക് ഭാരമായ നിലവാരത്തിൽ പോയ നടനല്ല ഞാൻ. ഞാനൊരിക്കലും ഗോകുലിന് ബാലികേറാമലയല്ല. ഇത് തന്റെ സ്വന്തം അഭിപ്രായത്തിൽ സ്വന്തമായ വിലയിരുത്തലിൽ പറഞ്ഞാണെന്നും' സുരേഷ് ഗോപി പറഞ്ഞു. ഗോകുലിന്റെ പുതിയ സിനിമയായ കിങ് ഓഫ് കൊത്ത താൻ കണ്ടിട്ടില്ലെന്നും എന്നാൽ സിദ്ദീഖിനെ പോലുള്ള താരങ്ങൾ ചിത്രം കണ്ട് മികച്ച അഭിപ്രായമാണ് അറിയിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.
'അച്ഛൻ തന്റെ ഒരു സിനിമ കണ്ടുമാത്രമാണ് അഭിനന്ദിച്ചതെന്ന്' നേരത്തെ ഗോകുൽ സുരേഷ് ദ ഫോർത്തിനോട് പറഞ്ഞിരുന്നു. ഗഗനചാരി എന്ന റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ പ്രിവ്യു ഷോ കണ്ട ശേഷം You are a good actor man (നിങ്ങളൊരു മികച്ച അഭിനേതാവാണ്) എന്ന് പറഞ്ഞു. അത് വലിയ കാര്യത്തിലൊന്നുമല്ല അച്ഛൻ പറഞ്ഞത്. എങ്കിലും അതാണ് ഇതുവരെ അച്ഛൻ തന്നിട്ടുള്ള ഒരു അഭിനന്ദനം എന്നായിരുന്നു ഗോകുൽ പറഞ്ഞത്.
മറ്റ് സിനിമ ഇൻഡസ്ട്രി പോലെയല്ല മലയാളം ഇൻഡസ്ട്രി, നെപ്പോട്ടിസം കൊണ്ട് നമുക്ക് സിനിമയിൽ വരാനാകുമായിരിക്കും, പക്ഷേ നിലനിൽക്കാനാകില്ല. അങ്ങനെയുള്ള ബന്ധങ്ങൾ കൊണ്ട് ഒരടി കൂടുതൽ കിട്ടുമെന്നാണ് എന്റെ അനുഭവം, പ്രത്യേകിച്ച് മലയാള സിനിമയിലെന്നും ഗോകുൽ പറഞ്ഞിരുന്നു.
താൻ എന്തെങ്കിലും സഹായം ചോദിച്ചാൽ അച്ഛൻ ചെയ്യുമായിരിക്കും. പക്ഷേ ഞാൻ ഇവിടെ എന്റെ സ്വന്തമായൊരു ഇടം കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും ഗോകുൽ ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നവംബർ 3 നാണ് ഗരുഡൻ തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത് സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ഗരുഡന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.
വൻ താരനിരയും വലിയ മുതൽമുടക്കുമുള്ള ചിത്രത്തിൽ ജഗദിഷ്, സിദ്ദിഖ്, തലൈവാസൽ വിജയ്, അഭിരാമി, ദിലീഷ് പോത്തൻ, ദിവ്യ പിള്ള, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്‌സ് ജോസ് എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ഛായാഗ്രഹണം.