സൂര്യ 42ന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് . ചിത്രത്തിന്റെ അവസാന ഷെഡ്യൂളിന് ഇന്ന് ചെന്നൈയിൽ തുടക്കമായി. ഒരാഴ്ച നീണ്ടു നിൽക്കുന്ന ഷൂട്ടിനായി വമ്പൻ സെറ്റാണ് ചെന്നൈയിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിന്റെ ആകൃതിയിലുള്ള സെറ്റിൽ സംഘട്ടന രംഗങ്ങളായിരിക്കും ചിത്രീകരിക്കുക. ഒന്നിലധികം ഷെഡ്യൂളുകൾ നേരത്തേ പൂർത്തിയാക്കിയതായി നിർമാതാക്കൾ പറഞ്ഞിരുന്നു.
സിനിമയിൽ ഇതുവരെ പ്രേക്ഷകർ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങളും യുദ്ധ രംഗങ്ങളുമാണ് ഒരുക്കുന്നത്. ഇതിനായി ശാരീരികമായുള്ള തയ്യാറെടുപ്പിലാണ് സൂര്യ. പീരിയോഡിക് ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദിഷ പതാനിയാണ്. തമിഴിലേക്കുള്ള ദിഷയുടെ അരങ്ങേറ്റം കൂടിയാണ് ചിത്രം. ആയോധന കലകൾ അഭ്യസിക്കുന്ന ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയയിലൂടെ ദിഷ പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ഷെഡ്യൂളിൽ താരം ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന.
സിരുത്തൈ സിവയും സൂര്യയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണ് സൂര്യ42. വർഷാവസാനത്തോടെ ചിത്രം റിലീസാകുമെന്നാണ് പ്രതീക്ഷ. സൂര്യ42 എന്നത് ചിത്രത്തിന് താൽക്കാലികമായി നൽകിയ പേരാണ്. ഇത് മാറ്റി പ്രഖ്യാപിച്ചുകൊണ്ടുള്ള വാർത്തകൾ ഉടനെ ഉണ്ടാകുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. 3ഡിയിലും 2ഡിയിലുമായി ഒരുങ്ങുന്ന ചിത്രം 13 ഭാഷകളിലായി ഇറക്കാനാണ് നിർമാതാക്കൾ തീരുമാനിച്ചിരിക്കുന്നത്.