'കൈതി 2' വിൽ റോളക്‌സ് ഉണ്ടാവുമോ? ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായി നടൻ സൂര്യ. കാർത്തി നായകനായ 'കൈതി' ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമായിരുന്നു. രണ്ടാമത്തെ ചിത്രമായ വിക്രത്തിൽ റോളക്സ് എന്ന കഥാപാത്രമായി സൂര്യയും എത്തിയിരുന്നു. പിന്നാലെ കൈതി 2 വരുമ്പോൾ കാർത്തിയും സൂര്യയും ഒന്നിച്ചെത്തുമോ എന്ന സംശയമാണ് ആരാധകരിൽ. തന്റെ പുതിയ ചിത്രമായ 'കങ്കുവ'യുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ ആരാധകരുടെ ഈ സംശയത്തിന് മറുപടി പറയുകയാണ് സൂര്യ.
'ഒരു ദിവസത്തിന്റെ പകുതി മാത്രമായിരുന്നു റോളക്‌സിന്റേതായി വേണ്ടി വന്നത്. പക്ഷേ റോളക്സിന് ഇത്രമാത്രം ആരാധക സ്നേഹം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. വിക്രത്തിന് ശേഷം ഒരു ദിവസം ഞാൻ ലോകേഷിനെ കണ്ടപ്പോൾ എന്തു കൊണ്ട് റോളക്സിനെ മാത്രം വച്ചു കൊണ്ട് ഒരു സിനിമ ചെയ്തു കൂടാ എന്ന് അദ്ദേഹം ചോദിച്ചു. അതുമായി ബന്ധപ്പെട്ടുളള ചർച്ചകളും ഞങ്ങൾക്കിടയിൽ നടന്നിരുന്നു. ഞങ്ങൾ രണ്ടുപേരുടേയും മറ്റുപല കമ്മിറ്റ്മെന്റുകളുടെയും പേരിലാണ് ഈ പ്രൊജക്ട് നീണ്ടു പോകുന്നത്. മാത്രമല്ല റോളക്സിനൊപ്പം ഇരുമ്പുകൈ മായാവിയും ഞങ്ങൾ ആലോചിക്കുന്നുണ്ട്. ഇതിൽ ഏതെങ്കിലും ഒന്ന് സംഭവിക്കുമെന്നാണ് പ്രതീക്ഷ. ഏത് ആദ്യം, എപ്പോൾ സംഭവിക്കുമെന്ന് കണ്ടറിയാം.' സൂര്യ പറയുന്നു
വിക്രത്തിന് ശേഷം ഒരു ദിവസം ഞാൻ ലോകേഷിനെ കണ്ടപ്പോൾ എന്തുകൊണ്ട് റോളക്സിനെ മാത്രം വച്ചുകൊണ്ട് ഒരു സിനിമ ചെയ്തുകൂടാ എന്നദ്ദേഹം ചോദിച്ചു.സൂര്യ
ശിവയുടെ സംവിധാനത്തിൽ സൂര്യ നായകനായി എത്തുന്ന ഫാന്റസി-ആക്ഷൻ ചിത്രം 'കങ്കുവ' നവംബർ 14 നാണ് തിയേറ്ററുകളിൽ എത്തുന്നത്. സൂര്യയുടെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണിത്. ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നതെന്ന പ്രത്യേകതയും കങ്കുവയ്ക്കുണ്ട്. പീരിയോഡിക് 3D ചിത്രമായെത്തുന്ന കങ്കുവാ പത്ത് ഭാഷകളിലായാണ് റിലീസിനെത്തുന്നത്. ബോബി ഡിയോൾ, ദിഷാ പഠാണി എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആദി നാരായണയുടെ തിരക്കഥയ്ക്ക് മദൻ കർക്കിയാണ് സംഭാഷണമെഴുതുന്നത്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനവും വെട്രി പളനിസാമി ഛായാഗ്രഹണവും നിർവ്വഹിക്കുന്ന ചിത്രത്തിൽ വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന നിർവ്വഹിക്കുന്നത്. കങ്കുവയ്ക്കുശേഷം പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കാർത്തിക് സുബ്ബാരാജാണ് സംവിധാനം ചെയ്യുന്നത്. 'സൂര്യ 44' എന്ന് താത്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും സൂര്യ പൂർത്തിയാക്കിയിട്ടുണ്ട്.