മഹാഭാരതം സിനിമയാകുന്നത് വീണ്ടും ചർച്ചയാകുന്നു. തെന്നിന്ത്യൻ താരം സൂര്യ കർണനാകുമെന്നാണ് റിപ്പോർട്ടുകൾ. രംഗ് ദേ ബസന്തിയുടെ സംവിധായകൻ രാകേഷ് ഓംപ്രകാശ് മെഹ്റയാകും സിനിമ സംവിധാനം ചെയ്യുകയെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല
കർണൻ ആകാനുള്ള സൂര്യയുടെ താൽപര്യം മനസിലാക്കിയാണ് രാകേഷ് ഓംപ്രകാശ് മെഹ്റ ചിത്രത്തെ കുറിച്ചുള്ള ആലോചന തുടങ്ങിയതെന്നാണ് സൂചന. സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാകും ഈ സിനിമ.
നിലവിൽ ശിവയുടെ പീരിയോഡിക് സിനിമ കങ്കുവയുടെ ചിത്രീകരണത്തിലാണ് സൂര്യ. ഈ ചിത്രം പൂർത്തിയായാൽ ഉടൻ രാകേഷ് ഓംപ്രകാശ് ചിത്രം ആരംഭിക്കുമെന്നുമാണ് റിപ്പോർട്ടുകൾ
നേരത്തെ ആർ എസ് വിമലിന്റെ സംവിധാനത്തിൽ വിക്രത്തെ നായകനാക്കി മഹാവീർ കർണൻ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. 2019 ൽ പ്രഖ്യാപിച്ച മഹാവീർ കർണന്റെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ചു. പിന്നീട് ഇതുവരെ ചിത്രീകരണം തുടങ്ങാനുമായിട്ടില്ല. കർണൻ ഉപേക്ഷിച്ചിട്ടില്ലെന്ന് അടുത്തിടെ വിക്രവും ആർ എസ് വിമലും പ്രതികരിച്ചെങ്കിലും സിനിമ നടക്കുമോയെന്ന് ഇപ്പോഴും ഉറപ്പില്ലെന്നാണ് ആരാധകരുടെ പ്രതികരണം
ഇതിനിടെയാണ് സൂര്യയെ നായകനാക്കി കർണനെ വെള്ളിത്തിരിയിലെത്തിക്കാനുള്ള രാകേഷ് ഓംപ്രകാശ് മെഹ്റയുടെ ശ്രമം. ചെന്നൈയിൽ സ്ഥിര താമസമാക്കിയിരുന്നു സൂര്യയും കുടുംബവും അടുത്തിടെ മുംബൈയിലേക്ക് താമസം മാറ്റിയിരുന്നു. സൂര്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടി മുന്നിൽ കണ്ടാണ് താമസം മാറിയതെന്ന സൂചനകളും നേരത്തെ പുറത്തുവന്നിരുന്നു. ആ സൂചനകളെ സാധൂകരിക്കുന്നതാണ് പുതിയ റിപ്പോർട്ടുകൾ.