തിരിച്ചുവരവിനൊരുങ്ങി സൂര്യവംശത്തിലെ ബാലതാരം ആനന്ദ് വർധൻ. തെലുങ്ക് ചിത്രത്തിൽ നായകനായാണ് മടങ്ങിവരവ്. 12 വർഷത്തിന് ശേഷമാണ് ആനന്ദ് വർധൻ സിനിമയിലേക്കെത്തുന്നത്. 97 ൽ പുറത്തിറങ്ങിയ സൂര്യവംശം തമിഴ്നാട്ടിൽ സൂപ്പർഹിറ്റായിരുന്നു. തുടർന്ന് മറ്റ് ഭാഷകളിൽ ചിത്രം റീമേക്ക് ചെയ്തപ്പോൾ ഹിന്ദിയിൽ അമിതാഭ് ബച്ചന്റേയും തെലുങ്കിൽ വെങ്കിടേഷിന്റെ ചെറുമകനായുമാണ് ആനന്ദ് അഭിനയിച്ചത്
ഒരു തെലുങ്ക് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ആനന്ദ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിർമ്മാതാക്കൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. തെലുങ്ക് സിനിമയിൽ 3000- ലധികം ഗാനങ്ങൾ ആലപിച്ച ഗായകൻ പി ബി ശ്രീനിവാസിന്റെ ചെറുമകനാണ് ആനന്ദ് . 1997-ലെ പുറത്തിറങ്ങിയ ആദ്യ ചിത്രം പ്രിയരാഗലുവിലെ അഭിനയത്തിന് തന്നെ മികച്ച ബാലതാരത്തിനുള്ള ആന്ധ്രപ്രദേശ് സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട് ആനന്ദ് . 20 ഓളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ആനന്ദ് പഠനത്തിനായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു . പഠനം പൂർത്തിയാക്കി ആനന്ദ് എൻജിനീയർ ബിരുദം കരസ്ഥമാക്കിയ ശേഷമാണ് സിനിമയിലേക്ക് മടങ്ങി വരുന്നത്.
1990 കളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായിരുന്ന ബാലതാരമായിരുന്നു ആനന്ദ് വർധൻ. പ്രിയരാഗലു , മാനസന്ത നുവ്വേ, പെല്ലി പെട്ടാല, പ്രേമിച്ചുകുന്ദരാ എന്നിവയാണ് ബാലതാരമായി എത്തിയ പ്രധാന ചിത്രങ്ങൾ.