തമിഴ് സിനിമാ മേഖലയെ നിയന്ത്രിക്കുന്നത് കുറച്ചാളുകളാണെന്ന ആരോപണവുമായി നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍. കുറച്ചു പേര്‍ വിചാരിക്കുന്നതിനനുസരിച്ചാണ് കോളിവുഡിൽ കാര്യങ്ങൾ നടക്കുന്നതെന്ന് ലക്ഷ്മി രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി. 'ആര്‍ യു ഒകെ ബേബി' എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി രാമകൃഷ്ണന്റെ പരാമർശം
''തമിഴ് സിനിമ ലോകം കുറച്ചാളുകളാണ് ഭരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ഒരു സിനിമ വിജയിക്കണമോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കുക. ചില സിനിമകളെ മാത്രമേ അവര്‍ പ്രോത്സാഹിപ്പിക്കുകയുള്ളൂ. തമിഴ് സിനിമയയോട് കാണിക്കുന്ന പക്ഷപാതപരമായ നിലപാടാണിത്. എല്ലാ പ്രേക്ഷകരിലേക്ക് എത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മലയാള സിനിമകളെ പോലെ നമുക്കും നല്ല സിനിമകളുണ്ടാകുകയുള്ളൂ'' എന്നായിരുന്നു ലക്ഷ്മിയുടെ വാക്കുകള്‍
2019 ല്‍ പുറത്തിറങ്ങിയ ഹൗസ് ഹോണര്‍ ആണ് ലക്ഷ്മി രാമകൃഷ്ണന്‍ സംവിധാനം ചെയ്ത ഒടുവിലത്തെ ചിത്രം. വൃദ്ധദമ്പതികളുടെ കഥ പറയുന്ന ചിത്രം വലിയ പ്രേക്ഷക പിന്തുണ നേടിയിരുന്നു. എന്നാല്‍ അതിനു ശേഷമുള്ള കാലഘട്ടത്തില്‍ വലിയ പ്രയാസങ്ങള്‍ നേരിട്ടുവെന്ന് തുറന്നു പറയുകയായിരുന്നു ലക്ഷ്മി രാമകൃഷ്ണൻ.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഒക്കെ ബേബിയുടെ തിരക്കഥ പൂര്‍ത്തിയായെന്നും പുതിയ ചിത്രം ഹൃദയത്തോടേ അടുത്തു നില്‍ക്കുന്നതാണെന്നും ലക്ഷ്മി പറയുന്നു. ചുറ്റുമുള്ള മനുഷ്യരില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് എല്ലാ സിനിമകളും എഴുതാറുള്ളത്. ഒരു വയസുള്ള പെണ്‍കുട്ടിയും അവള്‍ക്ക് ചുറ്റും നടക്കുന്ന കുറ്റകൃത്യങ്ങളുമാണ് ആര്‍ യു ഒ കെ ബേബിയുടെ പ്രമേയം .
സിനിമ വാണിജ്യവത്കരിക്കുന്ന കാലഘട്ടത്തില്‍ വേറിട്ടു നില്‍ക്കാണ് ആഗ്രഹിക്കുന്നതെന്നും ലക്ഷ്മി പറയുന്നു . വാണിജ്യ മൂല്യമുള്ള നല്ല സിനിമകള്‍ എന്ന ആശയമാണ് വരേണ്ടതെന്നും സംവിധായിക അഭിപ്രായപ്പെട്ടു. താരങ്ങളുടെ ഡേറ്റിന് വേണ്ടി സംവിധായകര്‍ കാത്തിരിക്കുന്നത് രീതിയോട് വിയോജിപ്പുണ്ടെന്നും എത്രയും പെട്ടന്ന് സിനിമ ആരംഭിക്കുകയെന്നതിനാണ് എപ്പോഴും പ്രധാന്യം നൽകുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.
തമിഴ്‌സിനിമാ മേഖലയിലും മലയാള സിനിമയും ഒരു പോലെ തിളങ്ങിയ താരമാണ് ലക്ഷ്മി രാമകൃഷ്ണന്‍. നടിയായി കരിയര്‍ ആരംഭിച്ച ലക്ഷ്മി സംവിധായിക , നിര്‍മാതാവ് , ടി വി അവതാരക എന്ന നിലയിലും പ്രശസ്തി നേടി. സെല്‍വതല്ലാം ഉൺമയ് എന്ന ടി വി ഷോയിലൂടെ കുടുംബ പ്രേക്ഷകർക്കും സുപരിചിതയാണ് ലക്ഷ്മി