യുവാക്കളുടെ പ്രിയ സംഗീക സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ആദ്യ മലയാള ഗാനം റിലീസായി. ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീത സംവിധാനത്തിൽ അനിരുദ്ധ് ആലപിച്ച 'ടട്ട ടട്ടര' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. കല്യാണി പ്രിയദർശനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ മനു സി കുമാർ സംവിധാനം ചെയ്യുന്ന 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചിത്രത്തിലേതാണ് ഗാനം. തിങ്ക് മ്യൂസിക്കാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗാനത്തിന്റെ രസകരമായ ടീസർ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. സംവിധായകൻ മനു സി കുമാറും ഹിഷാമും ഗാനരചയിതാവ് സുഹൈൽ കോയയും ഒരുമിച്ചിരുന്ന് സംസാരിക്കുന്നതായിരുന്നു വീഡിയോ.
സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്താന കൃഷ്ണൻ രവിചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദി റൂട്ട്, പാഷൻ സ്റ്റുഡിയോസ് എന്നിവരുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് നിർമാണം.