മലയാളത്തിലും തെലുങ്കിലും ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ഭാവന സ്റ്റുഡിയോസ് നിർമിച്ച 'പ്രേമലു' തമിഴിലും റിലീസിന് ഒരുങ്ങുകയാണ്. ഡിഎംകെ നേതാവും അഭിനേതാവും നിർമാതാവുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസാണ് സിനിമ തമിഴിൽ അവതരിപ്പിക്കുന്നത്. ബീസ്റ്റ്, വിക്രം, പൊന്നിയിന്‍ സെല്‍വന്‍, വാരിസ്, തുനിവ്, ലാല്‍ സലാം തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്റ് മൂവീസ് ഇതാദ്യമായാണ് ഒരു മലയാള ചിത്രത്തിന്റെ വിതരണം ഏറ്റെടുക്കുന്നത്. മാര്‍ച്ച് 15-നാണ് ചിത്രത്തിന്റെ തമിഴ് പതിപ്പ് പുറത്തിറങ്ങുക.
അതേസമയം കമൽ ഹാസൻ ചിത്രം ഗുണയെ പരാമർശിക്കുന്ന, കൊടൈക്കനാലിന്റെ പശ്ചാത്തലത്തിലൊരുക്കിയ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സ് തമിഴ്‌നാട്ടിലെ ഉജ്ജ്വല വിജയത്തിന് ശേഷം തെലുങ്കിലേക്ക് കൂടി അവതരിപ്പിക്കുകയാണ് അണിയറപ്രവർത്തകർ. മാർച്ച് 29ന് സിനിമ തെലുങ്കിൽ ഇറങ്ങുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.
മാർച്ച് 8ന് പുറത്തിറങ്ങിയ പ്രേമലുവിന്റെ തെലുങ്ക് പതിപ്പ് മികച്ച അഭിപ്രായവുമായി പ്രദർശനം തുടരുകയാണ്. ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്ക്കരന്‍, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ്. പ്രശസ്ത സംവിധായകന്‍ എസ് എസ് രാജമൗലിയുടെ മകന്‍ എസ് എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് പ്രേമലുന്റെവിന്റ തെലുങ്ക് റൈറ്റ്സ് സ്വന്തമാക്കിയിരുന്നത്.
റൊമാന്റിക് കോമഡി എന്റർടൈനറായി കണക്കാക്കുന്ന സിനിമയിൽ നസ്ലനും മമിത ബൈജുവുമാണ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരും അണിനിരക്കുന്നു. ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഗണപതിയുമുൾപ്പെടുന്ന യുവാക്കളുടെ നിര തന്നെയുണ്ട്. ഇതിനു മുമ്പ് മലയാളത്തിൽ നിന്ന് സമാനമായി ആദ്യം തമിഴിലും പിന്നീട് തെലുങ്കിലും വലിയ വിജയമായി മാറിയ മറ്റൊരു സിനിമ പ്രേമമാണ്. പ്രേമത്തിന് ശേഷം മറ്റുരണ്ട്‍ മലയാളം സിനിമകൾ കൂടി തെക്കേ ഇന്ത്യയിൽ തരംഗമാവുകയാണിപ്പോൾ.