ENTERTAINMENT

നാഗചൈതന്യ-സമാന്ത വിവാഹമോചനം: വിവാദ പ്രസ്താവനയിൽ പുലിവാല് പിടിച്ച് തെലങ്കാന മന്ത്രി കൊണ്ട സുരേഖ, ഒടുവിൽ മാപ്പ്; രാമറാവുവിനെതിരായ പരാർമശം പിൻവലിക്കില്ല

എന്റർടെയ്ൻമെന്റ് ഡെസ്ക്

നാ​ഗചൈതന്യ-സമാന്ത റൂത്ത് പ്രഭു വിവാഹമോചന വിഷയത്തിൽ ഭാരത രാഷ്ട്ര സമിതി (ബി ആർ എസ്) നേതാവ് കെ ടി രാമറാവുവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ പുലിവാല് പിടിച്ചിരിക്കുകയാണ് തെലങ്കാന മന്ത്രി കൊണ്ട സുരേഖ. താരങ്ങളോടും അവരുടെ കുടുംബങ്ങളോടും മന്ത്രി മാപ്പ് പറഞ്ഞെങ്കിലും മന്ത്രി ഉയർത്തിയ വിവാദം കെട്ടടങ്ങിയിട്ടില്ല. മന്ത്രിക്കെതിരെ നാ​ഗചൈതന്യയ്ക്കും സാമന്തയ്ക്കും നാഗാർജുനും പുറമെ തെലുങ്കിലെ മറ്റു പ്രമുഖ താരങ്ങളും രംഗത്തുവന്നിരിക്കുകയാണ്.

നാ​ഗചൈതന്യയും സമാന്തയും വേർപിരിഞ്ഞതിനും സിനിമാ മേഖലയിൽനിന്ന് നടിമാർ മാറി നിൽക്കുന്നതിനുമെല്ലാം കാരണം കെ ടി രാമറാവു ആണെന്നായിരുന്നു മന്ത്രി കൊണ്ട സുരേഖയുടെ പരാമർശം. മന്ത്രിയുടെ ആരോപണം തെലുങ്ക് സിനിമാ മേഖലയിൽ വലിയ ചർച്ചകൾക്കാണു വഴിവെച്ചത്. വലിയ വിമർശനം ഉയർന്നതോടെ നാ​ഗചൈതന്യയോടും സാമന്തയോടും മന്ത്രി ക്ഷമ ചോദിച്ചു. പക്ഷേ രാമറാവുവിനെതിരെ ഉന്നയിച്ച ആരോപണത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്ന നിലപാടിലാണു മന്ത്രി.

‘'കെടിആർ മയക്കുമരുന്ന് മാഫിയയിൽ പെട്ട വ്യക്തിയാണ്. സിനിമാ മേഖലയിലെ പലർക്കും അദ്ദേഹം മയക്കുമരുന്ന് എത്തിച്ചുനൽകാറുണ്ട്. ഇദ്ദേഹത്തിന്റെ ശല്യം സഹിക്കാൻ കഴിയാനാവാതെ പല നടിമാരും അഭിനയം നിർത്തിയതായി എനിക്കറിയാം. കെടിആറിനെ നേരിൽ കാണാൻ തന്റെ മകന്റെ ഭാര്യയായ സമാന്തയോട് നാഗാർജുന ആവശ്യപ്പെട്ടിരുന്നു. അവർ അതിന് വിസമ്മതിച്ചതിനെത്തുടർന്നുണ്ടായ പ്രശ്‌നങ്ങളാണ് നാഗ ചൈതന്യയും സമാന്ത റുത്ത് പ്രഭുവും തമ്മിൽ വേർപിരിയാനിടയായത്,''. എന്നായിരുന്നു കൊണ്ട സുരേഖയുടെ പരമാർശം.

മന്ത്രിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നായിരുന്നു നാ​ഗചൈതന്യയുടെ പ്രതികരണം. മന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളിൽനിന്ന് ഇത്തരുമൊരു പരമാർശം അപ്രതീക്ഷിതമാണെന്നും വളരെ മോശമായിപ്പോയെന്നും വാദങ്ങളെല്ലാം തീർത്തും വാസ്തവവിരുദ്ധമാണെന്നുമായിരുന്നു നാഗാർജുനയുടെ പ്രതികരണം.

'‘ഏറെ ആലോചിച്ചും ചർച്ച ചെയ്തും ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നത്. അതൊട്ടും എളുപ്പമായിരുന്നില്ലെന്നു മാത്രമല്ല ഏറെ നിർഭാഗ്യകരവും അത്രതന്നെ വേദന തരുന്ന കാര്യവുമാണ്. അത് തീർത്തും ഞങ്ങളുടെ മാത്രം ശരിയുമായിരുന്നു. വിവാഹമോചനത്തിനുശേഷം ഒരുപാട് കിംവദന്തികളും വാസ്തവ വിരുദ്ധമായ കാര്യങ്ങളും ഇതിന്റെ പേരിൽ പ്രചരിച്ചു. ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഒന്നിനോടും ഇതുവരെ പ്രതികരിക്കാതിരുന്നത് സമാന്തയെയും അവരുടെ കുടുംബത്തെയും ഞാൻ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമാണ്. പക്ഷേ ഇപ്പോൾ വന്നിരിക്കുന്ന മന്ത്രി കൊണ്ട സുരേഖയുടെ പരമാർശം വാസ്തവവിരുദ്ധമാണെന്ന് മാത്രമല്ല, വ്യക്തിഹത്യ കൂടിയാണ്. മാധ്യമശ്രദ്ധയ്ക്കുവേണ്ടി സെലിബ്രിറ്റികളുടെ വ്യക്തിജീവിതത്തെക്കുറിച്ച് എന്തും പറയാം എന്നത് അങ്ങേയറ്റം തരംതാഴ്ന്ന പ്രവൃത്തിയാണ്,’' നാ​ഗചൈതന്യ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മന്ത്രിമാർ കുറച്ച് കൂടി ഉത്തരവാദിത്ത ബോധമുളളവരാവണമെന്നും വ്യക്തികളുടെ സ്വകാര്യതയെ മാനിക്കണമെന്നുമായിരുന്നു വിഷയത്തിൽ സാമന്തയുടെ പ്രതികരണം.

''സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനമോ അം​ഗീകാരമോ പലപ്പോഴും കിട്ടാത്ത മേഖലയാണ് സിനിമ. ഇവിടെ അതിജീവിച്ചുപോവുകയെന്നതുതന്നെ ദുഷ്കരമാണ്. ഇങ്ങനൊരിടത്തു നിന്നുകൊണ്ട്, പ്രണയത്തിലാകാനും അതിൽനിന്ന് പുറത്തുവരാനും തലകുനിക്കാതെ പോരാടാനുമെല്ലാം കഴിയുകയെന്നത് നിസ്സാര കാര്യമല്ല. വലിയ ധൈര്യവും മനക്കരുത്തും വേണം. ഈ യാത്ര എന്നെ എങ്ങനെ പരുവപ്പെടുത്തിയെന്നോർക്കുമ്പോൾ എന്ക്ക് അഭിമാനമാണ്. ബഹുമാനപ്പെട്ട കൊണ്ട സുരേഖ, നിങ്ങളതിനെ ഇത്ര നിസാരമായി കാണരുത്. മന്ത്രിയെന്ന നിലയിൽ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ അനേകം ആളുകളാണുളളത്. അതിന്റെ ​ഗുണവും ദോഷവും നിങ്ങൾക്കറിയാമെന്ന് ഞാൻ കരുതുന്നു. വ്യക്തികളുടെ സ്വകാര്യതയെ ബഹുമാനിക്കാനും കുറച്ച് കൂടി ഉത്തരവാദിത്ത ബോധത്തോടെ പെരുമാറാനും നിങ്ങൾ തയ്യാറാകണമെന്ന് ഞാൻ അഭ്യർഥിക്കുകയാണ്,'' സമാന്ത ഇൻസ്റ്റ​ഗ്രാമിലൂടെ പ്രതികരിച്ചു.

നാ​ഗചൈതന്യയും സമാന്തയും രൂക്ഷമായി പ്രതികരിച്ചതിനുപിന്നാലെയാണ് ഇരുവരോടും കുടുംബങ്ങളോടും ക്ഷമ ചോദിക്കുന്നതായി മന്ത്രി അറിയിച്ചത്. പൊതുസമൂഹത്തിൽ ഇവരുടെ പേരുകൾ ചർച്ചയാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്ന് അറിയിച്ച മന്ത്രി പക്ഷേ, പറഞ്ഞ കാര്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പരാമർശത്തിനെതിരെ നാഗചൈതന്യയുടെ പിതാവും മുതിർന്ന നടനുമായ നാഗാർജുനയും രംഗത്തെത്തി. "മന്ത്രി കൊണ്ട സുരേഖയുടെ പരാമർശത്തെ ശക്തമായി അപലപിക്കുന്നു. നിങ്ങളുടെ എതിരാളികളെ വിമർശിക്കുന്നതിന് രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കുന്ന സിനിമാ താരങ്ങളുടെ ജീവിതം ഉപയോഗിക്കരുത്. ദയവായി മറ്റുള്ളവരുടെ സ്വകാര്യതയെ മാനിക്കുക. ഉത്തരവാദിത്തമുള്ള സ്ഥാനത്തിരിക്കുന്ന ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളുടെ അഭിപ്രായങ്ങൾ, ഞങ്ങളുടെ കുടുംബത്തിനെതിരായ ആരോപണങ്ങൾ പൂർണമായും അപ്രസക്തമാണ്, പരാമർശങ്ങൾ ഉടൻ പിൻവലിക്കാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം എക്സിൽ കുറിച്ചു.

മന്ത്രിയുടെ പരാമർശനത്തിനെതിരെ ചിരഞ്ജീവി, ജൂനിയർ എൻടിആർ, അല്ലു അർജുൻ, നാനി തുടങ്ങിയ താരങ്ങളും രംഗത്തെത്തി.

മന്ത്രിയുടെ അപകീർത്തികരമായ പരാമർശത്തിൽ അങ്ങേയറ്റം വേദനയുണ്ടെന്ന് നടൻ ചിരഞ്ജീവി എക്‌സ് പോസ്റ്റിൽ പറഞ്ഞു. ''ഞങ്ങളുടെ അംഗങ്ങൾക്കു നേരെയുള്ള ഇത്തരം ഹീനമായ വാക്കാലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിൽ ചലച്ചിത്ര വ്യവസായം എന്ന നിലയിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു," ചിരഞ്ജീവി പറഞ്ഞു.

വ്യക്തിജീവിതം രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് ഒരു പുതിയ അധപതനമാണെന്നു ജൂനിയർ എൻടിആർ കുറിച്ചു. "പൊതു വ്യക്തികൾ, പ്രത്യേകിച്ച് നിങ്ങളെപ്പോലുള്ള ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലുള്ളവർ, അന്തസ്സും സ്വകാര്യതയോടുള്ള ബഹുമാനവും കാത്തുസൂക്ഷിക്കണം. അടിസ്ഥാനരഹിതമായ പ്രസ്താവനകൾ പ്രത്യേകിച്ച് സിനിമാ വ്യവസായത്തെക്കുറിച്ച് അശ്രദ്ധമായി പുറപ്പെടുവിക്കുന്നത് നിരാശാജനകമാണ്," അദ്ദേഹം എക്സിൽ കുറിച്ചു.

മന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം അനാദരവോടെയുള്ളതും തെലുങ്ക് സംസ്കാരത്തിൻ്റെ മൂല്യങ്ങൾക്കു വിരുദ്ധവുമാണെന്ന് അല്ലു അർജുൻ പറഞ്ഞു. നിരുത്തരവാദപരമായ ഇത്തരം പ്രവൃത്തികൾ അംഗീകരിക്കപ്പെടാൻ പാടില്ല. കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. ആളുകളെ വ്യക്തിപരമായ സ്വകാര്യതയെ മാനിക്കണം. സ്ത്രീകളോടുള്ള ബഹുമാനവും അവരുടെ അന്തസ്സും സമൂഹം മൊത്തത്തിൽ പ്രോത്സാഹിപ്പിക്കണമെന്നും അല്ലു അർജുൻ എക്സിൽ കുറിച്ചു.

എന്ത് വിഡ്ഢിത്തവും പറഞ്ഞ് രക്ഷപ്പെടാമെന്ന് രാഷ്ട്രീയക്കാർ കരുതുന്നത് വെറുപ്പുളവാക്കുന്നതായി നടൻ നാനി പറഞ്ഞു. "നിങ്ങളുടെ വാക്കുകൾ വളരെ നിരുത്തരവാദപരമാകുമ്പോൾ, ജനങ്ങളോട് നിങ്ങൾക്ക് എന്തെങ്കിലും ഉത്തരവാദിത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് വിഡ്ഢിത്തമാണ്. ഇത് അഭിനേതാക്കളെയോ സിനിമയെയോ ഒരു രാഷ്ട്രീയ പാർട്ടിയെയാ മാത്രം ബന്ധപ്പെട്ട കാര്യമല്ല. മാധ്യമങ്ങൾക്ക് മുന്നിൽ ഇത്തരം അടിസ്ഥാനരഹിതമായ കാര്യങ്ങൾ സംസാരിക്കുന്ന നിലപാട് മാന്യതയുള്ള ഒരാൾക്ക് ചേർന്നതല്ല. നമ്മുടെ സമൂഹത്തെ മോശമായി പ്രതിഫലിപ്പിക്കുന്ന ഇത്തരം നടപടികളെ നാമെല്ലാവരും അപലപിക്കണം,'' നാനി എക്സിൽ കുറിച്ചു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി തെറ്റായ വിവരണങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നു വെന്നത് നിരാശാജനകമാണെന്ന് നടനും മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ പ്രസിഡൻ്റുമായ വിഷ്ണു മഞ്ചു പറഞ്ഞു. സ്വന്തം പ്രിയപ്പെട്ടവരെ ലക്ഷ്യംവെയ്ക്കുന്നതിനെ അവരുടെ വ്യക്തിജീവിതത്തെ അടിസ്ഥാനരഹിതമായ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതിനോ ആരും അംഗീകരിക്കുന്നില്ല. അതേ അന്തസ്സ് തങ്ങൾക്കും നൽകണമെന്നും അദ്ദേഹം പറഞ്ഞു.

ബിആർഎസ് നേതാവും മുൻ മന്ത്രിയുമായ കെടി രാമറാവു നടിമാരുടെ ഫോൺ ചോർത്തുകയും അവരെ ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തുവെന്നായിരുന്നു മന്ത്രി സുരേഖയുടെ ആരോപണം. മന്ത്രിയായിരുന്ന രാമറാവു അക്കാലത്ത് നടിമാരുടെ ഫോൺ തപ്പിയ ശേഷം അവരുടെ ബലഹീനതകൾ കണ്ടെത്തി ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നുവെന്നും സുരേഖ ആരോപിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രാമറാവുവും രംഗത്തെത്തിയിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഈ പ്രസ്താവന പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നാണ് കെടിആർ പ്രതികരിച്ചത്.

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു

WTC 2023-25 | അവശേഷിക്കുന്നത് എട്ട് മത്സരങ്ങള്‍, പട്ടികയില്‍ ഒന്നാമത്; ഫൈനലുറപ്പിക്കാൻ ഇന്ത്യയ്ക്കാകുമോ?

ഗാസയിലെ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് മൂന്നുമാസം മുന്‍പ്

ഇന്ത്യയെ ആശങ്കയിലാക്കുന്ന പശ്ചിമേഷ്യൻ സംഘർഷം; ഇറാൻ- ഇസ്രയേൽ യുദ്ധത്തിന്റെ അനന്തരഫലങ്ങളെന്ത്?