തമിഴ് സിനിമയിൽ ആരാണ് ഒന്നാം സ്ഥാനത്ത് എന്ന ചോദ്യം ഇടയ്ക്കിടെ ഉയരാറുണ്ട്. എന്നാൽ ഈ സംശയങ്ങൾ എല്ലാം അവസാനിപ്പിക്കാമെന്നാണ് 2023 ന്റെ അവസാന ലാപ്പിൽ എത്തുമ്പോൾ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരാധകരുടെ സ്വന്തം ദളപതി വിജയ് തന്നെയാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഒരൊറ്റ വർഷം മാത്രം ആയിരം കോടി രൂപയിലധികമാണ് തമിഴില്‍ വിജയ് ചിത്രങ്ങളിലൂടെ ഉണ്ടായിരിക്കുന്നത്.
രണ്ട് ചിത്രങ്ങളായിരുന്നു വിജയ്‌യുടെതായി 2023 ൽ തിയേറ്ററിൽ എത്തിയത്. വർഷത്തിന്റെ തുടക്കത്തില്‍ വംശി സംവിധാനം ചെയ്ത വാരിസ് ആയിരുന്നു വിജയ്‌യുടെതായി റിലീസ് ചെയ്ത ആദ്യ ചിത്രം. മോശം അഭിപ്രായമായിരുന്നെങ്കിലും 310 കോടി രൂപയായിരുന്നു ചിത്രം കളക്ട് ചെയ്തത്. ഇതിന് പുറമെ ചിത്രത്തിന്റെ ഓഡിയോ വീഡിയോ റൈറ്റുകളും ഒടിടി - സാറ്റ്‌ലൈറ്റ് റൈറ്റുകളും റെക്കോർഡ് തുകയ്ക്കായിരുന്നു വിറ്റു പോയത്.
2023 ഒക്ടോബറിൽ റിലീസ് ചെയ്ത ലിയോ തമിഴ് സിനിമയിൽ തന്നെ പുതിയ റെക്കോർഡുകൾക്കാണ് തുടക്കമിട്ടത്. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം 620.50 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള ബോക്‌സോഫീസ് കളക്ഷൻ. നെറ്റ്ഫ്‌ളിക്‌സ് ആയിരുന്നു ചിത്രത്തിന്റെ ഒടിടി റൈറ്റ് സ്വന്തമാക്കിയത്. സൺ ടിവിക്കാണ് ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റൈറ്റ്.
ഇരു ചിത്രങ്ങളിലൂടെയും ആയിരം കോടിയിലധികമാണ് തമിഴ് സിനിമയിലേക്ക് വിജയ് എന്ന ബ്രാൻഡ് എത്തിച്ചത്. സൂപ്പർ സ്റ്റാർ രജിനികാന്താണ് തൊട്ടടുത്ത് നിൽക്കുന്ന താരം. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ജയിലറിലൂടെ 610 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. സൺ പിക്‌ച്ചേഴ്‌സ് ആയിരുന്നു ചിത്രത്തിന്റെ നിർമാണം.
മണിരത്‌നം സംവിധാനം ചെയ്ത മൾടിസ്റ്റാർ ചിത്രം പൊന്നിയൻ സെൽവൻ പാർട് 2 - 345 കോടിയുടെയും അജിത് ചിത്രം തുനിവ് 200 കോടി രൂപയുടെയും ബിസിനസ് ഉണ്ടാക്കി. ധനുഷിന്റെ വാത്തി, വിശാൽ - എസ് ജെ സൂര്യ ടീമിന്റെ മാർക്ക് ആന്റണി, ശിവകാർത്തികേയൻ അഭിനയിച്ച മാവീരൻ, ഉദയനിധി സ്റ്റാലിൻ - വടിവേലു ടീം അഭിനയിച്ച മാമന്നൻ, ശരത് കുമാർ - അശോക് സെൽവൻ ടീം അഭിനയിച്ച പോർത്തൊഴിൽ എന്നിവയാണ് 2023 ൽ തമിഴിൽ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിയ തമിഴ് സിനിമകൾ.