വിജയ് - ലോകേഷ് കനകരാജ് ചിത്രം ലിയോയ്ക്ക് തമിഴ്‌നാട്ടില്‍ പ്രത്യേക പ്രദര്‍ശനമില്ല. നാളെ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് അതിരാവിലെ പ്രദര്‍ശനം അനുവദിക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. രാവിലെ ഏഴ് മണിയ്ക്ക് ഷോ നടത്താന്‍ അനുമതി തേടിയാണ് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ല. എന്നാല്‍ രാവിലെ ഒമ്പതിനും പുലര്‍ച്ചെ ഒന്നിനും ഇടയില്‍ അഞ്ച് ഷോകള്‍ നടത്താനും അനുമതി നല്‍കി.
ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചാണ് തീരുമാനമെന്നാണ് സര്‍ക്കാര്‍ നിലപാട്. സിനിമ റിലീസ് ചെയ്ത് ആദ്യ ആറുദിവസം ഇളവ് തേടിയാണ് നിര്‍മാതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്.
പുലര്‍ച്ചെ നാല് മണിക്കോ ഏഴ് മണിക്കോ ആദ്യ ഷോ അനുവദിക്കണം എന്നാവശ്യപ്പെട്ട് ലിയോ സിനിമയുടെ നിര്‍മാതാക്കള്‍ നേരത്തെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഒക്ടോബര്‍ 17 ന് കേസ് പരിഗണിച്ച ജസ്റ്റിസ് അനിത സമ്പത്ത് രാവിലെ ഏഴിന് ഷോ അനുവദിക്കുന്നത് സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കാന്‍ തമിഴ്നാട് സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇത് പ്രകാരം നിര്‍മ്മാതാക്കള്‍ ചൊവ്വാഴ്ച സര്‍ക്കാര്‍ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് രാവിലെ അന്തിമ ഉത്തരവ് പുറത്തിറക്കിയത്.
അതേസമയം, കേരളത്തില്‍ പുലര്‍ച്ചെ നാലിന് ലിയോ പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാക്കള്‍ അനുവദിച്ചിട്ടുണ്ട്. 4 മണിക്ക് ഷോ ആരംഭിച്ചില്ലെങ്കില്‍ വലിയ നഷ്ടമുണ്ടാകുമെന്ന കേരളത്തിലെ സിനിമയുടെ വിതരണക്കാരായ ശ്രീ ഗോകുലം മുവീസിന്റെ വാദം അംഗീകരിച്ചാണ് നിര്‍മാതാക്കള്‍ പ്രത്യേക ഷോയ്ക്ക് അനുമതി നല്‍കിയത്. പൂലര്‍ച്ചെയുള്ള ഷോ അനുവദിച്ചില്ലെങ്കില്‍ വിതരണാവകാശം സ്വന്തമാക്കിയ തുകയില്‍ നിന്നും രണ്ട് കോടി കുറച്ച് തരണമെന്നായിരുന്നു ശ്രീ ഗോകുലം മൂവീസ് നിര്‍മാതാക്കളോട് ആവശ്യപ്പെട്ടത്. നാലുമണി ഷോ നടക്കാതിരുന്നാല്‍ ഉണ്ടാകുന്ന നഷ്ടം മറികടക്കാനായിരുന്നു ഈ ആവശ്യം.
കേരളത്തില്‍ നേരത്തെ ഷോ തുടങ്ങിയാല്‍, ഇന്‍ഡസ്ട്രി ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ സസ്പെന്‍സ് പോകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കേളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന തീരുമാനത്തില്‍ എത്തിയത്. കേരളത്തില്‍ നേരത്തെ ഷോ ആരംഭിച്ചാല്‍ അതിര്‍ത്തി ജില്ലകളിലേക്ക് ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരേസമയം തന്നെ സിനിമ തുടങ്ങിയാല്‍ മതിയെന്നുമായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം.