ENTERTAINMENT

പ്രതിസന്ധിയിൽ 'തങ്കലാനും' 'കങ്കുവയും'; റിലീസിന് മുമ്പ് നിര്‍മാതാക്കള്‍ ഒരു കോടി വീതം കെട്ടിവെയ്ക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചലച്ചിത്ര നിർമാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനിന് എതിരായാണ് വിധി.

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിക്രത്തിന്റെ തങ്കലാന്‍, സൂര്യയുടെ കങ്കുവ എന്നീ രണ്ടു ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി ഒരു കോടി രൂപ വീതം കെട്ടിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചലച്ചിത്ര നിർമാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനിന് എതിരായാണ് വിധി. രണ്ട് ചിത്രങ്ങളുടെയും നിർമ്മാണത്തിൽ പങ്കാളികളാണ് സ്റ്റുഡിയോ ​ഗ്രീൻ. മുന്‍പ് പാപ്പരായി പ്രഖ്യാപിക്കുകയും ശേഷം അന്തരിക്കുകയും ചെയ്ത അര്‍ജുന്‍ലാല്‍ സുന്ദര്‍ദാസ് എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായി ബന്ധപ്പെട്ട ഒരു കരാറാണ് ഈ വിധിക്ക് പിന്നിലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്ത് 14 ബുധനാഴ്ചയ്ക്കകം തുക കൈമാറണമെന്നും അന്നുതന്നെ കോടതിയിൽ റിപ്പോർട്ട് ചെയ്യണമെന്നുമാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രൻ, സി വി കാർത്തികേയൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം.

2014 ൽ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട സുന്ദര്‍ദാസുമായി പണ ഇടപാടുകൾ നടത്തിയവരുടെ പൂർണ പട്ടികയും തുകയും മനസിലാക്കാനായി മദ്രാസ് ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചിരുന്നു. സ്റ്റുഡിയോ ഗ്രീനിന്‍റെ കെ ഇ ജ്ഞാനവേല്‍ രാജ 10.35 കോടി സുന്ദര്‍ദാസിന് നല്‍കാനുണ്ടെന്ന് രേഖകളില്‍ നിന്ന് മനസിലാക്കിയ ചുമതലക്കാരന്‍ അത് തിരിച്ച് ഈടാക്കി നല്‍കാനായി കോടതിയെ സമീപിച്ചു. എന്നാല്‍ പണം നല്‍കുന്നതിന് പകരം തങ്ങള്‍ക്കിടയില്‍ മറ്റൊരു കരാര്‍ ഉണ്ടെന്ന് കെ ഇ ജ്ഞാനവേല്‍ രാജ കോടതിയില്‍ വാദിച്ചു.

ഒരു തമിഴ് ചിത്രം നിര്‍മ്മിക്കാനുള്ള കരാര്‍ ആണ് താനും സുന്ദര്‍ദാസും തമ്മില്‍ ഉണ്ടായിരുന്നതെന്നായിരുന്നു ജ്ഞാനവേല്‍ രാജയുടെ മൊഴി. 40 കോടി ആയിരുന്നു ഒരോരുത്തരും കരുതിയിരുന്ന നിക്ഷേപം. ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾക്കായുളള പണം സുന്ദര്‍ദാസ് നൽകുകയും ചെയ്തു. എന്നാൽ ബാക്കിയുള്ള തുക നല്‍കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നാണ് ജ്ഞാനവേല്‍ രാജ കോടതിയെ അറിയിച്ചത്. തുടർന്ന് കൈപറ്റിയ പണത്തിനുള്ള പ്രതിഫലമായി മൂന്ന് തമിഴ് ചിത്രങ്ങളുടെ ഹിന്ദി റീമേക്ക് അവകാശം സുന്ദര്‍ദാസിന് നല്‍കാന്‍ തയ്യാറായി. ഓള്‍ ഇന്‍ ഓള്‍ അഴകുരാജ, ബിരിയാണി, മദ്രാസ് എന്നിവയാണ് ആ ചിത്രങ്ങളെന്നും ജ്ഞാനവേല്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ സുന്ദര്‍ദാസുമായി കരാറില്‍ ഏര്‍പ്പെട്ടുവെന്നിന് മാത്രമേ തെളിവുകൾ ലഭ്യമായുളളു. തുടർന്നുളള കരാറുകളെ സമ്പന്ധിച്ച വിവരങ്ങളോ തെളിവുകളോ കോടതിയിൽ സമർപ്പിക്കാൻ ജ്ഞാനവേല്‍ രാജയ്ക്ക് കഴിഞ്ഞില്ല. രേഖകളുടെ ഒറിജിനലും ഫോട്ടോകോപ്പികളും തമിഴ്നാട്ടിൽ സംഭവിച്ച പ്രളയത്തിൽ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള വിശദീകരണം ക്രോസ് വിസ്താരത്തിൽ നിലനിന്നില്ല. വി.കെ. ചെന്നൈ ടി.നഗറിലെ തനികാചലം സ്ട്രീറ്റിലെ കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രധാന ഓഫീസിനെ പ്രളയം ബാധിച്ചിട്ടില്ലെന്ന് സ്റ്റുഡിയോ ഗ്രീനിലെ പങ്കാളിയായ ഈശ്വരനും സമ്മതിച്ചു. തെളിവുകളുടെ അഭാവത്തിൽ സ്റ്റുഡിയോ ഗ്രീന്‍ 10.30 കോടി രൂപയും 18 ശതമാനം പലിശ കണക്കാക്കിയുള്ള തുകയും മടക്കി നല്‍കണമെന്ന് 2019 ല്‍ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. 2019-ലെ ഈ ഉത്തരവ് പാലിക്കാത്തതിനാൽ, കമ്പനി കോടതിയുടെ അഞ്ച് വർഷം പഴക്കമുള്ള നിർദ്ദേശം പാലിക്കുന്നത് വരെ സ്റ്റുഡിയോ ഗ്രീനിൻ്റെ തങ്കലൻ, കങ്കുവ എന്നിവയുൾപ്പെടെ എല്ലാ ഭാവി ചിത്രങ്ങളും റിലീസിന് മുമ്പായി തുക വിഹിതം തരണമെന്ന് ഹർജി ഫയൽ ചെയ്തിരുന്നു. ഇതിന്‍റെ ഭാഗമായാണ് സ്റ്റുഡിയോ ഗ്രീനിന്‍റെ നിര്‍മ്മാണത്തിലെത്തുന്ന രണ്ട് ചിത്രങ്ങളുടെ റിലീസിന് മുന്‍പായി ഓരോ കോടി രൂപ വീതം നല്‍കണമെന്ന് ഇപ്പോൾ മദ്രാസ് ഹൈക്കോടതി വിധിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ