ENTERTAINMENT

രജിനികാന്ത് പറഞ്ഞു 'താങ്ക്സ് ചെല്ലം...'; എല്ലാം മാജിക് പോലെയെന്ന് തന്മയ

ഗ്രീഷ്മ എസ് നായർ

സ്‌കൂളില്‍നിന്നു വരുന്ന വഴി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കിട്ടിയ വിവരമറിഞ്ഞ് വൈറലായ തന്മയ സോളിനെ ഓര്‍മയില്ലേ? രജിനികാന്ത് ചിത്രം വേട്ടൈയനിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തന്മയ തിരക്കിലാണ്. ഫാന്‍സ് ഷോയ്ക്കും പിന്നെ സുഹൃത്തുക്കള്‍ക്കൊപ്പവുമായി രണ്ടുതവണ ഇതിനോടകം ചിത്രം കണ്ടുകഴിഞ്ഞു. എല്ലാം ഒരു മാജിക് പോലെ തോന്നുന്നുവെന്ന് തന്മയ. വേട്ടൈയൻ ഷൂട്ടിങ് വിശേഷങ്ങൾ ദ ഫോർത്തുമായി തന്മയ പങ്കുവെക്കുന്നു.

ഓഡിഷനിലൂടെ വേട്ടൈയനിലേക്ക്

രജനികാന്ത് സാറിന്‌റെ ചിത്രത്തിലേക്കെന്ന് അറിഞ്ഞുതന്നെയാണ് ഓഡിഷനു പോയത്. തിരുവനന്തപുരത്തായിരുന്നു ഓഡിഷന്‍. കുറേ പേരുണ്ടായിരുന്നു. ഓഡിഷന്‍ വ്യത്യസ്തമായ അനുഭവമായിരുന്നു. കാരണം ഒരാള്‍ ചെയ്തതിന്‌റെ ബാക്കി ഭാഗം അവരുടെ കൂടെ ചേര്‍ന്ന് അഭിനയിച്ചുകാണിക്കാനാണ് എന്നോട് പറഞ്ഞത്.

ഓഡിഷന്‍ കഴിഞ്ഞപ്പോള്‍ നന്നായി ചെയ്തുവെന്ന് തോന്നിയെങ്കിലും ചാന്‍സ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. പ്രൊഡക്ഷന്‍ ടീമില് നിന്ന് വിളിച്ചപ്പോള്‍ ഞെട്ടിപ്പോയി. പിന്നെ വലിയ സന്തോഷമായി.

വെട്ടൈയൻ സംവിധായകൻ ടിജെ ജ്ഞാനവേലിനൊപ്പം തന്മയ സോൾ

ആദ്യ സീന്‍ രജിനിക്കൊപ്പം

ആദ്യ സീന്‍ തന്നെ രജിനി സാറിനൊപ്പമായിരുന്നു. സ്വപ്‌നം പോലെ തോന്നി. അപ്പോള്‍ സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ സാര്‍, രജിനി സാറിനോട് പറഞ്ഞു, സംസ്ഥാന അവാര്‍ഡ് കിട്ടിയിട്ടുള്ള കുട്ടിയാണെന്ന്. ''അപ്പിടിയാ ചെല്ലം... കണ്‍ഗ്രാറ്റ്സ്.'' എന്ന് പറഞ്ഞു അദ്ദേഹം.

'പാപ്പ', 'ചെല്ലം'... അങ്ങനെ തന്നെയാണ് വിളിച്ചിരുന്നത്. രജിനി സാറിനെ കാണാന്‍ നല്ല ഭംഗിയുണ്ടെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ , ചിരിച്ചു. എന്നിട്ട് ''താങ്ക്‌സ് ചെല്ലം,'' എന്ന് പറഞ്ഞു.

സാറിന്‌റെ കൂടെയിരുന്ന് കുറേ സംസാരിച്ചു. പണ്ടത്തെ കഥകളൊക്കെ അദ്ദേഹം പറഞ്ഞുതന്നു. നല്ല രസമായിരുന്നു സെറ്റ്. എന്‌റെ വീട് പോലെ തന്നെ തോന്നി.

സംവിധായകന്‍ ജ്ഞാനവേല്‍ സാറും നല്ലതു പോലെ സഹായിച്ചു. ദുഷാര ചേച്ചിയും നല്ല സപ്പോര്‍ട്ട് ആയിരുന്നു. ആ സെറ്റില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നല്ലോ ഞാന്‍. അതുകൊണ്ട് എല്ലാവരും വലിയ കെയറിങ്ങായിരുന്നു. 

തന്മയ സോൾ അമിതാഭ് ബച്ചനും രജിനികാന്തിനുമൊപ്പം വേട്ടൈയനിൽ

മറക്കാനാകാത്ത അനുഭവം

ലെജൻഡറി ആക്ടേഴ്‌സായ രജിനി സാറിനും അമിതാഭ് ബച്ചന്‍ സാറിനും ഒപ്പം അഭിനയിക്കാനായെന്നതു തന്നെയാണ് മറക്കാനാകാത്ത അനുഭവം. രണ്ടുപേരോടും ഒത്തിരി സംസാരിച്ചു. അവരുടെ വലിയ ഫാന്‍ ആണെന്ന് പറഞ്ഞു. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് നമ്മള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചതല്ലല്ലോ...

'വഴക്ക്' ആയിരുന്നല്ലോ ആദ്യ സിനിമ. അതുപോലെയെ ആയിരുന്നില്ല വേട്ടൈയന്‍. ഈ ചിത്രത്തിന്‌റെ ചിത്രീകരണം കണ്ടപ്പോഴാണ് സിനിമ ഇങ്ങനെയൊക്കെയാണല്ലേ എടുക്കുന്നതെന്നു മനസിലായത്.

നല്ല സിനിമകള്‍ ചെയ്യണം, നല്ല സംവിധായകരുടെയും അഭിനേതാക്കളുടെയും കൂടെ അഭിനയിക്കണം. എല്ലാ വേഷങ്ങളും ചെയ്യുന്ന മികച്ച നടിയാകണം... ഇതൊക്കെയാണ് തന്മയയുടെ സിനിമാ ആഗ്രഹങ്ങള്‍.

തന്മയ സോൾ കൂട്ടുകാരികൾക്കൊപ്പം

പക്ഷേ ഇപ്പോഴത്തെ കാത്തിരിപ്പ് അതിനല്ല, എത്രയും വേഗം പൂജാ അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കണം. സ്‌കൂളില്‍ എല്ലാവരും സിനിമ കണ്ടോയെന്ന് അറിയണം, അഭിപ്രായങ്ങള്‍ കേള്‍ക്കണം. തിരുവനന്തപുരം പട്ടം ഗേള്‍സ് സ്കൂളിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് തന്മയ സോൾ.  

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്