ENTERTAINMENT

ഒരു ലിജോ ജോസ് പെല്ലിശ്ശേരി സ്വപ്നം

ഇത് ജെയിംസിന്റെ സ്വപ്നമല്ല, ലിജോ ജോസ് പെല്ലിശ്ശേരി നമ്മെ കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ തന്നെ സ്വപ്നത്തിലേയ്ക്കാണ്

സുല്‍ത്താന സലിം

ഒരുറക്കത്തിൽ സ്വയം മറന്ന് പൊടുന്നനെ മറ്റൊരാളാവുക എന്നത് അത്ര വലിയ ഫാന്റസി ഒന്നുമല്ല. കാരണം നമ്മൾ കാണാറുളള നമ്മുടെ സ്വപ്നങ്ങളുടെ കഥ എഴുതുന്നത് നമ്മൾ തന്നെയാണ്. അതിലെ കഥാപരിസരം ചിലപ്പോൾ നമുക്കൊട്ടുമേ അറിയാത്ത മറ്റെവിടൊക്കെയോ ആവാം. ചുറ്റുമുളളവർ എത്തിപ്പിടിക്കാനാവാത്തത്ര വലിയ സെലിബ്രിറ്റികളോ, ചിലപ്പോ ഇന്നേവരെ കാണാത്ത പുതുമുഖങ്ങളോ ആവാം. സ്വപ്നത്തിൽ അവരൊക്കെ നമ്മുടെ അടുത്ത ആളുകളായിരിക്കും. സംസാരഭാഷ എന്തുതന്നെ ആയാലും കമ്മ്യൂണിക്കേഷൻ വളരെ അനായാസമായി സംഭവിക്കും. ഇതൊക്കെ വളരെ സാധാരണമായി സ്വപ്നത്തിൽ എന്നും പരിശീലിച്ചുകൊണ്ടേ ഇരിക്കുന്ന നമുക്ക് എങ്ങനെയാണ് എല്‍ജെപി ചിത്രം നൻപകൽ നേരത്ത് മയക്കം അത്ഭുതമാവുന്നത്?

ഈ പറഞ്ഞ സ്വപ്നത്തെയും ചുറ്റുമുളള യാഥാർത്ഥ ലോകത്തെയും തമ്മിൽ കൂട്ടിക്കെട്ടിയ നൂല് അറിയാതൊന്ന് അഴിഞ്ഞുപോയാലോ? ചെറുതായി രണ്ടും തമ്മിലൊന്ന് കൂടിക്കലരും. അതാവാം ഇവിടെയും സംഭവിച്ചത്. കൂടെ ഉളളവരെ ആരെയും വിളിക്കാതെ ഒറ്റയ്ക്കായിരുന്നു തന്റെ സ്വപ്നത്തിലേയ്ക്ക് മമ്മൂട്ടിയുടെ ജെയിംസ് സുന്ദരം എന്ന മറ്റൊരാളായിമാറി കയറിച്ചെല്ലുന്നത്. അയാൾ കടന്നുചെല്ലുന്ന അയാളുടെ സ്വപ്നത്തിലെ കഥാപാത്രങ്ങളും ആ സ്ഥലവും സ്വപ്നത്തിന് പുറത്ത് ഉണർന്നിരിക്കുന്നു എന്നതാണ് കുഴപ്പിക്കുന്ന കാര്യം. ഇത് കാണുമ്പോൾ സ്വാഭാവികമായും പഴമക്കാർ ബാധ കയറിയതാണെന്ന് പറഞ്ഞേക്കാം. ചിലപ്പോൾ, എന്നോ ആരോ പറഞ്ഞുകേട്ട് മനസിൽ കിടന്നിരുന്ന ഒരു വ്യക്തിയാവാം ജെയിംസന്റെ സ്വപ്നകഥയിലെ സുന്ദരം.

മൾട്ടിപ്പിൾ പേഴ്സണാലിറ്റി ഡിസോർഡർ പോലെ ഒരു സ്വപ്നത്തിനിടയിൽ ജെയിംസും സുന്ദരവും ആയി മാറുന്ന രോഗിയാവാം മമ്മൂട്ടിയുടെ കഥാപാത്രം. അങ്ങനൊരു ശാസ്ത്രീയവശം കൊടുത്ത് വഷളാക്കാൻ എന്തായാലും താത്പര്യമില്ല. അപ്പോൾ പിന്നെ ജെയിംസിന് വട്ടാണോ? ഈ അവസ്ഥയുടെ അങ്ങനെ ഒറ്റ വാക്കിൽ മാനസിക വിഭ്രാന്തി എന്ന് പറയാനും പറ്റില്ല, കാരണം തമിഴ് പാട്ടുകളോടും ആ ഭാഷയോട് തന്നെയും വെറുപ്പുളള അയാൾ തമിഴ് അറിയാതിരുന്നിട്ടും നല്ല സെന്തമിഴ് സംസാരിക്കുന്നു.

ആ നാട്ടിലെ എല്ലാ മനുഷ്യരെയും ജെയിംസിന് അറിയാം. മുക്കും മൂലയും അറിയാം. മുടി വെട്ടാനിരിക്കുമ്പോൾ ചുവരിൽ വെച്ചിരിക്കുന്ന ഫോട്ടോയിലെ ആളെയും അറിയാം. ഉണ്ണുമ്പോൾ മകൾ മുത്ത് അടുത്തിരിക്കാറുളളതും അയാളുടെ ഓർമ്മയിലുണ്ട്. സ്ഥിരമായി പാൽ വിറ്റുനടന്നിരുന്ന വഴിയും വാങ്ങാറുണ്ടായിരുന്ന വീട്ടുകാരെയും ഓർമ്മയുണ്ട്. എന്തിന് കൂടുതൽ, സുന്ദരം എന്ന വ്യക്തിയുടെ കയ്യൊപ്പ് പോലും ജെയിംസിന് അറിയാം. അതുകൊണ്ട് ഉറപ്പിച്ച് പറയാം ജെയിംസ് ഒരു മനോരോ​ഗിയല്ല. പിന്നെ ഈ കഥയെ ജെയിംസിനും അപ്പുറം മാറ്റാരുടെയോ സാങ്കൽപിക ലോകമായി കാണാനേ വഴിയുളളു. സുന്ദരത്തിന്റെ ഭാര്യ പൂവല്ലിയുടെ സ്വപ്നമായിക്കൂടെ? അച്ഛന്റെയോ മകൾ മുത്തിന്റെയോ സ്വപ്നമായിക്കൂടെ?

എല്‍ജെപി ചിത്രമായതുകൊണ്ട് മറ്റൊരു വ്യാഖ്യാനം കൊടുക്കാനാണ് ഇഷ്ടവും എളുപ്പവും. ഇത് ജെയിംസിന്റെ സ്വപ്നമല്ല, ലിജോ ജോസ് പെല്ലിശ്ശേരി നമ്മെ കൊണ്ടുപോകുന്നത് അദ്ദേഹത്തിന്റെ തന്നെ സ്വപ്നത്തിലേയ്ക്കാണ്. അവിടെയാണ് ലിജോ കാലങ്ങളായി മമ്മൂട്ടിക്ക് വേണ്ടി കരുതിവെച്ചിരുന്ന സ്വപ്നകഥാപാത്രങ്ങൾ, ജെയിംസും സുന്ദരവും അഭിനയിച്ചു തകർക്കുന്നത്. ഈ സ്വപ്നത്തിന്റെ എഴുത്ത് എസ് ഹരീഷും ദൃശ്യഭാഷ തേനി ഈശ്വരും ഭം​ഗിയായി ചെയ്തുകൊടുത്തു. പഴയ തമിഴ് ശീലുകൾ ചേർത്ത് സം​ഗീതം കൊടുത്തു. കഥാപാത്രങ്ങൾക്ക് ചേരുംവിധം വസ്ത്രങ്ങൾ കൊടുത്തു. അതിൽ എങ്ങനെയോ ജോസ് പെല്ലിശ്ശേരി എന്ന അച്ചന്റെ നാടകട്രൂപ്പും, അവരുടെ വേളാങ്കണ്ണിയാത്രയും കയറിവന്നു. തമിഴ് ടച്ചുളള ലിജോയുടെ തന്നെ ജെയിംസ് എന്ന് പേരുളള അപ്പാപ്പനും മമ്മൂട്ടിയുടെ സുന്ദർ എന്ന സ്വപ്നവേഷത്തിന് റഫറൻസായി. എന്തും സംഭവിക്കാവുന്ന ചോദ്യങ്ങളൊന്നുമില്ലാത്ത ഒരു ക്ലാസിക് സ്വപ്നം അങ്ങനെ സംഭവിച്ചു.

10 വർഷത്തിനടുത്ത് പഴക്കമുളള ​ഗ്രീൻ പ്ലൈവുഡിന്റെ പരസ്യം എന്നോ കണ്ടതിന്റെ ഓർമ്മയിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരു സുന്ദര സ്വപ്നം കണ്ടു. നൻപകൽ നേരത്ത് മയക്കം എന്ന് ആ സ്വപ്നത്തിന് പേരിട്ടു. പരസ്യക്കമ്പനി ഒരു മിനുറ്റിൽ പറഞ്ഞവസാനിപ്പിച്ച അതേ ആശയം ഒരു മണിക്കൂർ 45 മിനിറ്റിലേയ്ക്ക് വലിച്ചു നീട്ടിയപ്പോഴും മടുപ്പ് തോന്നാതിരുന്നതിലാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്റെ മിടുക്ക് ഒന്നുകൂടി തെളിയിക്കപ്പെടുന്നത്. ജെയിംസിന് സുന്ദരം ആവാൻ ഒരുവശം തുന്നിച്ചേർത്ത ഒരു മുണ്ട് മാത്രം മതി എന്ന് വളരെ അനായാസമായി മമ്മൂട്ടി പറഞ്ഞുതന്നു. 'നാ ഇന്ത ഊര്ക്കാരൻ' എന്ന് മണ്ണിലടിച്ച് കരഞ്ഞ് പറയുമ്പോൾ അല്ലെന്ന് ഉറച്ച് പറയാൻ സ്വന്തം ഭാര്യയ്ക്ക് പോലും കഴിഞ്ഞില്ല. കാരണം മമ്മൂട്ടി എന്ന നടൻ നിമിഷങ്ങൾ കൊണ്ട് ജെയിംസിലൂടെ കയറി സുന്ദരത്തിൽ എത്തിക്കഴിഞ്ഞിരുന്നു.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം