സർ വിദ്യാധർ സൂരജ് പ്രസാദ് നയ്‌പോൾ എന്ന വി എസ് നയ്‌പോളിന് ജെയിംസ് ബോണ്ടുമായി എന്തു ബന്ധം?
ഒരാൾ നൊബേൽ സമ്മാനിതനായ സാഹിത്യകാരൻ. ഇന്ത്യൻ വംശജൻ. മറ്റേയാൾ ഇയാൻ ഫ്ലെമിംഗിന്റെ വിഖ്യാത ചാരകഥാപാത്രം. ആറു പതിറ്റാണ്ടിനിടെ ഷോൺ കോണറി മുതൽ ഡാനിയൽ ക്രെയ്ഗ് വരെയുള്ള നായകന്മാർ വെള്ളിത്തിരയിൽ തകർത്തഭിനയിച്ച് അനശ്വരനാക്കിയ ബ്രിട്ടീഷ് സീക്രട്ട് ഏജന്റ്, തലമുറകളുടെ ഹൃദയം കവർന്ന ഹോളിവുഡ് ആക്ഷൻ ഹീറോ.
കാലമിത്ര കഴിഞ്ഞിട്ടും ആ സംഗീത ശകലത്തിന്റെ അകമ്പടിയോടെ അല്ലാതെ ബോണ്ടിനെ കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്
വി എസ് നയ്‌പോളിന് ജെയിംസ് ബോണ്ടുമായി ഒരു വിചിത്ര ബന്ധമുണ്ട്; 56 വർഷം പിന്നിടുന്ന ഒരു സംഗീത ബന്ധം. ജെയിംസ് ബോണ്ട് സിനിമകളിലെ വിശ്വ പ്രസിദ്ധമായ തീം മ്യൂസിക് - ബോണ്ട് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുമ്പോൾ പശ്ചാത്തലത്തിൽ നാം കേൾക്കുന്ന ആ സുപരിചിതമായ സംഗീത ശകലം തന്നെ -യഥാർത്ഥത്തിൽ സൃഷ്ടിക്കപ്പെട്ടത് നയ്‌പോളിന്റെ 'എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസ്' എന്ന പ്രശസ്ത നോവലിന്റെ സംഗീതാവിഷ്കാരത്തിന് വേണ്ടിയാണ്,1961 ൽ. ആ മ്യൂസിക്കൽ ഡ്രാമ ഒരിക്കലും വെളിച്ചം കണ്ടില്ലെങ്കിലും അതിനു വേണ്ടി മോണ്ടി നോർമ്മൻ ചിട്ടപ്പെടുത്തിയ സംഗീത ശകലം തൊട്ടടുത്ത വർഷം പുറത്തിറക്കിയ 'ഡോക്ടർ നോ' എന്ന ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഇടം നേടുന്നു; അതുവഴി ചരിത്രത്തിലും. കാലമിത്ര കഴിഞ്ഞിട്ടും ആ സംഗീത ശകലത്തിന്റെ അകമ്പടിയോടെ അല്ലാതെ ബോണ്ടിനെ കുറിച്ച് ചിന്തിക്കാനാവില്ല നമുക്ക്. വെള്ളിത്തിരയിലെ ബോണ്ടിന്റെ വ്യക്തിത്വവുമായി അത്രകണ്ട് ഇഴുകിച്ചേർന്നിരിക്കുന്നു ആ ഈണം.
നർമമധുരമായ ഒരു 'ഇന്ത്യൻ' ഗാനത്തിൽ നിന്ന് തുടങ്ങുന്നു ബോണ്ട് തീമിന്റെ ചരിത്രം.'എ ഹൗസ് ഫോർ മിസ്റ്റർ ബിശ്വാസി'ൽ ഇന്ത്യക്കാരനായ മാന്ത്രിക കഥാപാത്രം തുമ്മലിനെ കുറിച്ച് പാടുന്ന 'ഗുഡ് സൈൻ ബാഡ് സൈൻ' എന്ന ആ ഗാനമെഴുതിയത് ജൂലിയൻ മോർ; ചിട്ടപ്പെടുത്തിയത് മോണ്ടി നോർമ്മനും. കഥാപാത്രം ഇന്ത്യക്കാരനായതിനാൽ ചെറിയൊരു ഇന്ത്യൻ സ്പർശം നൽകിയാണ് നോർമ്മൻ ആ ഗാനശകലം ഒരുക്കിയത്. അകമ്പടിക്ക് തബലയും സിത്താറും.
'ഡം ഡി - ഡി ഡം ഡം' എന്ന താളക്രമത്തിൽ നോർമ്മൻ ഗിറ്റാറിൽ വായിച്ചുകൊടുത്ത ഈണത്തിനനുസരിച്ച് വരികൾ എഴുതുകയായിരുന്നു മോർ. നോവലിന്റെ സംഗീതാവിഷ്കാരം പാതി വഴിയിൽ വെച്ച് ഉപേക്ഷിക്കപ്പെട്ടതിന് പിന്നാലെ ഗാനശകലവും മറവിയിൽ ഒടുങ്ങിയേനെ. ഭാഗ്യവശാൽ അതുണ്ടായില്ല. തൊട്ടടുത്ത വർഷം നിർമ്മിക്കപ്പെട്ട ആദ്യ ജെയിംസ് ബോണ്ട് ചിത്രമായ 'ഡോക്ടർ നോ'യുടെ (1962) സംഗീത സംവിധായകനാകാൻ നോർമ്മൻ ക്ഷണിക്കപ്പെടുന്നു. നിർമ്മാതാവ് ആൽബർട്ട് ആർ ബ്രോക്കോളിയുടെ വകയായിരുന്നു ക്ഷണം. തലേ വർഷം 'ബെല്ലെ' എന്നൊരു നാടകത്തിനു വേണ്ടി നോർമ്മൻ ചെയ്ത വ്യത്യസ്തമായ സംഗീതം ശ്രദ്ധിച്ചിരുന്നു ബ്രോക്കോളി.
'ഡോക്ടർ നോ'യിൽ ഷോൺ കോണറി അവതരിപ്പിച്ച ബോണ്ട് കഥാപാത്രത്തിന് തീം മ്യൂസിക് ഉണ്ടെങ്കിൽ നന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ടത് നോർമ്മൻ തന്നെ. സംവിധായകൻ ടെറൻസ് യംഗിനും ഉണ്ടായിരുന്നില്ല മറിച്ചൊരു അഭിപ്രായം. നേരത്തെ സംഗീതനാടകത്തിനു വേണ്ടി ചെയ്ത ട്യൂൺ പുതിയൊരു വാദ്യവിന്യാസത്തിന്റെ അകമ്പടിയോടെ സിനിമയിൽ പ്രയോജനപ്പെടുത്താൻ നോർമ്മൻ തീരുമാനിക്കുന്നത് അങ്ങനെയാണ്.
1962 ജൂൺ 21 നായിരുന്നു പിൽക്കാലത്ത് ലോകപ്രശസ്തമായിത്തീർന്ന ആ പ്രമേയ സംഗീതത്തിന്റെ ശബ്ദലേഖനം. ഓർക്കസ്ട്രൽ അറേഞ്ച്മെന്റ് നിർവഹിച്ചത് ജോൺ ബാരി. അഞ്ചു സാക്സഫോണും ട്രംപറ്റ്, ഫ്രഞ്ച് ഹോൺ തുടങ്ങി ഒൻപത് ബ്രാസ് ഉപകരണങ്ങളും വിക്ക് ഫ്ലിക്കിന്റെ സോളോ ഗിറ്റാറും ഉൾപ്പെട്ട ഓർക്കസ്ട്രയുടെ പിന്തുണയോടെ ആലേഖനം ചെയ്യപ്പെട്ട ആ ഗാനശകലം ലോകമെങ്ങുമുള്ള പ്രേക്ഷകർ ആദ്യം കേട്ടത് 'ഡോക്ടർ നോ'യുടെ ശീർഷകങ്ങൾക്കൊപ്പമാണ്. സിനിമയിൽ ജെയിംസ് ബോണ്ട് കടന്നുവരുമ്പോഴെല്ലാം ഒളിഞ്ഞും തെളിഞ്ഞും മിന്നിമറയുന്നു ആ ഈണം.
'ബോണ്ട് തീമി'ന്റെ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ. ഫ്രം റഷ്യ വിത്ത് ലവ് (1963), ഗോൾഡ് ഫിംഗർ (1964), തണ്ടർബാൾ (1965), യു ഒൺലി ലീവ് ട്വൈസ് (1967), ഓൺ ഹേർ മെജസ്റ്റീസ് സീക്രട്ട് സർവീസ് (1969), ഡയമണ്ട്സ് ആർ ഫോറെവർ (1971), ലിവ് ആൻഡ് ലെറ്റ് ഡൈ (1973), ലൈസൻസ് ടു കിൽ (1989), ദി വേൾഡ് ഈസ് നോട്ട് ഇനഫ് (1999), കാസിനോ റൊയാൽ (2006), ക്വാണ്ടം ഓഫ് സൊളേസ് (2008), സ്കൈഫാൾ (2012), സ്‌പെക്ടർ (2015), നോ ടൈം ടു ഡൈ (2021) തുടങ്ങി ബോക്‌സാഫീസിൽ തേരോട്ടം നടത്തിയ അസംഖ്യം ബോണ്ട് ചിത്രങ്ങൾ. ഷോൺ കോണറി, ജോർജ്ജ് ലേസൻബി, ഡേവിഡ് നിവെൻ, റോജർ മൂർ, തിമോത്തി ഡാൽട്ടൻ, പിയേഴ്സ് ബ്രോസ്നൻ തുടങ്ങി ഡാനിയൽ ക്രെയ്ഗ് വരെയുള്ള വീരശൂര നായകർ.
ചരിത്രത്തിന്റെ ഭാഗമായ ആ പ്രയാണത്തിൽ എന്നും ബോണ്ടിന് കൂട്ടായി ഈ സംഗീത ശകലമുണ്ടായിരുന്നു, ഇന്നുമുണ്ട്. ഓരോ തലമുറയുടെയും അഭിരുചികളിൽ വന്ന മാറ്റത്തിനനുസരിച്ച് വാദ്യവിന്യാസം മാറിവരുന്നു എന്നതൊഴിച്ചാൽ ബേസിക് ഈണം അന്നും ഇന്നും ഒന്നുതന്നെ. ഈ ഒരൊറ്റ സംഗീത ശകലത്തിൽ നിന്ന് റോയൽറ്റി ഇനത്തിൽ മാത്രം ലക്ഷക്കണക്കിന് പൗണ്ട് സമ്പാദിച്ചു നോർമ്മൻ.
ഒരു കൊച്ചു സംഗീത ശകലത്തിലൂടെ ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കാലഘട്ടത്തെ മുഴുവൻ ഓർത്തെടുക്കാൻ കഴിയുമെങ്കിൽ അത് അതിന്റെ ധർമ്മം നിർവഹിച്ചു എന്നു തന്നെ കരുതണം
2022 ജൂലൈ 11 ന് തൊണ്ണൂറ്റിനാലാം വയസ്സിലായിരുന്നു മോണ്ടി നോർമ്മന്റെ വിയോഗം. വേറെയും സിനിമകൾക്കും ടെലിവിഷൻ പരമ്പരകൾക്കും വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ടെങ്കിലും, നോർമ്മൻ ഓർക്കപ്പെടുന്നത് ജെയിംസ് ബോണ്ട് തീമിന്റെ പേരിൽ തന്നെ. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള കൊച്ചു കുട്ടികൾക്ക് പോലും സുപരിചിതമായ ആ ഈണം തന്റെ മരണശേഷവും ജീവിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു നോർമ്മന്. "ഒരു കൊച്ചു സംഗീത ശകലത്തിലൂടെ ഒരു കഥാപാത്രത്തെ മാത്രമല്ല ഒരു കാലഘട്ടത്തെ മുഴുവൻ ഓർത്തെടുക്കാൻ കഴിയുമെങ്കിൽ അത് അതിന്റെ ധർമ്മം നിർവഹിച്ചു എന്നു തന്നെ കരുതണം. ആ അർത്ഥത്തിൽ ഞാൻ ഭാഗ്യവാനാണ്.''- നോർമ്മന്റെ വാക്കുകൾ.
ഇതേ സംഗീത ശകലത്തിന്റെ പേരിൽ പല തവണ കോടതി കയറിയിട്ടുമുണ്ട് നോർമ്മൻ. ബോണ്ട് തീമിന്റെ യഥാർത്ഥ അവകാശി താനാണെന്നായിരുന്നു വാദ്യവിന്യാസം നിർവഹിച്ച ജോൺ ബാരിയുടെ പക്ഷം. പക്ഷേ കോടതി നോർമ്മനൊപ്പം നിന്നു. 2001 ൽ ബാരിയെ ബോണ്ട് തീമിന്റെ യഥാർത്ഥ ശിൽപ്പിയായി ചിത്രീകരിച്ച സൺഡേ ടൈംസ് പത്രത്തിനെതിരെയും കേസ് നടത്തി ജയിച്ച ചരിത്രമുണ്ട് നോർമ്മന്. "സ്വന്തം കുഞ്ഞിനെ മറ്റു വല്ലവരും തട്ടിക്കൊണ്ടുപോകുന്നത് നോക്കിനിൽക്കാനാകുമോ അച്ഛന്? ''-നോർമ്മന്റെ ചോദ്യം ന്യായം.