നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷായുടെ 'ദ കേരള സ്റ്റോറി'ക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പ്രദർശനാനുമതി നൽകി. പത്ത് മാറ്റങ്ങളോടെയാണ് സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകിയത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ സമർപ്പിച്ച ചിത്രത്തിലെ സ്ഥിതിവിവരക്കണക്കുകളുടെ ഡോക്യുമെന്ററി തെളിവ് സമർപ്പിക്കാൻ ബോർഡിന്റെ പരിശോധന കമ്മിറ്റി ആവശ്യപ്പെട്ടു.
ആലംഗീറിനെയും ഔറംഗസേബിനെയും ഐഎസ്ഐഎസിനെയും കുറിച്ച് നടത്തിയ പരാമർശത്തിന് ഡോക്യുമെന്ററി തെളിവുകൾ സമർപ്പിച്ചു. പാകിസ്ഥാൻ വഴി അമേരിക്ക പോലും സാമ്പത്തിക സഹായം നൽകുന്നുവെന്ന സംഭാഷണവും നീക്കം ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ ഹൈന്ദവ ആചാരങ്ങൾ അനുഷ്ടിക്കാറില്ലെന്ന ഭാഗവും നീക്കി. കൂടാതെ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അവസരവാദിയെന്ന സംഭാഷണത്തിലെ ഇന്ത്യ എന്ന വാക്ക് ഒഴിവാക്കാനും സെൻസർ കമ്മിറ്റി ആവശ്യപ്പെട്ടു.
സെൻസർ ബോർഡ് ഒഴിവാക്കാൻ നിർദേശിച്ചവയിൽ ഏറ്റവും ദൈർഘ്യമേറിയ സംഭാഷണങ്ങളിൽ ഒന്ന് സിനിമയുടെ അവസാന ഭാഗത്തെ മുൻമുഖ്യമന്ത്രിയുടെ അഭിമുഖം ആണ്. എല്ലാ ഹിന്ദു ദൈവങ്ങളെയും കുറിച്ചുള്ള അനുചിതമായ പരാമർശങ്ങളും സംഭാഷണങ്ങളും നീക്കം ചെയ്യുകയും വികാരങ്ങൾ വ്രണപ്പെടാതിരിക്കാൻ അവയെ പുനരാവിഷ്കരിക്കുകയും ചെയ്തു. രണ്ഡിയാൻ എന്ന വാക്കിന് പകരം ലൈംഗിക അടിമകൾ എന്ന വാക്ക് ബോർഡ് ഉൾപ്പെടുത്തി.
വിപുൽ അമൃത്‌ലാൽ ഷായുടെ നിർമ്മാണത്തിൽ സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന 'ദി കേരള സ്റ്റോറി' ഐഎസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ച കേരളത്തിൽ നിന്നുള്ള നാല് സ്ത്രീകളുടെ കഥയാണ് പ്രമേയമാക്കിയിരിക്കുന്നത്.കേരളത്തിൽ നിന്നും 3200 പെൺകുട്ടികൾ ഇസ്ലാം മതം സ്വീകരിച്ച് ഐഎസ്ഐഎസിൽ ചേർന്നെന്ന വിവരണത്തോടെയുള്ള ചിത്രത്തിന്റെ ട്രെയിലറും ടീസറുകളും പുറത്തുവന്നതിന് പിന്നാലെ വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. കോൺഗ്രസും സിപിഎമ്മും അടക്കമുളള രാഷ്ട്രീയ പാർട്ടികൾ സിനിമയുടെ വിതരണത്തെ എതിർത്ത് മുന്നോട്ടു വന്നു. കേരളത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യധാരാ കക്ഷികൾ രംഗത്ത് വന്നത്. സിപിഎമ്മും മുസ്ലീം ലീഗും പ്രതിപക്ഷനേതാവും ചിത്രം കേരളത്തിൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.