തീയേറ്ററുകളിൽ ചിത്രങ്ങളെ പറ്റിയുള്ള അഭിപ്രായം ചോദിക്കുന്നതിന് വിലക്കേർപ്പെടുത്തുന്നു എന്ന പ്രചാരണം വ്യാജമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. തീയേറ്റർ ഓണേഴ്സ് അസോസിയേഷൻ, ഫെഫ്ക തുടങ്ങിയ ഔദ്യോഗിക സംഘടനകളൊന്നും തന്നെ ഇത്തരമൊരു പ്രഖ്യാപനം നടത്തിയതായി അറിവില്ല. റിലീസ് ചെയ്യാൻ ഇരിക്കുന്ന 'ക്രിസ്റ്റഫർ' എന്ന ചിത്രത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരൊക്കെയോ കെട്ടിച്ചമച്ചുണ്ടാക്കിയ വാർത്ത മാത്രമാണിത്, ഉണ്ണികൃഷ്ണൻ പ്രതികരിച്ചു.
തീയേറ്ററുകളിൽ ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങൾക്ക് മുതൽ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതിൽ നിന്ന് ഓൺലൈൻ ചാനലുകളെ അടക്കം സിനിമ സംഘടനകൾ വിലക്കിയെന്ന തരത്തിലാണ് വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ ഫോട്ടോ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു ഈ വാർത്ത പ്രചരിച്ചത്. ഈ വാർത്തയ്‌ക്കെതിരെ നിയമ നടപടിയെടുത്തതായി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെബ്രുവരി ഒൻപതിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.
ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'ക്രിസ്റ്റഫർ' എന്ന സിനിമ ഇറങ്ങാൻ രണ്ട് ദിവസം മാത്രം ബാക്കി നിൽക്കെയാണ് ഇങ്ങനൊരു വാർത്ത പ്രചരിക്കുന്നത്. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ. 2010ൽ പുറത്തിറങ്ങിയ പ്രമാണിയാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം. ഫെബ്രുവരി ഒൻപതിന് റീ റിലീസിനൊരുങ്ങുന്ന മോഹൻലാൽ ചിത്രം സ്ഫടികവുമായായിരിക്കും ക്രിസ്റ്റഫർ ഏറ്റുമുട്ടുക.