ENTERTAINMENT

'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്:' കവിത പോലെ ഒരു സിനിമ

എന്റർടെയ്ൻമെന്റ് ഡെസ്ക്

പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ കാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കു പോകുന്നത് ഒരുപാട് പ്രത്യേകതകളോടെയാണ്. മുപ്പത് വർഷങ്ങൾക്കു ശേഷം മത്സര വിഭാഗമായ പാം ദിയോറിൽ ഒരു ഇന്ത്യൻ ചലച്ചിത്രം പ്രദർശിപ്പിക്കപ്പെടുന്നു എന്നതിനൊപ്പം ആദ്യമായി ഒരു ഇന്ത്യൻ സംവിധായികയുടെ ചിത്രം കാൻ ചലചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംഭവബഹുലമായ സിനിമ എന്ന രീതിയിലല്ല, സിനിമയിലുള്ള ആന്തരികമായ ചലനങ്ങളെ കുറിച്ചാണ് ആളുകൾ പ്രദർശനം കഴിഞ്ഞിറങ്ങിയപ്പോൾ സംസാരിച്ചുകൊണ്ടിരുന്നത്.

കാനിലെ പ്രദർശനം കഴിഞ്ഞയുടനെ വലിയ സ്വീകാര്യതയാണ് ഈ ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങൾ വലിയ തോതിൽ ഏറ്റെടുക്കുന്ന സാഹചാര്യമുണ്ടായി. ദി ഗാർഡിയൻ സിനിമയ്ക്ക് ഫൈവ് സ്റ്റാർ നൽകി. രണ്ട് സ്ത്രീകൾക്കിടയിലുള്ള സൗഹൃദവും വളരെ സ്വാഭാവികമായി അതിന്റെ അഗാധതയിൽ കാണിക്കുന്നതാണ് സിനിമയെന്നും, മനുഷ്യർക്കിടയിലുള്ള നിഗൂഢമായ തലങ്ങളെ അതിതീവ്രമായി സിനിമയിൽ കാണിക്കുന്നുണ്ടെന്നും മാധ്യമങ്ങൾ വിലയിരുത്തുന്നു.

പുരസ്‌കാരം സ്വീകരിക്കുന്ന പായൽ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം

സിനിമയിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളും സ്ത്രീകളാണ്. ആ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് കനി കുസൃതി, ദിവ്യപ്രഭ, ഛായ കദം എന്നിവരാണ്. ഒരു സ്ത്രീ സംവിധാനം ചെയ്യുന്ന, മൂന്നു സ്ത്രീകൾ പ്രധാനവേഷത്തിലെത്തുന്ന സിനിമ, ഒരുകൂട്ടം സ്ത്രീകളുടെ സംരംഭം എന്ന രീതിയിൽ കാനിലെ മത്സരവിഭാഗത്തിൽ വരുന്നതും, ഗ്രാൻഡ് പ്രി പോലെ കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ അംഗീകാരം ആ സിനിമയ്ക്ക് ലഭിക്കുന്നതും ഏറെ പ്രധാനപ്പെട്ട കാര്യമാണ്.

പായൽ കപാഡിയ എന്ന അതുല്യ സംവിധായികയുടെ ഉദയമായും മാധ്യമങ്ങൾ ഈ സിനിമയെയും അംഗീകാരത്തെയും വിലയിരുത്തുന്നു. 2021ൽ 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' എന്ന ഡോക്യൂമെന്ററിയുമായി പായൽ കാനിലുണ്ടായിരുന്നു. ഡയറക്ടർസ് ഫോർട്ട്നൈറ്റ് എന്ന സെക്ഷനിൽ പ്രദർശിപ്പിച്ച ഡോക്യൂമെന്ററിക്ക് 'ഗോൾഡൻ ഐ' പുരസ്കാരം ലഭിച്ചിരുന്നു.

വർഷങ്ങൾക്ക് മുമ്പേ ആലോചനയിലുണ്ടായിരുന്ന സിനിമ ഒരുപാട് കാലത്തെ ഇടവേളയ്ക്കു ശേഷമാണ് നടക്കുന്നത് എന്നും, ഒരു സാധാരണ സിനിമയുടെ ഷൂട്ടിങ് പ്രക്രിയയിൽ നിന്ന് വ്യത്യസ്തമായി ഒരുപാട് സമയമെടുത്ത് നിരവധി തവണ സീനുകൾ റിഹേഴ്സൽ ചെയ്താണ് സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചത് എന്നതുകൊണ്ടുതന്നെ സാധാരണ ഒരു സിനിമ ചെയ്യുന്നതിനേക്കാൾ വ്യത്യസ്തവും സംതൃപ്തി നൽകുന്നതുമായിരുന്നു 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യപ്രഭയും ദ ഫോർത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

മലയാളി അല്ലാത്ത പായൽ കപാഡിയ എഴുപത് ശതമാനം മലയാളം മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളുള്ള ഒരു സിനിമ ഇത്രയും സൂക്ഷ്മതയിൽ ചെയ്തു എന്നത് തന്നെ അഭിനന്ദനാർഹമായ കാര്യമാണ്. അത്തരമൊരു സിനിമ രണ്ട് മലയാളി അഭിനേത്രികളിലൂടെ കാൻ ചലചിത്രോത്സവത്തിൽ പുരസ്കാര നിറവിൽ നിൽക്കുന്നു.

സാധാരണ സിനിമകളുടെ തിരക്കഥകളിൽ നിന്ന് വ്യത്യസ്തമായി വളരെ കാവ്യാത്മകമായ തിരക്കഥയായിരുന്നു ഈ സിനിമയുടേത് എന്നും അത് സ്ക്രീനിലും കാണാൻ സാധിക്കുമെന്നും കനി കുസൃതി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ അണിയറപ്രവർത്തകർ കാനിൽ എത്തിയത് മുതൽ വാർത്തകളിൽ നിറഞ്ഞിരുന്നു. റെഡ് കാർപ്പറ്റിൽ കനി കുസൃതി പലസ്‌തീൻ ഐക്യദാർഢ്യ സൂചകമായി ഉയർത്തിക്കാട്ടിയ തണ്ണിമത്തൻ ബാഗും, എല്ലാവരും ചേർന്നുള്ള നൃത്തവും എല്ലാം വാർത്തകളിൽ നിറഞ്ഞു. ഒടുവിൽ ഈ പുരസ്‌കാരനേട്ടവും കൂടിയാവുന്നതോടെ ഒരുപറ്റം സ്ത്രീകൾ ഒരു അസാമാന്യ ചിത്രവുമായി നടന്നു കയറിയ കാൻ ചലച്ചിത്രോത്സവമായി ഇത് വിലയിരുത്തേണ്ടി വരും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും