ജയറാമിന്റെ ഏറ്റവും പുതിയ ചിത്രം അബ്രഹാം ഓസ്‍ലറിന്റെ സെക്കന്റ് ലുക്ക് പുറത്തിറങ്ങി. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം മലയാളത്തിലേക്ക് തിരികെയെത്തുമ്പോൾ അത് വെറുതെ ആകില്ലെന്ന സൂചനയാണ് സെക്കന്റ് ലുക്കിലൂടെ സംവിധായകൻ മിഥുൻ പറയുന്നത്. അഞ്ചാം പാതിരായ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ രചന നിർവഹിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിൽ എത്തും.
ആൾക്കൂട്ടത്തിനും പോലീസുകാർക്കും ഇടയിലൂടെ നടന്നു വരുന്ന ലുക്കിലാണ് ജയറാമിനെ സെക്കന്റ് ലുക്കിൽ കാണാനാകുന്നത്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ജയറാം പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ക്രൈം ത്രില്ലറാണ് അബ്രഹാം ഓസ്‍ലര്‍. കൊലക്കേസ് അന്വേഷണമാണ് പോലീസ് കമ്മീഷണർ അബ്രഹാം ഓസ്‌ലറിലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ. ഒരു ക്രൈം ത്രില്ലറിന്‍റെ എല്ലാ ആവേശവും നിലനിർത്തിയാണ് ഈ ചിത്രത്തിന്‍റെ അവതരണം. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരാണ് മറ്റു താരങ്ങള്‍.
തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, വയനാട് എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം ഹസനും മിഥുൻ മാനുവൽ തോമസ്സും ചേർന്നാണ് നിർമ്മിക്കുന്നത്. തേനി ഈശ്വര്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് എഡിറ്റിംഗ് നിർവഹിക്കുക സൈജു ശ്രീധരനാണ്. സംഗീതമൊരുക്കുന്നത് മിഥുന്‍ മുകുന്ദനാണ്. കലാസംവിധാനം ഗോകുല്‍ ദാസ്.
ആടിലൂടെയും അഞ്ചാം പാതിരയിലൂടെയും മലയാളി പ്രേക്ഷകരുടെ മനസ് തൊട്ടറിഞ്ഞ സംവിധായകനും ഒരിടക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരികെയെത്തുന്ന ജയറാമും ഒരുമിക്കുമ്പോൾ ഗംഭീര സ്വീകരണമാണ് ഈ ചിത്രത്തിന് പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ നൽകുന്നത്. 2022ല്‍ പുറത്തിറങ്ങിയ മകള്‍ എന്ന ചിത്രത്തിലാണ് ജയറാം അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഈ കാലയളവിൽ പൊന്നിയൻ സെൽവൻ ഉൾപ്പെടെയുളള ബിഗ് ബജറ്റ് സിനിമകളിൽ താരം അഭിനയിച്ചിരുന്നു.