ഔട്ട്സൈഡറിന് ശേഷം പിജി പ്രേംലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിത്സൻ നായകൻ. ചിത്രത്തിന്റെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽ കുമാറാണ് ചിത്രം നിർമിക്കുന്നത്. നീണ്ട പതിനൊന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രേംലാൽ വീണ്ടും സംവിധായക കുപ്പായം അണിയുന്നത്.
'തൊണ്ടിമുതലും ദൃക്സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്. വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടിൽ ആറാട്ടുപുഴ വേലായുധപ്പണിക്കരായി തന്റെ കരിയർ ഗ്രാഫ് ഉയർത്തിയ ശേഷം സിജു വിത്സൻ നായകനാകുന്ന ചിത്രത്തിൽ നായികയായെത്തുന്നത് പുതുമുഖം കൃഷ്ണേന്ദു എ മേനോനാണ്.
ചെറുകഥകളെഴുതിയും ഫ്രീലാൻസ് ജേണലിസ്റ്റായും പ്രവർത്തനം ആരംഭിച്ച പിജി പ്രേംലാൽ 2010ൽ ആത്മകഥ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നത്. ഐ എഫ് എഫ് ഐയിൽ ഇന്ത്യൻ പനോരമ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട ചിത്രം മറ്റ് നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും പ്രദർശിപ്പിച്ചിരുന്നു. മികച്ച നവാഗത സംവിധായകനുള്ള രാമുകാര്യാട്ട് അവാർഡും, 2010 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച സംവിധാനത്തിനുള്ള സ്‌പെഷ്യൽ ജൂറി പുരസ്കാരവും ലഭിച്ചു. 2012ൽ സംവിധാനം ചെയ്ത ഔട്ട്സൈഡർ ആയിരുന്നു പ്രേംലാലിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
ഇതുവരെ പേരിടാത്തെ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ് കിരൺ ദാസുമാണ് നിർവ്വഹിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം ഒരുക്കുന്നത്. എന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ എന്നിവരാണ് മറ്റ് താരങ്ങൾ. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.