മലയാളികൾ ഏറ്റവുമധികം കേട്ടാസ്വദിക്കുകയും മുഷ്ടി ചുരുട്ടി ആവേശത്തോടെ ഏറ്റുപാടുകയും ചെയ്ത വിപ്ലവഗാനങ്ങളിലൊന്ന്: 'ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം, ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവേ...' സിനിമയിലും അല്ലാതെയുമായി നമ്മുടെ ഭാഷയിൽ പിറന്ന എക്കാലത്തെയും ജനകീയ സമരഗാനങ്ങളുടെ പട്ടികയിൽ, പുതിയ കാലഘട്ടത്തിൽ നിന്ന് ഇടം നേടാൻ സാധ്യതയുള്ള ഒരേയൊരു ഗാനം. ഈ മെയ് ദിനത്തിലും മനസ്സ് അറിയാതെ മൂളുന്നു ആ ഗാനം.
കണ്ണൂരിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലെ ഒരു ആസ്ഥാന പാർട്ടി കവി, നാട്ടുകാരുടെ പ്രിയങ്കരൻ, സ്വയമെഴുതിയ ഒരു വിപ്ലവകവിത വേദിയിൽ ആലപിക്കുന്നു. അതായിരുന്നു 'അറബിക്കഥ'യുടെ (2007) സംവിധായകൻ ലാൽജോസ് മനസ്സിൽ കണ്ട സിറ്റുവേഷൻ. വരികളെഴുതാൻ ചുമതലപ്പെടുത്തിയത് കവിയായ അനിൽ പനച്ചൂരാനെ. "എഴുതിയ കവിത സ്വന്തം ഈണത്തിൽ ചൊല്ലി റെക്കോർഡ് ചെയ്ത് ഫോണിൽ എനിക്ക് അയച്ചുതരികയായിരുന്നു പനച്ചൂരാൻ.''- സംഗീത സംവിധായകൻ ബിജിബാൽ ഓർക്കുന്നു. "അതിഗംഭീരമായിരുന്നു കവിത. സമരവീര്യം മാത്രമല്ല ദാർശനിക മാനങ്ങളുമുണ്ടായിരുന്നു പനച്ചൂരാന്റെ വരികളിൽ. വെറുമൊരു കവിതയായി അത് സിനിമയിൽ ഒതുങ്ങിപ്പോയാൽ അർഹിച്ച ശ്രദ്ധ നേടുമോ എന്ന് സംശയം തോന്നി. അതുകൊണ്ടാണ് കവിതയുടെ ഭാവം മാറ്റി മാർച്ചിംഗ് സോംഗിന്റെ മാതൃകയിൽ അത് ചിട്ടപ്പെടുത്താൻ തീരുമാനിച്ചത്.''
"വിശ്വവിഖ്യാതമായ കമ്മ്യൂണിസ്റ്റ് ഗീതം (International Communist anthem) ആയിരുന്നു ഗാനം സ്വരപ്പെടുത്തുമ്പോൾ ബിജിയുടെ മനസ്സിൽ. കവിതയുടെ 'ബന്ധന'ത്തിൽ നിന്ന് മോചിപ്പിച്ച് പനച്ചൂരാന്റെ വരികളെ രോമാഞ്ചമുണർത്തുന്ന ഒരു മാർച്ചിംഗ് ഗാനമാക്കി മാറ്റുന്നു ബിജി. പുതിയ താളം ഗാനത്തിന്റെ രൂപഭാവങ്ങൾ തന്നെ മാറ്റി. "വീട്ടിലെ സ്റ്റുഡിയോയിൽ ഇരുന്ന് ഞാൻ തന്നെ പാടി റെക്കോർഡ് ചെയ്തു ആദ്യം. കോറസ് ഭാഗമൊക്കെ സ്വന്തം വക തന്നെ. റെക്കോർഡ് ചെയ്ത ട്രാക്ക് അയച്ചുകൊടുത്തപ്പോൾ കവി എങ്ങനെ പ്രതികരിക്കും എന്നറിയാൻ ആകാംക്ഷയുണ്ടായിരുന്നു, ഭാഗ്യത്തിന് ആദ്യ കേൾവിയിൽ തന്നെ പനച്ചൂരാന് വളരെയേറെ ഇഷ്ടപ്പെട്ടു. അദ്ദേഹം ഒരിക്കലും പ്രതീക്ഷിക്കാത്ത മാറ്റമായിരുന്നു അത്.''
പനച്ചൂരാൻ തന്നെ രംഗത്ത് അഭിനയിച്ചാൽ മതി എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. പാടുന്നതും അദ്ദേഹം തന്നെ മതി എന്ന തീരുമാനം പിറകെ വന്നു
ബിജിബാൽ ചിട്ടപ്പെടുത്തിയ കവിത കേട്ടപ്പോൾ, നേരത്തെ ഉദ്ദേശിച്ച ഗാനരംഗത്തിനു പകരം കൂടുതൽ വിശാലമായ ഒരു കാൻവാസിലേക്ക് യാത്രയാകുന്നു ലാൽജോസിലെ സംവിധായക മനസ്സ്. ചിത്രീകരണം കൂടുതൽ ദൃശ്യസമൃദ്ധമാകുന്നു; ആവേശോജ്വലമാകുന്നു. "പനച്ചൂരാൻ തന്നെ രംഗത്ത് അഭിനയിച്ചാൽ മതി എന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. പാടുന്നതും അദ്ദേഹം തന്നെ മതി എന്ന തീരുമാനം പിറകെ വന്നു.''- ബിജിയുടെ വാക്കുകൾ. "എറണാകുളത്തെ ലാൽ മീഡിയയിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. പശ്ചാത്തലത്തിൽ ബീറ്റിനാണ് പ്രാധാന്യം നൽകിയത്. ഡ്രംസിനൊപ്പം ചിലയിടങ്ങളിൽ അത്യാവശ്യം സ്ട്രിംഗ്‌സും ഉപയോഗിച്ചിട്ടുണ്ട് എന്ന് മാത്രം. വരികളുടെ പ്രധാന്യം നഷ്ടപ്പെടരുതല്ലോ. സാധാരണക്കാരുടെ മനസ്സിൽ ആ ഗാനത്തെ കുടിയിരുത്തിയത് പ്രധാനമായും വരികളും ആശയവും തന്നെ എന്ന് വിശ്വസിക്കുന്നു ഞാൻ.''
സിനിമക്ക് വേണ്ടി എഴുതിയതാണെങ്കിലും വെറുമൊരു വിപ്ലവഗാനത്തിന്റെ കള്ളിയിൽ ഒതുക്കിനിർത്താനാവില്ല പനച്ചൂരാന്റെ രചനയെ
സിനിമക്ക് വേണ്ടി എഴുതിയതാണെങ്കിലും വെറുമൊരു വിപ്ലവഗാനത്തിന്റെ കള്ളിയിൽ ഒതുക്കിനിർത്താനാവില്ല പനച്ചൂരാന്റെ രചനയെ എന്നു പറയും ബിജിബാൽ. "പുതിയ കാലത്തെ കുറിച്ചുള്ള ചില നിരീക്ഷണങ്ങളും ആശങ്കകളുമൊക്കെ പങ്കുവെക്കുന്നുണ്ട് അദ്ദേഹം. സ്മാരകം തുറന്നുവരും വീറുകൊണ്ട വാക്കുകൾ, ചോദ്യമായി വന്നലച്ചു നിങ്ങൾ കാലിടറിയോ, രക്തസാക്ഷികൾക്ക് ജന്മമേകിയ മനസ്സുകൾ കണ്ണുനീരിൻ ചില്ലുടഞ്ഞ കാഴ്ച്ചയായി തകരുന്നുവോ എന്ന വരികൾ ഉദാഹരണം.''
പോകുവാൻ നമുക്കേറെ ദൂരമുണ്ടതോർക്കുവിൻ, വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിൻ എന്നത് എന്നും ഞാൻ എന്നോട് തന്നെ പറയുന്ന കാര്യമാണ്
ആത്മാംശം തുടിച്ചുനിൽക്കുന്ന രചനയാണതെന്ന് പനച്ചൂരാൻ തന്നെ പറഞ്ഞുകേട്ടിട്ടുണ്ട്. "പോകുവാൻ നമുക്കേറെ ദൂരമുണ്ടതോർക്കുവിൻ, വഴിപിഴച്ചു പോയിടാതെ മിഴിതെളിച്ചു നോക്കുവിൻ എന്നത് എന്നും ഞാൻ എന്നോട് തന്നെ പറയുന്ന കാര്യമാണ്. അതുപോലെ, നേര് നേരിടാൻ കരുത്തു നേടണം, നിരാശയിൽ വീണിടാതെ നേരിനായ് പൊരുതുവാൻ കുതിക്കണം എന്ന വരിയും. മരിക്കുന്ന നിമിഷത്തിലും ആ വരികൾ മനസ്സിലുണ്ടാവണം എന്നാണെന്റെ ആഗ്രഹം.'' - കവിയുടെ വാക്കുകൾ.
"ഓർമ്മകൾ മരിച്ചിടാതെ കാക്കണം കരുത്തിനായ്, കാരിരുമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്'' എന്നെഴുതിയ കവി ഓർമ്മയായത് 2021 ജനുവരി മൂന്നിന്. വിടവാങ്ങിയിട്ടും, ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന ആ പൂമരം ഇന്നും നമ്മുടെ മനസ്സിൽ നല്ലൊരു നാളെയെക്കുറിച്ചുള്ള പ്രതീക്ഷയുടെ സുഗന്ധം ചൊരിഞ്ഞുകൊണ്ടിരിക്കുന്നു.