സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെ എണ്ണം പോലും വാർത്തയാകുന്ന കാലത്ത് ഒരു അക്കൗണ്ട് പോലുമില്ലാത്ത താരമാണ് അജിത്ത്. സ്വന്തമായി ഒരു മൊബൈൽ ഫോണോ സ്ഥിരമായി ഒരു നമ്പറോ പോലും അജിത്തിനില്ലെന്നതാണ് മറ്റൊരു കൗതുകം. മാനേജർമാരിലൂടെയാണ് താരവുമായി സിനിമാ മേഖലയിലുള്ളവർ ബന്ധപ്പെടുന്നത്. ഓരോ സിനിമയുടേയും ആശയവിനിമയത്തിനായി പുതിയ സിം എടുക്കണമെന്നാണ് മാനേജർമാർക്ക് നൽകിയിരിക്കുന്ന നിർദേശം. സിനിമ തീരുന്നതോടെ ആ സിം ഉപേക്ഷിക്കും, ഇതാണ് പതിവ്. വ്യക്തിപരമായ അത്യാവശ്യങ്ങൾക്ക് മാത്രം മാനേജർമാരുടെ ഫോൺ ഉപയോഗിക്കും .
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലും താരം പങ്കെടുക്കാറില്ല. തലപതി വിജയ് യും ഇപ്പോൾ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാറില്ലെങ്കിലും ഓരോ ചിത്രത്തിനായും ഗ്രാന്റ് ഓഡിയോ ലോഞ്ച് നടത്തി വിജയ് പ്രേക്ഷകരോട് സംസാരിക്കും. അടുത്ത കാലത്ത് വിജയ് ചിത്രം ബീസ്റ്റിന് മാത്രമാണ് ഓഡിയോ ലോഞ്ച് നടത്താതിരുന്നത്. ബീസ്റ്റിന്റെ സംവിധായകൻ നെൽസൺ ദിലീപ് കുമാറിന് തന്നെ സൺ ടി വിയിൽ നൽകിയ അഭിമുഖത്തിലാണ് വിജയ് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്. വർഷങ്ങൾക്ക് ശേഷം ഒരു മാധ്യമത്തിന് വിജയ് നൽകിയ അഭിമുഖം കൂടിയായിരുന്നു അത്. എന്നാൽ അജിത്ത് പ്രൊമോഷൻ പരിപാടികളിലോ ഓഡിയോ ലോഞ്ചിലോ പങ്കെടുക്കില്ല . ആ ധാരണയോട് കൂടിയാണ് ഓരോ സിനിമയ്ക്കും കരാർ ഒപ്പുവയ്ക്കുന്നത്. സിനിമകൾ തന്നെ സംസാരിക്കുമെന്നാണ് ഇക്കാര്യത്തിൽ താരത്തിന്റെ നിലപാട്
മാധ്യമങ്ങളോട് പ്രതികരിക്കാനോ അഭിമുഖങ്ങൾ നൽകാനോ താൽപര്യമില്ലെന്നതാണ് മറ്റൊരു വസ്തുത. കരിയറിന്റെ തുടക്കകാലത്ത് അഭിമുഖങ്ങളൊക്കെ നൽകിയിരുന്നെങ്കിലും പതുക്കെ അജിത്ത് അതിൽ നിന്നും അകന്നു. 13 വർഷങ്ങൾക്ക് മുൻപ് എൻഡിടിവി ക്കാണ് അജിത്ത് അവസാനമായി അഭിമുഖം നൽകിയത്.