ENTERTAINMENT

വെറുമൊരു പരസ്യഗാനത്തിലൂടെ പ്രണയം പൂത്തുലയുമോ? 'മധുരസ്വപ്‌നങ്ങളേകും ജയലക്ഷ്മി' എന്ന വിഖ്യാത ജിംഗിളിന്റെ കഥയിലൂടെ..

പ്രണയരഹസ്യം എന്തെന്ന് ചോദിച്ചാൽ കണ്ണിറുക്കി ചിരിക്കും കമിതാക്കൾ. തെല്ലും രഹസ്യമില്ലല്ലോ ഈ പ്രണയത്തിൽ. ഉള്ളത് "പരസ്യം" മാത്രം

രവി മേനോന്‍

ഒരു പരസ്യഗീതത്തോടുള്ള പ്രണയമാണ് കണ്ണൂർക്കാരൻ കാമുകന്റെയും കോട്ടയംകാരി കാമുകിയുടേയും ഹൃദയങ്ങളെ കൂട്ടിയിണക്കിയത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഫേസ്ബുക്കിൽ ചിരകാല സുഹൃത്തുക്കളായിരുന്നു ഇരുവരും. പക്ഷേ സൗഹൃദം പ്രണയമായി വളർന്നതിൽ ചെറുപ്പം മുതൽ  കേട്ടുവളർന്ന ഒരു പരസ്യ ജിംഗിളിനുമുണ്ട് നല്ലൊരു പങ്കെന്ന് പറയും കാമുകൻ. 

"ഏറ്റവും നൊസ്റ്റാൾജിക് ആയി തോന്നുന്ന പാട്ടേതെന്ന് ചോദിച്ചപ്പോൾ അവൾ ഓർത്തെടുത്തത് ഒരു പരസ്യഗാനം. അത്ഭുതം തോന്നി എനിക്ക്. എന്റെയും ഗൃഹാതുരതയുടെ ഭാഗമായിരുന്നല്ലോ ആ നുറുങ്ങുപാട്ട്" -സംഗീതപ്രേമിയും മെക്കാനിക്കൽ എഞ്ചിനീയറുമായ കാമുകന്റെ വാക്കുകൾ.

ഗാനശകലം ഏതെന്നുകൂടി അറിയുക: "മധുരസ്വപ്‌നങ്ങളേകും ജയലക്ഷ്മി കിന്നാരം ചൊല്ലും ജയലക്ഷ്മി, മനോമോഹിനിയായ ജയലക്ഷ്മി.." ജയലക്ഷ്മി സിൽക്സിന്റെ വിഖ്യാതമായ ജിംഗിൾ. ഇന്നും ആ കൊച്ചുപാട്ടിനോടുള്ള പ്രണയം ഉള്ളിൽ കൊണ്ടുനടക്കുന്നവരെ പതിവായി കണ്ടുമുട്ടാറുണ്ട് സമൂഹ മാധ്യമങ്ങളിൽ. സിനിമാ ഗാനങ്ങളേക്കാൾ  ഗൃഹാതുരതയുണർത്താൻ പോന്നവയാണ് ചില പരസ്യ ജിംഗിളുകൾ എന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന അനുഭവം. 

ഈ ജിംഗിൾ പലപ്പോഴും അറിയപ്പെടുന്നത് എ ആർ റഹ്‌മാന്റെ സൃഷ്ടിയായിട്ടാണ് എന്നൊരു ദുഃഖം മാത്രം. യഥാർത്ഥ ശിൽപ്പികൾ വിസ്മൃതരാകുക എന്നത് പഴയ പല  പരസ്യഗീതങ്ങളുടേയും ദുര്യോഗമാണല്ലോ

കാൽ നൂറ്റാണ്ടിലേറെയായി ഈ ജിംഗിൾ കേട്ടുതുടങ്ങിയിട്ട്. രൂപഭാവങ്ങളും സൗണ്ടിങും വാദ്യവിന്യാസവും ദൃശ്യഭംഗിയുമെല്ലാം മാറിമാറി വന്നെങ്കിലും ഈണത്തിന്റെ ഇന്ദ്രജാലം എന്നും ഒരുപോലെ. നന്ദി പറയേണ്ടത് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശങ്കർ മഹാദേവനോടാണ്. സിനിമയിൽ തിരക്കേറും മുൻപ് ശങ്കർ ചിട്ടപ്പെടുത്തിയ ഈ ജിംഗിൾ പലപ്പോഴും അറിയപ്പെടുന്നത് എ ആർ റഹ്‌മാന്റെ സൃഷ്ടിയായിട്ടാണ് എന്നൊരു ദുഃഖം മാത്രം. യഥാർത്ഥ ശിൽപ്പികൾ വിസ്മൃതരാകുക എന്നത് പഴയ പല  പരസ്യഗീതങ്ങളുടേയും ദുര്യോഗമാണല്ലോ. ഏറെ പ്രശസ്തമായ ജിംഗിളുകളുടെ പോലും രചയിതാക്കളുടെയും സംഗീത സംവിധായകരുടെയും പേരുകൾ കണ്ടെത്തുക ദുഷ്കരം.

മലയാളികളുടെ ഒരു തലമുറ മനസിലെങ്കിലും മൂളിനടന്ന ഈ വരികൾ എഴുതിയ "അജ്ഞാത"നെ തേടിയുള്ള യാത്ര എത്തിച്ചേർന്നത് പാലക്കാട് ചിറ്റൂർക്കാരൻ ഭഗവാൻദാസിൽ. എഫ് സി ബി ഉൾക്ക പരസ്യ ഏജൻസിയുടെ മുംബൈ ഓഫീസിൽ ഉദ്യോഗസ്ഥനായിരുന്ന ഭഗു എന്ന ഭഗവാൻദാസ് തികച്ചും യാദൃച്ഛികമായാണ് ഗാനരചയിതാവിന്റെ കുപ്പായമണിയുന്നത്;  ഉൾക്കയുടെ ഫിലിംസ് വിഭാഗത്തിന്റെ തലവനും പരസ്യചിത്ര സംവിധായകനുമായ സുബോധ് പോദ്ദാറിന്റെ നിർദേശ പ്രകാരം.

"ദൃശ്യവൽക്കരിക്കേണ്ട ആശയം മുംബൈയിലെ ഓഫീസിലിരുന്ന് ക്ഷമയോടെ ഹിന്ദിയിൽ വിവരിച്ച് തന്നു  പോദ്ദാർ. ജയലക്ഷ്മിയെ ഒരു സുന്ദരിയായി സങ്കൽപ്പിച്ച് വേണം എഴുതാൻ. കഴിയുന്നത്ര ലളിതവുമാവണം എഴുത്ത്. ഏതാണ്ട് ഒരു മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം പിരിയുമ്പോഴേക്കും വരികൾ തയ്യാറായിക്കഴിഞ്ഞിരുന്നു" -ഭഗവാൻദാസ് ഓർക്കുന്നു. ശങ്കർ മഹാദേവനെ നേരത്തെ അറിയാം പോദ്ദാറിന്. കാഡ്ബറീസ് ഡയറി മിൽക്കിന്റെ പ്രശസ്തമായ കുച്ഛ് ഖാസ് ഹേ പോലുള്ള ജിംഗിളുകൾ ചിട്ടപ്പെടുത്തി  ശങ്കർ തിളങ്ങിനിൽക്കുന്ന കാലമാണ്. ജയലക്ഷ്മിയുടെ ജിംഗിൾ ശങ്കറിനെ ഏൽപ്പിക്കാനുള്ള തീരുമാനം പോദ്ദാറിന്റേത് തന്നെ. പാടാൻ മഹാലക്ഷ്മി അയ്യരെ നിശ്ചയിച്ചത് ശങ്കറും. രാജേഷ് ജാവേരിയുടെ സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ് എന്നോർക്കുന്നു ഭഗവാൻദാസ്. നേരത്തെ "അമുൽ, ടേസ്റ്റ് ഓഫ് ഇന്ത്യ" ഉൾപ്പെടെ നിരവധി വിഖ്യാത പരസ്യ ചിത്രങ്ങളൊരുക്കിയ ചരിത്രമുള്ള  പോദ്ദാർ തന്നെയാണ് ജയലക്ഷ്മിയുടെ പരസ്യവും സംവിധാനം ചെയ്തത്. വളർന്നുവരുന്ന മോഡലായിരുന്ന ഇഷാ കോപ്പിക്കറെ വച്ച് ലളിതസുന്ദരമായി ചെയ്ത ആ പരസ്യം എളുപ്പം ജനശ്രദ്ധ നേടി. 

കാലമേറെ കടന്നുപോയെങ്കിലും "മധുരസ്വപ്‌നങ്ങൾ" ഉപേക്ഷിച്ചിട്ടില്ല ജയലക്ഷ്മി സിൽക്ക്സ്. രൂപഭാവങ്ങളിലും ടെംപോയിലും അറേഞ്ച്മെന്റിലും ഗായികാശബ്ദത്തിലും കാലാനുസൃതമായ മാറ്റങ്ങളോടെ ഇന്നും നമ്മെ തേടിയെത്തുന്നു ആ ഗാനവും ദൃശ്യങ്ങളും. ജയലക്ഷ്മി സിൽക്‌സിന്റെ ഷോറൂമുകളിലും കേൾക്കാം മനോമോഹിനിയായ ആ ഈണം. 

ഫേസ്ബുക്കിൽ കണ്ടുമുട്ടിയ കാമുകന്റെ വാക്കുകളിലേക്ക് വീണ്ടും: "ഹൃദയത്തെ ഞൊടിയിടയിൽ വശീകരിക്കുന്ന എന്തോ ഒരു മാജിക്ക് ഉണ്ട് ആ ഗാനശകലത്തിൽ. ഈണമാണോ അതോ ആലാപനമാണോ? അറിയില്ല. ഏത് ആൾത്തിരക്കിലും ആ പാട്ട് വന്നു കാതിൽ വീഴുമ്പോൾ അറിയാതെ മറ്റേതോ ലോകത്തേക്ക് യാത്രയാകാറുണ്ടായിരുന്നു മനസ്സ്. ഒരു സിനിമാ പാട്ടും ഇത്രയും നൊസ്റ്റാൾജിക് ആയി തോന്നിയിട്ടില്ല. ഇത്രയും റൊമാന്റിക്കും.." അതേ അഭിപ്രായം പങ്കുവയ്ക്കുന്ന നിരവധി പേർ  വേറെയുമുണ്ടാകും നമുക്കിടയിൽ എന്നുറപ്പ്. "ഞാൻ പോലും മറന്നുപോയ ജിംഗിളാണത്. ഇത്രയും വർഷങ്ങൾക്ക് ശേഷവും ആ ഈണം ചിലരെങ്കിലും മനസ്സിൽ കൊണ്ടുനടക്കുന്നു എന്നറിയുമ്പോൾ സന്തോഷം, നന്ദി.." -ശങ്കർ മഹാദേവന്റെ വാക്കുകൾ.  

രാഹുലിന്റെ ലീഡ് 13,000 കടന്നു, പാലക്കാട് വമ്പന്‍ മുന്നേറ്റവുമായി യുഡിഎഫ് | Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയില്‍ ചരിത്രവിജയവുമായി എന്‍ഡിഎ, ഝാര്‍ഖണ്ഡില്‍ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ മുന്നണി | Maharashtra Jharkhand Election Results Live

മഹാരാഷ്ട്രയില്‍ മഹാകാവ്യം രചിച്ച് മഹായുതി; കേവല ഭൂരിപക്ഷകടന്ന് ചരിത്രവിജയവുമായി മുന്നേറ്റം തുടരുന്നു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ശുഭപ്രതീക്ഷയിൽ യുഡിഎഫ് ക്യാമ്പ്

ശക്തികേന്ദ്രങ്ങളില്‍ ബിജെപിക്ക് തിരിച്ചടി; വിജയം ഉറപ്പിക്കാനാകുമെന്ന വിശ്വാസത്തില്‍ യുഎഡിഎഫ്