ENTERTAINMENT

ചിട്ടപ്പെടുത്തിയത് പ്രണയഗാനമായി, വഴിമാറ്റിയത് അപ്രതീക്ഷിതമായി എത്തിയ മെയിൽ; ഹിറ്റായി മാറിയ 'കണ്ണില്‍ കനവാഗ നീ'യുടെ കഥ

ഒരു പെണ്‍കുട്ടിയുടെ വീക്ഷണത്തിലെ പ്രണയഗാനം എന്ന രീതിയിലാണ് 'കണ്ണില്‍ കനവാഗ നീ...' ആദര്‍ശ് കൃഷ്ണൻ ആദ്യം കണ്‍സീവ് ചെയ്തത്

ഗ്രീഷ്മ എസ് നായർ

ഇന്‍സ്റ്റഗ്രാം റീല്‍സില്‍ 'കണ്ണില്‍ കനവാഗ നീ...' എന്ന പാട്ട് കേള്‍ക്കാത്തവര്‍ കുറവായിരിക്കും അല്ലേ? പ്രണയഗാനമായാണ് ചിട്ടപ്പെടുത്തിയതെങ്കിലും ദൃശ്യങ്ങളില്‍ ഒരു കലാകാരിയുടെ പോരാട്ടത്തിന്‌റെ, അതിജീവനത്തിന്‌റെ കഥയാണ്. അമ്മയ്‌ക്കൊപ്പം ബൈക്കില്‍ പോകുമ്പോള്‍ മനസിലേക്ക് അറിയാതെ വന്ന ഈണം ഇന്ന് സോണി മ്യൂസിക്കിലൂടെ സംഗീതാസ്വാദകര്‍ ഏറ്റെടുക്കുമ്പോള്‍ പാട്ട് ചിട്ടപ്പെടുത്തിയ കൊല്ലം സ്വദേശി ആദര്‍ശ് കൃഷ്ണനും ഹാപ്പി. 'കണ്ണില്‍ കനവാഗ നീ...' എന്ന ഹിറ്റ് പാട്ടിന്‌റെ കഥ പറഞ്ഞ് ആദര്‍ശ്.

മനസിലേക്ക് വന്ന ഈണം

2022 ലാണ് 'കണ്ണില്‍ കനവാഗ നീ...'എന്ന പാട്ട് സംഭവിക്കുന്നത്. ഒരു ദിവസം അമ്മയ്‌ക്കൊപ്പം ബൈക്കില്‍ പോകുമ്പോള്‍, ഈ പാട്ടിന്‌റെ ഇടയിലുള്ള ഒരു ഈണമാണ് ആദ്യം മനസിലേക്കു വന്നത്. അപ്പോള്‍ തന്നെ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. പിന്നീട് അതില്‍ വര്‍ക്ക് ചെയ്താണ് ഈ ഗാനത്തിന്‌റെ രൂപത്തിലാക്കുന്നത്. സുഹൃത്തായ അഭിലാഷ് വരികളെഴുതി, വിദ്യാ ലക്ഷ്മി പാടി. 2022 ല്‍ തന്നെ എന്‌റെ യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തു. ഒരു പെണ്‍കുട്ടിയുടെ വീക്ഷണത്തിലെ പ്രണയഗാനം എന്ന രീതിയിലാണ് ഗാനത്തെ കണ്‍സീവ് ചെയ്തിരുന്നത്.

ആദര്‍ശ് കൃഷ്ണൻ

സ്വപ്‌നം പോലെ ഒരു മെയില്‍

രണ്ടു വര്‍ഷം മുന്‍പാണ് പാട്ട് യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യുന്നത്. ആദ്യം ചില അമ്പലങ്ങളുടെ റീല്‍സിലും വിവാഹ വീഡിയോയിലുമൊക്കെ പാട്ടിന്‌റെ വരികള്‍ ഉപയോഗിക്കുന്നത് കണ്ടു. പതിയെപ്പതിയെ കാഴ്ചക്കാരുടെ എണ്ണം കൂടി. ഏതാണ്ട് ഒരു മില്ല്യണ്‍ വ്യൂ ആകാറായ സമയത്താണ് കഴിഞ്ഞ ജനുവരിയില്‍ ഒരു മെയില്‍ വരുന്നത്, sonymusic.com എന്ന പേരില്‍. ആദ്യം ഇത് സത്യമായിരിക്കുമോയെന്ന് സംശയിച്ചു. പിന്നീട് രണ്ടും കല്‍പ്പിച്ച് മറുപടി കൊടുത്തു. അങ്ങനെ ഫെബ്രുവരിയില്‍ സോണിയുമായി കരാറിലെത്തി.

വീഡിയോ ആയിട്ടാകും ഗാനം പുറത്തിറക്കുകയെന്ന് സോണി അറിയിച്ചതിനാല്‍ ആദ്യ വീഡിയോ എന്‌റെ യൂട്യൂബ് പേജിൽനിന്ന് നീക്കി. സ്ട്രഗിൾ ഓഫ് ഏൻ ആർട്ടിസ്റ്റ് എന്ന പേരിലുള്ള സ്‌റ്റോറി ലൈന്‍ അവര്‍ അയച്ചുതന്നിരുന്നു. കണ്ടപ്പോള്‍ ഞങ്ങള്‍ക്കും ഇഷ്ടപ്പെട്ടു. അങ്ങനെ നമ്മള്‍ ആരാധിക്കുന്ന ഒരുപാട് പേരുടെ പാട്ടുകള്‍ കേള്‍ക്കുന്ന ആ പ്ലാറ്റ്‌ഫോമിലൂടെ എന്‌റെ പാട്ടും ലോകം കേട്ടു. അതില്‍ വലിയ അഭിമാനമുണ്ട്.

ദര്‍ബാരി കാനഡ രാഗത്തിലെ കണ്ണില്‍ കനവാഗ നീ...

ഞാന്‍ ഏത് പാട്ട് ചെയ്യുമ്പോഴും ആദ്യം കേള്‍പ്പിക്കുക ചേച്ചിയെയാണ്. പിന്നെ അച്ഛനെ കേള്‍പ്പിച്ചു. അച്ഛനാണ് ഇത് ദര്‍ബാരി കാനഡ രാഗത്തിലുള്ള ഗാനമാണെന്ന് പറഞ്ഞുതന്നത്. രാഗം അറിഞ്ഞിട്ടൊന്നുമല്ല ഗാനം ചിട്ടപ്പെടുത്തിയത്. കാരണം ഞാന്‍ സംഗീതം പഠിച്ചിട്ടില്ല.

യൂട്യൂബാണ് ഗുരു

സംഗീതപാരമ്പര്യമുള്ള കുടുംബത്തിലാണ് ജനിച്ചത്. അപ്പൂപ്പന്‍ കളര്‍കോട് കൃഷ്ണസ്വാമി വയലിനിസ്റ്റായിരുന്നു. അച്ഛന്‍ കളര്‍കോട് നാരായണസ്വാമി സംഗീതജ്ഞനാണ്. പക്ഷേ ഞാൻ ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്നതാണ് വസ്തുത. ചെറുപ്പത്തില്‍ അച്ഛന്‍ കുട്ടികളെ പഠിപ്പിക്കുന്നതൊക്കെ കേട്ടിട്ടുണ്ടെങ്കിലും സംഗീതം അഭ്യസിച്ചിട്ടില്ല. വീട്ടില്‍ ആരും നിര്‍ബന്ധിച്ചിട്ടുമില്ല. പ്ലസ് വണ്ണിലൊക്കെ പഠിക്കുന്ന സമയത്താണ് ചെറുതായി പാട്ടിനോട് താല്‍പ്പര്യം വന്നുതുടങ്ങിയത്. അങ്ങനെ യൂട്യൂബില്‍ നോക്കി കംപോസിങ് സോഫ്‌റ്റ്‌വെയര്‍ നോക്കിയാണ് പഠിച്ചത്. ട്യൂണ്‍ ചെയ്യാനാകുമെങ്കില്‍ മിക്‌സിങ്, മാസ്റ്ററിങ് ഒക്കെ ചെയ്യാന്‍ പ്രഫഷണല്‍സിന്‌റെ സഹായം തേടാവുന്നതേയുള്ളൂ. ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് എന്‌റെ വീട്ടില്‍ സെറ്റ് ചെയ്യുന്ന സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്യുന്ന പാട്ടായതുകൊണ്ടാണ് ഞാന്‍ തന്നെ മിക്‌സിങ്ങും മാസ്റ്ററിങ്ങും ചെയ്യുന്നത്. അത് യുട്യൂബില്‍ നോക്കിയാണ് പഠിക്കുന്നത്.

തമിഴിലെഴുതാന്‍ കാരണമുണ്ട്

തമിഴ് ബ്രാഹ്‌മണ കുടുംബമായതിനാല്‍ വീട്ടില്‍ തമിഴിലാണ് സംസാരിക്കുന്നത്. അതുമാത്രമല്ല തമിഴ് ഗാനമാകുമ്പോള്‍ മലയാളികള്‍ക്ക് ഒരു പ്രത്യേക സ്‌നേഹമുണ്ട്. തമിഴിലിലായാല്‍ ദക്ഷിണേന്ത്യയുടെ മറ്റു ഭാഗങ്ങളിലുള്ളവര്‍ക്കും പാട്ട് ഇഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ പ്ലാന്‍ ചെയ്താണ് പാട്ട് തമിഴിലാക്കിയത്. വരികളെഴുതിയ അഭിലാഷിനു തമിഴ് ബന്ധമൊന്നുമില്ലെങ്കിലും വായിക്കാനും എഴുതാനുമൊക്കെ അറിയാമെന്നതും ഗുണമായി.

പ്രചോദനം ഹിപ്ഹോപ് തമിഴ

എല്ലാവരെയും പോലെ എ ആര്‍ റഹ്‌മാന്‍, അനിരുദ്ധ് തുടങ്ങിയ സംഗീത സംവിധായകരെയെല്ലാം ഇഷ്ടമാണെങ്കിലും ഹിപ്ഹോപ് തമിഴ (തമിഴ് മ്യൂസിക് ബാന്‍ഡ്) ആണ് പ്രചോദനം. അവരുടെ വീഡിയോ കണ്ടിട്ടാണ് പാട്ടുകൾ ചിട്ടപ്പെടുത്തണമെന്ന് പലപ്പോഴും തോന്നിട്ടിയിട്ടുള്ളത്. ആദ്യം ഇഡിഎം സോങ്‌സാണ് ചെയ്ത് തുടങ്ങിയത്. വരികളില്ലാതെ മ്യൂസിക് മാത്രമുള്ള പാട്ടുകളാണ് അത്. പിന്നീട് മണ്ണ് എന്ന ഡോക്യുമെന്‌ററിക്കുവേണ്ടി പശ്ചാത്തലസംഗീതം ഒരുക്കി. കേരള രാജ്യാന്തര ഡോക്യുമെന്‌ററി ഷോട്ട് ഫിലിം ഫെസ്റ്റിവലില്‍ അംഗീകാരം ലഭിച്ച ചിത്രമായിരുന്നു അത്.

എംഎസ് സി ഫിസിക്‌സാണ് പഠിച്ചത്. ബാങ്ക് ജോലിക്കുള്ള കോച്ചിങ്ങിനു പോകുന്നുണ്ട്. ഇന്‍ഡിപെന്‍ഡന്‌റ് മ്യൂസിക്കില്‍ ചില പരീക്ഷണങ്ങളൊക്കെ നടത്തണമെന്നുണ്ട്. പാട്ട് ഹിറ്റായപ്പോള്‍ തമിഴില്‍നിന്നും മലയാളത്തില്‍ നിന്നുമൊക്കെ ചില വിളികള്‍ വരുന്നുണ്ട്. പക്ഷേ അതൊന്നും പറയാനുള്ള നിലയിലായിട്ടില്ല.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം