ആറു വർഷം മുൻപ് ആദ്യം വിളിക്കുമ്പോൾ 'അഷ്ടമുടിക്കായലി'ലെ പാട്ടായിരുന്നു ഷെറിൻ പീറ്റേഴ്‌സിന്റെ ഫോണിലെ ഹലോ ട്യൂൺ; ഇന്നും അതു തന്നെ- "മേടമാസക്കുളിരിലാരെ നീ മാടിവിളിക്കുമീ ഓളങ്ങളായ്, ഈ വിഷുപ്പക്ഷി തൻ വിരഹഗാനമോ തീരത്തിൻ മാറിതിലലിഞ്ഞു...'' സിനിമക്ക് വേണ്ടി ഷെറിൻ ആദ്യം പാടി റെക്കോർഡ് ചെയ്ത പാട്ട്. നാലര പതിറ്റാണ്ടിനിപ്പുറവും ഏകാകിയായ ആ വിഷുപ്പക്ഷി ഷെറിന്റെ ഉള്ളിൽ പാടിക്കൊണ്ടേയിരിക്കുന്നു
"എല്ലാവരും നമ്മളെ മറന്നുപോയിരിക്കുന്നു രവി..." - ഇന്നലേയും ഷെറിൻ പറഞ്ഞു, എല്ലാ നൊമ്പരങ്ങളും നിഷ്കളങ്കമായ ഒരു ചിരിയിൽ ഒളിപ്പിച്ചുകൊണ്ട്.
"നാട്ടിൽ നിന്ന് ആരും എന്നെ വിളിക്കാറില്ല. ബന്ധുക്കൾ, സിനിമയിലെ പഴയ സുഹൃത്തുക്കൾ, ആരും..." ഒരു നിമിഷം നിർത്തി ആത്മഗതമെന്നോണം ഷെറിൻ കൂട്ടിച്ചേർക്കുന്നു: "ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതേ തെറ്റാണ്. പാട്ടു നിർത്തിയിട്ട് വർഷങ്ങളായില്ലേ? അതുകൊണ്ടുതന്നെ ഇടക്കൊക്കെ രവി വിളിക്കുമ്പോൾ വലിയ സന്തോഷം. മനസിന് ശരിക്കും ഒരു റീചാർജിംഗ് ആണത്. ഇങ്ങനെയും ഒരു ഭൂതകാലമുണ്ടായിരുന്നു എനിക്ക്, എന്നോർക്കുക രവി വിളിക്കുമ്പോഴാണ്..."
എന്തു മറുപടി പറയണമെന്നറിയാതെ നിശ്ശബ്ദനായി നിന്നു ഞാൻ; ഉള്ളിൻ്റെയുള്ളിൽ ആ പഴയ സ്കൂൾ കുട്ടി ഒന്നു വിതുമ്പിയോ?
സംഗീതവേദികളിൽ നിന്നും റെക്കോർഡിംഗ് സ്റ്റുഡിയോകളിൽ നിന്നുമെല്ലാം ഏറെ അകലെ, ഏകാന്തതയുടെ തീരത്താണിപ്പോൾ ഷെറിൻ. ചെന്നൈ നുങ്കംപാക്കത്തെ വീട്ടിൽ, ശരീരത്തിന്റെ ഭാഗമായിക്കഴിഞ്ഞ ചക്രക്കസേരയിലിരുന്ന് ജനാലയിലൂടെ അനന്തമായ ആകാശനീലിമ ആസ്വദിക്കും കുറെ നേരം. രാത്രികളിൽ റിയാലിറ്റി ഷോകളിലെ കൊച്ചുകുട്ടികളുടെ നിഷ്കളങ്കമായ സംഗീത പ്രകടനം ടി വിയിൽ കാണും. പാടാറില്ല. പാട്ടിനൊപ്പം എല്ലാം മറന്ന് ഒഴുകിനടന്ന ഭൂതകാലത്തെ കുറിച്ച് അധികം ചിന്തിക്കാറുമില്ല.
"ഭാവിയെ ചൊല്ലിയാണ് ഇന്നെന്റെ ആശങ്ക മുഴുവൻ. ഒറ്റയ്ക്കായിപ്പോകാതിരിക്കാൻ ദൈവത്തോട് അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു. സന്തോഷമുള്ള കാര്യങ്ങൾ മാത്രം ഓർക്കാൻ ശ്രമിക്കുന്നു. കൂട്ടിലടക്കപ്പെട്ട ഒരു കിളിയ്ക്ക് മറ്റെന്ത് ചെയ്യാൻ കഴിയും ? '' പാടിയ ആദ്യ ഗാനത്തിലൂടെ തന്നെ ആസ്വാദകരുടെ ഒരു തലമുറയെ പാട്ടിലാക്കിയ ഗായിക ചിരിക്കുന്നു; നേർത്ത വിഷാദസ്പർശമുള്ള ചിരി.
ഷെറിൻ പീറ്റേഴ്‌സിനെ മറന്നാലും ഷെറിന്റെ ശബ്ദത്തിൽ അനശ്വരമായ ആ ഗാനം മറക്കാനാവില്ല മലയാളിക്ക്: 'അഷ്ടമുടിക്കായൽ' (1978) എന്ന ചിത്രത്തിൽ ചിറയിൻകീഴ് രാമകൃഷ്ണൻ നായർ എഴുതി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ 'മേടമാസക്കുളിരിലാരെ' സ്ഥിരമായി റേഡിയോയിൽ കേട്ട കാലമുണ്ടായിരുന്നു. പിന്നെയും മുപ്പതോളം പാട്ടുകൾ സിനിമക്ക് വേണ്ടി പാടി ഷെറിൻ. ഏറെയും അരപ്പാട്ടുകളും മുറിപ്പാട്ടുകളും. സോളോകൾ അത്യപൂർവം. എങ്കിലും ചില പാട്ടുകളെങ്കിലും ഇന്നും കാതിലുണ്ട്. "കഥയറിയാതെ'' എന്ന ചിത്രത്തിൽ എം ഡി രാജേന്ദ്രൻ എഴുതി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ 'താരണിക്കുന്നുകൾ കാത്തു സൂക്ഷിച്ച തടാകം' മറക്കാനാവില്ല
ചെന്നൈയിലാണ് ഷെറിൻ്റെ ജനനം. അച്ഛൻ ജേക്കബ് പീറ്റേഴ്സ് കുന്നംകുളം സ്വദേശി. റോഡ് റോളറുകളും മറ്റും നിർമ്മിക്കുന്ന ഗാർലിക് എന്ന ഇൻഡോ - ജാപ്പനീസ് കമ്പനിയുടെ ചെന്നൈ റീജിയണൽ മാനേജരായിരുന്നു അദ്ദേഹം. ചർച്ച്പാർക്ക് എൽ പി സ്‌കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ഷെറിൻ്റെ ജീവിതത്തിലെ ആദ്യത്തെ താളപ്പിഴ. "എല്ലാം തുടങ്ങിയത് ഒരു തൊണ്ടവേദനയിൽ നിന്നാണ്. അത് പനിയായി മാറിയപ്പോഴും ആരും സംശയിച്ചില്ല. പതിവുപോലെ വന്നുപോയ്ക്കോളും എന്നേ കരുതിയിരിക്കുള്ളൂ ഡാഡിയും മമ്മിയും. പക്ഷേ അതങ്ങനെ മാറാനുള്ള പനിയായിരുന്നില്ല. നാലാം ദിവസം കുളിമുറിയിൽ തളർന്നു വീണു. പോളിയോയുടെ ആക്രമണമാണെന്ന് ഡോക്ടർമാർ പോലും തിരിച്ചറിഞ്ഞത് അപ്പോഴാണ്. കാലും കയ്യുമൊന്നും ചൊൽപ്പടിക്ക് നിൽക്കുന്നില്ല. ഡാഡിയുടെയും മമ്മിയുടെയും അപ്പോഴത്തെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളു. അവർക്ക് പത്തുവർഷം കാത്തിരുന്നു കിട്ടിയ നിധിയായിരുന്നില്ലേ ഞാൻ. ഒരേയൊരു മകൾ...'' വെല്ലൂരിലെ ചികിത്സയും വ്യായാമവും കൊണ്ട് കൈകൾ പതുക്കെ പൂർവസ്ഥിതിയിലായെങ്കിലും കാലുകളുടെ തളർച്ച ഷെറിനെ വിട്ടുപോയില്ല.
കുസൃതി കാട്ടി തുള്ളിച്ചാടി നടന്നിരുന്ന ഒരു കുട്ടിയുടെ ജീവിതം പൊടുന്നനെ വീടിൻ്റെ നാല് ചുമരുകൾക്കുള്ളിലേക്ക് ഒതുങ്ങുകയാണ്. ആ മാറ്റം അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളാനുള്ള പക്വതയായിട്ടില്ല അന്നത്തെ ഏഴു വയസുകാരിക്ക്. നടക്കാൻ പ്രയാസമായതോടെ അധികസമയവും വീട്ടിൽ തന്നെയായി ജീവിതം. പഴയപോലെ പുറത്തുപോയി കളിക്കാൻ വയ്യ. ഒറ്റയ്ക്കിരുന്ന് പാട്ടു കേട്ട് തുടങ്ങുന്നത് അങ്ങനെയാണ്.
"ഏതു പാട്ടും ഒരു തവണ കേട്ടാൽ അതേപടി ആവർത്തിക്കാനുള്ള കഴിവുണ്ടായിരുന്നു എനിക്ക്. സംഗീതം പഠിപ്പിക്കണമെന്ന് ഡാഡി നിശ്ചയിച്ചതും അതുകൊണ്ടാവണം.'' -- ഷെറിൻ പറയുന്നു.
ആയിടക്കാണ് ഡാഡിയോടൊപ്പം അമ്പിളിയുടെ ഒരു ഗാനമേള കേൾക്കാൻ പോയത്. ദക്ഷിണാമൂർത്തിയുടെ ശിഷ്യയാണ് അമ്പിളി എന്നറിഞ്ഞപ്പോൾ പീറ്റേഴ്‌സിന് ഒരു മോഹം, മകളെയും സ്വാമിയുടെ ശിഷ്യയാക്കണം. സുഹൃത്തും ചെന്നൈയിലെ സാംസ്കാരികരംഗത്തെ പ്രമുഖനുമായ കെ ജി മേനോൻ വഴി ദക്ഷിണാമൂർത്തിയെ തൻ്റെ ആഗ്രഹം അറിയിക്കുന്നു അദ്ദേഹം. സ്വാമിക്ക് വിരോധമൊന്നും ഉണ്ടായിരുന്നില്ല. വീട്ടിൽ വന്നാണ് അദ്ദേഹം ഷെറിനെ പഠിപ്പിച്ചത്. ''വലിയ ചിട്ടയുള്ള ആളാണ്. എങ്കിലും സ്വാമിയുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിഞ്ഞു എന്നുതന്നെയാണ് എന്റെ വിശ്വാസം.'' -- ഷെറിൻ. മ്യൂസിയം തിയേറ്ററിൽ സാക്ഷാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സാന്നിധ്യത്തിലായിരുന്നു ഷെറിൻ്റെ അരങ്ങേറ്റ കച്ചേരി.
ആദ്യമായി സിനിമയിൽ പാടിച്ചതും ദക്ഷിണാമൂർത്തി തന്നെ. ആദ്യഗാനം കേട്ട് പലരും അഭിനന്ദിച്ചിരുന്നു. എങ്കിലും ആ പാട്ടിന്റെ പേരിൽ ആരും എന്നെ ഓഫറുകളുമായി തിരഞ്ഞുവന്നതൊന്നുമില്ല. ഡാഡിയുടെ ബന്ധങ്ങളും സൗഹൃദങ്ങളും വഴിയാണ് പല സിനിമകളിലും പാടാൻ അവസരം ലഭിച്ചത്.''
1983 ൽ ഹൃദയാഘാതം മൂലം ഡാഡി മരിക്കുന്നു. ഏഴു വർഷം കൂടി കഴിഞ്ഞ് മമ്മിയും. "രണ്ടും പ്രതീക്ഷിക്കാത്ത ആഘാതങ്ങളായിരുന്നെങ്കിലും പിടിച്ചുനിൽക്കാൻ എന്നെ സഹായിച്ചത് അമ്മയെ പോലെ എന്നെ നോക്കിയ ആന്റിയാണ്. ഡാഡി മരിച്ചതോടെ തന്നെ മിക്കവാറും എന്റെ സിനിമാജീവിതം അവസാനിച്ചിരുന്നു. 1986 ലാണ് അവസാനം പാടിയത് എന്നാണോർമ്മ. പിന്നെ ഈ വീൽചെയറും വീടുമായി എന്റെ ലോകം. 2014 ൽ ആന്റി കൂടി വിടവാങ്ങിയതോടെ ഞാൻ ശരിക്കും ഒറ്റയ്ക്കായി. സഹായത്തിന് ഇപ്പോൾ തമിഴ്നാട്ടുകാരായ ഒരു കുടുംബമുണ്ടെങ്കിലും എത്രകാലം അവർ സഹായത്തിനുണ്ടാകും? അറിയില്ല. കൂടുതൽ കടന്നു ചിന്തിച്ചാൽ മനസ്സ് അശാന്തമാകും. വേണ്ട. വരുംപോലെ വരട്ടെ... 70 വർഷം എന്നെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ചത് യേശുദേവനാണ്. ഇനിയുള്ള കാലത്തും ആ അനുഗ്രഹം തന്നെയാകും എന്റെ തണൽ ...''
ഷെറിന്റെ ഇപ്പോഴത്തെ വലിയൊരു ആശ്വാസം ആഴ്ചയിൽ മൂന്ന് ദിവസമുള്ള ലേഡീസ് ക്ലബ്ബ് സന്ദർശനമാണ്. അവിടെ ചെന്ന് കുറച്ചുനേരം ചീട്ടു കളിച്ചിരിക്കും. ''ആ മൂന്ന് ദിവസമെങ്കിലും പുത്തനുടുപ്പ് ധരിച്ച് വീടിന് പുറത്തിറങ്ങാമല്ലോ. പുതിയ പുതിയ മുഖങ്ങൾ കാണാമല്ലോ. അതൊരു സന്തോഷം..."