ENTERTAINMENT

'2018' ന് ശേഷം തീയേറ്ററിൽ പ്രളയം; ബോക്സ് ഓഫീസിൽ കരതൊടാനാകാതെ പുതിയ മലയാള ചിത്രങ്ങൾ

തീയേറ്ററുകൾ അടച്ചുപൂട്ടൽ ഭീഷണിയിലെന്ന് ഫിയോക്ക്

ഗ്രീഷ്മ എസ് നായർ

2023 ന്റെ ആദ്യ പകുതിയിലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനാകാതെ മലയാള സിനിമ. ഈ വർഷം ഇതുവരെ 56 ചിത്രങ്ങൾ വെള്ളിത്തിരയിലെത്തിയെങ്കിലും വിജയിച്ചത് വെറും ആറ് ചിത്രങ്ങൾ മാത്രം. മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ 2018, ജോൺപോൾ ജോർജിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം രോമാഞ്ചം എന്നിവയ്ക്ക് മാത്രമാണ് കാര്യമായ ചലനമുണ്ടാക്കാനായത്. പ്രണയവിലാസം, മധുര മനോഹര മോഹം , നെയ്മർ എന്നിവ ബോക്സ് ഓഫീസിലെ ഹിറ്റ് ചിത്രങ്ങളും പാച്ചുവും അദ്ഭുതവിളക്കും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച ചിത്രവുമായി.

പ്രതീക്ഷയോടെ കാത്തിരുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസ് ദുരന്തങ്ങളായി എന്ന് പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്
സുരേഷ് ഷേണായി , ഫിയോക്ക്

ഈ വർഷത്തെ ആദ്യ ഹിറ്റ് സമ്മാനിച്ചത് രോമാഞ്ചമായിരുന്നു. വമ്പൻ താരനിരകളൊന്നുമില്ലാതെ എത്തിയ ചിത്രം യുവാക്കൾ ഏറ്റെടുത്തതോടെ ബ്ലോക്ക് ബസ്റ്റർ വിജയമായി. ജൂഡ് ആന്തണി ജോസഫിന്റെ പ്രളയം പശ്ചാത്തലമാക്കിയ 2018 മാത്രമാണ് മെഗാ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. തീയേറ്ററിൽ നിന്ന് 200 കോടിയിലേറെ നേടി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് 2018, തീയേറ്റർ വ്യവസായത്തിന് ഉണർവേകിയെങ്കിലും പിന്നാലെ വന്ന ഭൂരിഭാഗം ചിത്രങ്ങൾക്കും വിജയം ആവർത്തിക്കാനായില്ല

മമ്മൂട്ടിയുടെ ക്രിസ്റ്റഫർ, മോഹൻലാലിന്റെ എലോൺ , നിവിൻ പോളിയുടെ തുറമുഖം, ആസിഫ് അലിയുടെ മഹേഷും മാരുതിയും, മഞ്ജു വാര്യരുടെ വെളളരിപട്ടണം, പ്രിയദർശന്റെ കൊറോണ പേപ്പേഴ്സ് , ആഷിഖ് അബുവിന്റെ ടോവീനോ ചിത്രം നീലവെളിച്ചം, എന്നിവയെല്ലാം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.

കോവിഡ് കാലത്തേക്കാൾ വലിയ പ്രതിസന്ധിയെന്ന് ഫിയോക്ക്

6 ചിത്രങ്ങൾ വിജയിച്ചെന്ന് പറയുമ്പോഴും തീയേറ്റർ വ്യവസായത്തിന് ഗുണം ചെയ്തത് രോമാഞ്ചം, 2018 എന്നീ ചിത്രങ്ങൾ മാത്രമാണ്. മറ്റ് നാല് ചിത്രങ്ങളിൽ നിന്ന് ലാഭമുണ്ടായില്ല, നഷ്ടവുമില്ല എന്നോ ഭേഭപ്പെട്ട നില എന്നോ മാത്രമേ പറയാനാകൂയെന്ന് ഫിയോക്ക് പ്രതിനിധി സുരേഷ് ഷേണായി ദ ഫോർത്തിനോട് പറഞ്ഞു. "ഈ ട്രെൻഡ് തുടർന്നാൽ തീയേറ്ററുകൾ അടച്ചുപൂട്ടേണ്ടിവരും. പ്രതീക്ഷയോടെ കാത്തിരുന്ന പല ചിത്രങ്ങളും ബോക്സ് ഓഫീസ് ദുരന്തങ്ങളായി എന്ന് പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്," അദ്ദേഹം പറഞ്ഞു.

കോവിഡിന് മുൻപ് ഷോ ബ്രേക്ക് (ആളില്ലാത്തതിനാൽ ഷോ നടത്താനാകാത്ത അവസ്ഥ) ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് തീയേറ്ററുകൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അതാണ്. പല സിനിമകൾക്കും ആളില്ലാത്തതിനാൽ മിക്ക ഷോയും ഒഴിവാക്കേണ്ടി വരുന്നു. പ്രേക്ഷകരുടെ അഭിരുചി അനുസരിച്ച് മലയാള സിനിമയിൽ മാറ്റം വന്നാൽ മാത്രമേ മുന്നോട്ടുപോകാനാകൂയെന്നും ഫിയോക്ക് പ്രതിനിധികൾ പറയുന്നു.

ഓണത്തിന് ശേഷം നിലവിൽ ഒക്ടോബർ 20 ന് എത്തുന്ന ആടുജീവിതം മാത്രമേ മലയാളത്തിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളൂ. വർഷാവസാനം മലൈക്കോട്ടൈ വാലിബനും എത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 35 മുതൽ 40 ചിത്രങ്ങൾ കൂടി ഈ വർഷം തീയേറ്ററിലെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ എത്രയെണ്ണം വിജയിക്കുമെന്ന് കണ്ടറിയണം. നിലവിലെ ട്രെൻഡ് തുടർന്നാൽ വർഷവസാനം ഇപ്പോളുള്ളതിന്റെ പകുതി തീയേറ്ററുകൾ മാത്രമേ കേരളത്തിലുണ്ടാകൂയെന്നും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ