നാല്പത് വർഷത്തെ സിനിമ ജീവിതത്തിൽ തന്നെക്കുറിച്ചും തന്റെ രാഷ്ട്രീയത്തെക്കുറിച്ചും മാത്രം പറയാൻ 'വാഴൈ' എന്ന സിനിമ നിർമിച്ചിരിക്കുകയാണ് തമിഴ് സംവിധായകൻ മാരി സെൽവരാജ്. തന്റെ സിനിമാജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ധിയായി ഈ സിനിമയെ കണക്കാക്കുന്നതുകൊണ്ടു തന്നെ സംവിധായകൻ എന്നതിനപ്പുറം ഈ സിനിമയുടെ നിർമാണവും മാരി സെൽവരാജ് തന്നെയാണ് ഏറ്റെടുത്തിരിക്കുന്നത്.
താരങ്ങളൊന്നുമില്ലെന്നത് സിനിമയുടെ പ്രത്യേകതയാണ്. അതൊരു പ്രത്യേകത മാത്രമല്ലെന്നാണ് അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
താരങ്ങളുള്ള സിനിമകളുടെ പ്രൊമോഷൻ സമയങ്ങളിൽ നമ്മൾ സിനിമയെക്കുറിച്ച് മാത്രമല്ല താരങ്ങളെക്കുറിച്ചുകൂടി പറയേണ്ടതുണ്ട്. 'വാഴൈ' എന്ന സിനിമയിൽ താരങ്ങൾ ഇല്ലാത്തതുകൊണ്ടുതന്നെ തനിക്ക് സിനിമയെക്കുറിച്ചും സംവിധായകനെന്ന നിലയ്ക്കു തന്നെക്കുറിച്ചും സംസാരിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. മാരി സെൽവരാജ് ആദ്യമായി നിർമിക്കുന്ന സിനിമകൂടിയാണ് 'വാഴൈ'.
ഇത് താൻ തനിക്കുവേണ്ടി നിർമിക്കുന്ന സിനിമയാണെന്നാണ് മാരിസെൽവരാജിന്റെ പക്ഷം. ഇനി അങ്ങോട്ട് എത്രകാലം തന്റെ നിലപാടുകൾ കലയിലൂടെ അവതരിപ്പിക്കാനാകുമെന്നറിയില്ലെന്നും ഇനി വരുന്ന തലമുറയുമായി ബന്ധമില്ലാതായിപ്പോകരുതെന്നതുകൊണ്ടാണ് ഈ സിനിമ ചെയ്യുന്നതെന്നും മാരി സെൽവരാജ് പറഞ്ഞു.
കലയും സൃഷ്ടാവും തമ്മിൽ അകലം പാലിക്കാൻ സാധിക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഈ കാലം അങ്ങനെയല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. നിങ്ങളുടെ കലയിലൂടെ മാത്രമല്ല നിലപാടുകൾ പ്രകടിപ്പിക്കേണ്ടതെന്നും അടുത്തുനിൽക്കുന്ന ആളുകളോട് തോളിൽ കൈയിട്ട് തങ്ങളുടെ നിലപാട് പറയുന്നതാണ് തനിക്ക് ഇഷ്ടമെന്നും പറയുന്ന അദ്ദേഹം തന്റെ സിനിമകളും അത്തരത്തിലാണെന്നാണ് പറയുന്നത്.
കാഴ്ചക്കാർക്ക് എപ്പോഴും പുറത്തേക്ക് പ്രകടമാകുന്ന ഒരു നിഷ്കളങ്കതയുണ്ടെന്നും അത് ശരിയല്ല എന്ന് അവരെ ബോധ്യപ്പെടുത്തനുള്ള ശ്രമമാണ് താൻ സിനിമയിലും പുറത്തും നടത്തിക്കോണ്ടിരിക്കുന്നതെന്നും ആ ശ്രമം തുടരുമെന്നും അദ്ദേഹം പറയുന്നു. മലയാളി നടി നിഖില വിമലും കലയരസനും ദിവ്യ ദുരൈസാമിയുമാണ് സിനിമയിലെ പ്രധാനതാരങ്ങൾ. ഓഗസ്റ്റ് 23ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത സിനിമ സെപ്റ്റംബറിൽ ഒടിടിയിലെത്തുമെന്നാണ് കരുതുന്നത്.