ENTERTAINMENT

ഇത്തവണ 'മമ്മൂട്ടി'ക്കും കഴിഞ്ഞില്ല ജഗനെ രക്ഷിക്കാന്‍; ആന്ധ്രയില്‍ തകര്‍ന്നടിഞ്ഞ് വൈഎസ്ആര്‍സിപി

തിരഞ്ഞെടുപ്പിലെ പരാജയം പോലെതന്നെ ചിത്രവും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. യാത്ര രണ്ടാം ഭാഗത്തില്‍ ജഗന്റെ തന്നെ ജീവിതമായിരുന്നു സിനിമയായത്.

വെബ് ഡെസ്ക്

ലോക്‌സഭയിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ആന്ധ്രാപ്രദേശ്. ഹീറോ പരിവേഷത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ജഗന്‍മോഹന്‍ റെഡ്ഡിക്ക് പക്ഷേ തന്റെ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല.

2019 ല്‍ 22 ലോക്‌സഭ സീറ്റുകളും 151 നിയമസഭ സീറ്റുകളും നേടി വിജയിച്ച ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പക്ഷേ 2024 ല്‍ എത്തിയപ്പോള്‍ ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.

ലോക്‌സഭയില്‍ വെറും നാല് സീറ്റുകളും നിയമസഭയില്‍ വെറും 12 സീറ്റുകളുമാണ് പാര്‍ട്ടിക്ക് നേടാന്‍ കഴിഞ്ഞത്. 2019 ല്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സകല അടവുകളും പയറ്റി വിജയിച്ച ജഗന് പക്ഷേ 2024 ല്‍ അതേ അടവുകളും കൂടെ പുത്തന്‍ തന്ത്രങ്ങളും പ്രയോഗിച്ചെങ്കിലും വിജയിക്കാനായില്ല.

നടന്‍ മമ്മൂട്ടിയെ നായകനാക്കി തന്റെ അച്ഛനും ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറഞ്ഞ സിനിമയായ 'യാത്ര' ഒരുക്കിയായിരുന്നു 2019 ല്‍ തിരഞ്ഞെടുപ്പിനെ ജഗന്‍ നേരിട്ടത്.

അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ സിനിമയുടെ രണ്ടാം ഭാഗം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ആന്ധ്രയില്‍ റിലീസ് ചെയ്തു. തിരഞ്ഞെടുപ്പിലെ പരാജയം പോലെ തന്നെ ചിത്രവും ബോക്‌സോഫീസില്‍ പരാജയമായിരുന്നു. രണ്ടാം ഭാഗത്തില്‍ ജഗന്റെ തന്നെ ജീവിതമായിരുന്നു സിനിമയായത്.

2004ല്‍ വൈ എസ് ആര്‍ നേതൃത്വം നല്‍കി കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, 1475 കിലോ മീറ്റര്‍ നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയായിരുന്നു യാത്രയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. 2009ല്‍ ഹെലികോപ്റ്റര്‍ അപകടത്തിലാണ് വൈ എസ് ആര്‍ മരിക്കുന്നത്. ആന്ധ്ര ജനതയുടെ ഹൃദയത്തോട് അടുത്ത് നിന്ന രാജശേഖര റെഡ്ഡിയുടെ ജീവിതം 2019 ല്‍ വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ വന്‍ വിജയമായിരുന്നു.

രണ്ടാം ഭാഗത്തില്‍ വൈ എസ് ആറിന്റെ മരണവും തുടര്‍ന്നുള്ള അധികാര കൈമാറ്റവും ജഗന്‍ മോഹന്റെ രാഷ്ട്രീയവുമായിരുന്നു ഇതിവൃത്തമായത്. മമ്മൂട്ടി വീണ്ടും വൈ എസ് രാജശേഖര റെഡ്ഡിയായി എത്തിയപ്പോള്‍ തമിഴ് താരം ജീവയായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയായി എത്തിയത്. യാത്ര സംവിധാനം ചെയ്ത മഹി വി രാഘവ് തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. 2024 ഫെബ്രുവരി എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്.

എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണത്തിന് എതിരെ ഉയര്‍ന്ന ശക്തമായ വികാരത്തെ ശമിപ്പിക്കാന്‍ സിനിമയ്ക്ക് ആയില്ല. അതുമായിരുന്നില്ല പ്രശ്‌നം. മുമ്പ് ജഗന് പൂര്‍ണ പിന്തുണയുമായി പാര്‍ട്ടിയിലുണ്ടായിരുന്ന സഹോദരി സ്വത്ത് തര്‍ക്കം മൂലം പാര്‍ട്ടി വിടുകയും കോണ്‍ഗ്രസിന് ഒപ്പം ചേര്‍ന്നതും ജഗന് വെല്ലുവിളിയായിരുന്നു.

സമ്പൂര്‍ണ ജാതി സര്‍വേയും അംബേദ്കര്‍ പ്രതിമയുടെ നിര്‍മാണവുമെല്ലാം ജഗന്‍ ഇക്കാലത്ത് നടപ്പാക്കിയെങ്കിലും ഇതൊന്നും വോട്ടായി മാറിയില്ല. അഴിമതിയാരോപണങ്ങളില്‍ കുടുങ്ങി വലഞ്ഞിരുന്ന തെലുങ്ക് ദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതും ജനസേന പാര്‍ട്ടി ചെയര്‍മാനും തെലുങ്ക് താരവുമായ പവന്‍ കല്ല്യാണ്‍ എതിരായി നിന്നതുമെല്ലാം ജഗന് തിരിച്ചടിയായി മാറി.

സഹോദരിയുമായുള്ള സ്വത്ത് തര്‍ക്കം ആന്ധ്രയിലെ സാധാരണക്കാര്‍ക്കിടയില്‍ ജഗന്റെ ഇമേജ് തകര്‍ക്കുന്നതിന് കാരണമായി. തിരഞ്ഞെടുപ്പില്‍ ജഗന്‍ വിജയിച്ചെങ്കിലും ജഗന്റെ സഹോദരിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുമായ വൈ എസ് ശര്‍മിള പരാജയപ്പെടുകയും ചെയ്തു.

'അധികാര കൊതി മൂത്ത സഹോദരി അമ്മയെ കൂട്ടുപിടിച്ച് ഒറ്റപ്പെടുത്തുന്ന, സ്‌നേഹം ലഭിക്കാത്ത, ആന്ധ്ര ജനതയുടെ പുത്രനായ ജഗന്‍' എന്ന രീതിയിലുള്ള ക്യാംപയിനുകളുമായിട്ടായിരുന്നു ജഗന്‍ ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ വെള്ളിത്തിരയിലെ ജഗനെ പോലെതന്നെ യഥാര്‍ഥ ജീവിതത്തിലെ ജഗനെയും ആന്ധ്ര ജനത കൈ ഒഴിയുകയായിരുന്നു.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം