നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങും. 2019ല്‍ പുറത്തെത്തിയ മിഖായേലിനു ശേഷം നിവിന്‍ പോളി - ഹനീഫ് അദേനി കൂട്ടുകെട്ടിൽ എത്തുന്ന ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രം നിവിൻ പോളിയുടെ 42-ാമത്തെ ചിത്രമാണ്.
ചിത്രത്തിന്റെ ടൈറ്റിൽ നാളെ ഉണ്ടാകുമെന്ന് അറിയിച്ചുകൊണ്ടുളള ഒരു വീഡിയോയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. തോക്കുകളും കാർ ചേസിംഗ് രംഗങ്ങളും നിറഞ്ഞ വീഡിയോ പ്രേക്ഷകർക്ക് ഒരു തകർപ്പൻ അനുഭവമാണ് ഒരുക്കി വെച്ചിരിക്കുന്നതെന്ന സൂചനയാണ് നൽകിയിരിക്കുന്നത്.
ഈ വർഷം ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. ലൊക്കേഷനിലെ സ്റ്റൈലിഷ് ഗെറ്റപ്പിലുളള നിവിന്‍ പോളിയുടെ ചിത്രങ്ങൾ നേരത്തെ തന്നെ വൈറലായിരുന്നു. ഹോളിവുഡ് ചിത്രങ്ങൾക്ക് ഉപയോഗിക്കുന്ന ബോൾട്ട് ക്യാമറയാണ് എൻപി 42 ചിത്രീകരിച്ചിരിക്കുന്നത്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. ദുബൈയിലെ ചിത്രീകരണത്തിന് ശേഷം കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്.
നിവിൻ പോളിയുടെ സമീപകാലത്ത് പുറത്തെത്തിയ ചിത്രങ്ങളൊന്നും തന്നെ ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നില്ല. അതുകൊണ്ടു തന്നെ ബോൾട്ട് ക്യാമറകളും ജിമ്മി ജിബും ഡ്രോണുകളും അടക്കമുള്ള സംവിധാനങ്ങളുടെ മികവിൽ ഒരുങ്ങുന്ന ചിത്രം ആരാധകരും പ്രേക്ഷകരും ഒരു പോലെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. മാജിക് ഫ്രെയിംസ്, പോളി ജൂനിയർ പിക്ചേഴ്‌സിന്റെയും ബാനറുകളില്‍ ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍ പോളിയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. നിവിന്‍ പോളിക്ക് ഒപ്പം ജാഫര്‍ ഇടുക്കി, വിനയ് ഫോര്‍ട്ട്, വിജിലേഷ്, മമിത ബൈജു, ആര്‍ഷ ബൈജു തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രൊഡക്ഷന്‍ ഡിസൈന്‍ സന്തോഷ് രാമന്‍, കോസ്റ്റ്യൂം മെല്‍വി ജെ, മ്യൂസിക് മിഥുന്‍ മുകുന്ദന്‍, എഡിറ്റിംഗ് നിഷാദ് യൂസഫ്, മേക്കപ്പ് ലിബിന്‍ മോഹനന്‍, അസോസിയേറ്റ് ഡയറക്ടര്‍ സമന്തക് പ്രദീപ്, ലൈന്‍ പ്രൊഡ്യൂസേഴ്‌സ് ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രണവ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍ ഇന്ദ്രജിത്ത് ബാബു, ഫിനാന്‍സ് കണ്‍ട്രോളര്‍ അഗ്‌നിവേശ്, ഡിഒപി അസോസിയേറ്റ് രതീഷ് മന്നാര്‍.