കമൽ ഹാസൻ 
ENTERTAINMENT

കൽക്കി 2898 എഡിക്ക് സമ്മതം മൂളിയത് ഒരു വർഷത്തിനുശേഷം; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ

കമൽ ഹാസന്റെ കാസ്റ്റിങ് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന കൽക്കി 2898 എഡി. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, കമൽ ഹാസൻ എന്നിവരുൾപ്പടെയുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് കമൽ ഹാസൻ എത്തുന്നത്. എന്നാൽ ഈ കഥാപാത്രം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തനിക്ക് വലിയ സംശയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ ഹാസൻ ഇപ്പോൾ. ഒരു വർഷമെടുത്തു ഇക്കാര്യത്തിൽ തീരുമാനം എടുക്കാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൽക്കി 2898 എഡിയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലായിരുന്നു കമൽ ഹാസന്റെ പരാമർശം. ചിത്രത്തിന്റെ നിർമാതാക്കളും അഭിനേതാക്കളും പങ്കെടുത്ത അഭിമുഖത്തിൽ കമൽ ഹാസന്റെ കാസ്റ്റിങ് വളരെ ബുദ്ധിമുട്ടേറി ഒന്നായിരുന്നുവെന്ന് നിർമാതാക്കൾ വെളിപ്പെടുത്തിയിരുന്നു. ചിത്രത്തിലേക്ക് കമൽ ഹാസനെ എത്തിക്കാൻ ഏറെ പാടുപെട്ടുവെന്നാണ് നിർമാതാക്കളായ പ്രിയങ്കയും സ്വപ്‍ന ദത്തും പറഞ്ഞത്. വളരെ സാഹസപ്പെട്ടാണ് കമലിനെ ഇക്കാര്യത്തിൽ സമ്മതിപ്പിച്ചതെന്നും അവർ പറയുന്നു. അദ്ദേഹം വളരെ സംശയത്തിലായിരുന്നുവെന്ന് പ്രഭാസും ചൂണ്ടിക്കാട്ടി. ഇക്കാര്യം ചോദിച്ചപ്പോഴായിരുന്നു കമലിന്റെ മറുപടി.

"ഞാൻ സ്വയം പീഡിപ്പിക്കുകയായിരുന്നില്ല. എനിക്ക് എന്നെക്കുറിച്ചുതന്നെ സംശയം ഉയർന്നുവന്നു. ഞാൻ എന്താണ് ചെയ്യുക? അതായിരുന്നു കാരണം. വില്ലൻ വേഷങ്ങൾ ഞാൻ നേരത്തെ ചെയ്തിട്ടില്ല എന്നല്ല, പ്രധാന വില്ലനായും സൈക്കോ പാത്തായും ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ഇത് വ്യത്യസ്‍തമാണ്," അദ്ദേഹം പറഞ്ഞു. ഇക്കാര്യം സമ്മതിച്ച് കൊണ്ട് കമൽ ചിത്രത്തിലെത്തിയത് തങ്ങളുടെ ഭാഗ്യമാണെന്ന് പ്രഭാസും അഭിമുഖത്തിൽ പറയുന്നത് കേൾക്കാം.

ദുൽഖർ സൽമാൻ, ദിഷ പഠാനി, പശുപതി, ശോഭന, അന്നാ ബെൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽനിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്കുശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്. ലോകപ്രശസ്തമായ സാൻ ഡിയാഗോ കോമിക് കോൺ ഇവന്റിൽ ലോഞ്ച് ചെയ്ത ആദ്യ ഇന്ത്യൻ സിനിമ കൂടിയാണ് കൽക്കി.

ചിത്രത്തില്‍ നായകനായെത്തുന്ന പ്രഭാസ് 'ഭൈരവ' എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുരാണങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയന്‍സ് ഫിക്ഷനാണ് ‘കല്‍ക്കി 2898 എഡി’ എന്നാണ് റിപ്പോര്‍ട്ട്. വൈജയന്തി മൂവീസിന്റെ ബാനറില്‍ സി അശ്വിനി ദത്താണ് ‘കല്‍ക്കി 2898 എഡി’ നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തുവന്നതിന് പിന്നാലെ കോപ്പിയടി ആരോപണം ഉയർന്നിരുന്നു. ഹോളിവുഡ് സിനിമകളായ ഡൂണിലെയും മാഡ് മാക്സിലെയും ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്ന ആരോപണമാണ് ഉയർന്നു വന്നിരുന്നത്. ജൂൺ 27ന് കൽക്കി 2898 എഡി തിയേറ്ററുകളിൽ എത്തും.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം