ആടുജീവിതത്തിലെ നജീബാവാൻ ആഗ്രഹിച്ചിരുന്നെന്ന് ടൊവീനോ തോമസ്. ആടുജീവിതം കഥ ബ്ലെസ്സി സിനിമയാക്കുന്നു എന്നറിഞ്ഞതു മുതൽ ആ സിനിമയുടെ ഭാഗമാവാൻ ആഗ്രഹിക്കുകയും അതിനായുളള ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നതായി ടൊവീനോ ചാനൽ ഗലാട്ടയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പുതിയ ചിത്രമായ അജയന്റെ രണ്ടാം മോഷണവുമായി ബന്ധപ്പെട്ട പ്രൊമോഷനിലാണ് ടൊവീനോ ഇക്കാര്യം പങ്കുവെച്ചത്.
ആടുജീവിതം ചെയ്യാൻ ആഗ്രഹിച്ചിരുന്ന സമയം നജീബിന്റെ വേഷം പൃഥ്വിരാജ് ചെയ്യുമെന്നതിൽ തീരുമാനമായിരുന്നില്ല. തമിഴ് നടൻ വിക്രം എത്തുമെന്നായിരുന്നു കരുതിയിരുന്നത്. ആ സ്ഥാനത്തേക്കാണു സിനിമയിൽ പുതുമുഖമായിരിക്കെ ആഗ്രഹം അറിയിച്ചുകൊണ്ട് സംവിധായകൻ ബ്ലെസിയെ താൻ സമീപിച്ചതെന്നും ടൊവീനോ പറയുന്നു.
ടൊവീനോയുടെ വാക്കുകൾ
ആടുജീവിതം എന്ന സിനിമ ചെയ്യാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ വായിച്ചപ്പോൾ തന്നെ ആ ചിത്രം ചെയ്യണമെന്ന കടുത്ത ആഗ്രഹം തോന്നി. നജീബെന്ന കഥാപാത്രമായി എന്നെ പരിഗണിക്കാനും ബ്ലെസ്സി സാറിന്റെ ശ്രദ്ധയിലേക്ക് എന്റെ പേര് കൊണ്ടുവരാനും ഞാൻ പല ശ്രമങ്ങളും നടത്തിയിരുന്നു. മേക്കപ്പ് ചീഫായ രഞ്ജിത്ത് അമ്പാടി വഴി ബ്ലെസ്സി സാറിനോട് സംസാരിക്കാൻ ശ്രമിച്ചത്. 2014ൽ കൂതറ എന്ന സിനിമ ചെയ്യുന്നതിനിടയിൽ. ആടുജീവിതത്തിനുവേണ്ടി രാജുവേട്ടനുമായുള്ള സംസാരം നടക്കുന്നുണ്ടായിരുന്നെങ്കിലും ആദ്യം വിക്രം സാർ അഭിനയിക്കുമെന്നാണ് ഞാൻ കരുതിയിരുന്നത്.
എല്ലാത്തിനോടും കൗതുകമുള്ള, എന്തിനും തയ്യാറായുളള ഒരു പുതുമുഖമായിരുന്നു അന്ന് ഞാൻ സിനിമയിൽ. എന്തുവേണമെങ്കിലും ചെയ്യാമെന്ന ആവേശത്തിലായിരുന്നു ബ്ലെസ്സി സാറിനെ സമീപിച്ചതും. ഇപ്പോഴും സിനിമയ്ക്കുവേണ്ടി എന്തും ചെയ്യാനാവും എന്ന വിശ്വാസം എനിക്കുണ്ട്. പൂർണതയെന്നത് ഒരിക്കലും സംഭവിക്കില്ലെങ്കിലും സിനിമയ്ക്കുവേണ്ടി ഏതറ്റംവരെ പോകാനും എത്രമാത്രം പരിശ്രമിക്കാനും ഞാനിന്നും തയ്യാറാണ്. ആ വിശ്വാസം തന്നെയാണ് അന്നും ഇന്നും എന്നെ സിനിമയിൽ പിടിച്ചുനിർത്തുന്ന ഘടകം.
ടൊവിനോ ട്രിപ്പിൾ റോളിലെത്തുന്ന എആർഎം പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് തിയറ്ററുകളിൽ എത്തുക. ജിതിൻ ലാലാണ് സംവിധാനം. 60 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം 1900, 1950, 1990 കാലഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത്.
ജിഎം പ്രൊഡക്ഷൻസ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിൽ ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത് .118 ദിവസങ്ങൾ കൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. വലിയ ഇടവേളക്ക് ശേഷം മലയാളത്തിൽ പ്രദർശനത്തിനെത്തുന്ന 3ഡി സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.