വിവാദ ചിത്രം ദ കേരള സ്റ്റോറിക്കെതിരെ നടന്‍ ടൊവീനോ തോമസ്. ട്രെയിലറിന്റെ വിവരണത്തില്‍ 32,000 എന്ന് പറഞ്ഞത് പിന്നീട് 3 ആയി മാറിയതെങ്ങനെയെന്നും അത് ആളുകൾക്ക് വ്യാജമാണെന്ന് അറിയാവുന്നത് കൊണ്ടാണെന്നും ടൊവീനോ വ്യക്തമാക്കി. എന്നാൽ ഇത്തരത്തില്‍ ഒരു സംഭവം കേരളത്തില്‍ സംഭവിച്ചു എന്ന കാര്യം നിഷേധിക്കുന്നില്ല, പക്ഷേ മൂന്ന് പേരുടെ സംഭവം വച്ച് കേരളത്തിലെ മൂന്നര കോടി വരുന്ന ജനങ്ങളെ സാമാന്യവത്ക്കരിക്കുന്നത് ശരിയല്ലെന്നും ടൊവീനോ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടൊവീനോയുടെ പ്രതികരണം.
സിനിമകള്‍ സാങ്കല്‍പ്പികമാകാം , എന്നാല്‍ കേരളത്തിന്റെ അല്ലാത്ത കഥയ്ക്ക് കേരള സ്റ്റോറിയെന്ന് പേരിടുന്നത് ശരിയല്ലെന്നും ടൊവീനോ പറയുന്നു. ഇത് കേരളത്തിന്റെ കഥയായി സമ്മതിക്കാന്‍ കഴിയില്ല. താന്‍ കേരളത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ്, തനിക്ക് കേരളത്തിന്റെ കഥയറിയാം. പ്രളയകാലത്ത് താന്‍ അത് നേരിട്ട് കണ്ടതാണ്. സ്‌നേഹത്തോടും കാരുണ്യത്തോടും ആളുകള്‍ ഒരുമിച്ച് നില്‍ക്കുന്നതാണ് കേരളത്തിന്റെ കഥയെന്നും ടൊവീനോ പറയുന്നു. ആളുകള്‍ എല്ലാ കാര്യങ്ങളും അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ടൊവീനോയുടെ വാക്കുകള്‍ ഇങ്ങനെ-
ഞാന്‍ ഇതുവരെ ആ സിനിമ കണ്ടിട്ടില്ല. സിനിമ കണ്ടവരോടും ഞാന്‍ സംസാരിച്ചിട്ടില്ല. ഞാന്‍ ട്രെയിലര്‍ കണ്ടു. അതിന്റെ വിവരണം '32000 സ്ത്രീകള്‍' എന്നായിരുന്നു. എന്നിട് അതിന്റെ നിര്‍മ്മാതാക്കള്‍ തന്നെ അത് 32000 ത്തില്‍ നിന്ന് മൂന്നാക്കി മാറ്റി. എന്താണിത് അര്‍ത്ഥമാക്കുന്നത് ? എനിക്കറിയാവുന്നിടത്തോളം കേരളത്തില്‍ മൂന്നര കോടി ജനങ്ങളുണ്ട്, ഈ മൂന്ന് സംഭവങ്ങള്‍ കൊണ്ട് ആര്‍ക്കും അതിനെ സാമാന്യവത്ക്കരിക്കാന്‍ സാധിക്കില്ല.
ഇത് കേരളത്തില്‍ സംഭവിച്ചുവെന്ന വസ്തുത ഞാന്‍ നിഷേധിക്കില്ല. ഇത് സംഭവിച്ചിരിക്കാം. എനിക്ക് വ്യക്തിപരമായി അറിയില്ല, പക്ഷേ ഞാന്‍ ഇത് വാര്‍ത്തകളില്‍ വായിച്ചിട്ടുണ്ട്. ഇന്ന് നമ്മള്‍ കാണുന്നതെല്ലാം വസ്തുതകളല്ല, അഭിപ്രായങ്ങള്‍ മാത്രമാണ്. അഞ്ച് വ്യത്യസ്ത ചാനലുകളില്‍ ഒരേ വാര്‍ത്ത അഞ്ച് വ്യത്യസ്ത രീതികളിലായി നമ്മള്‍ കാണുന്നു. അതിനാല്‍, എന്താണ് ശരിയും തെറ്റും എന്ന് എനിക്കറിയില്ല, പക്ഷേ ഈ അഭിപ്രായങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്. അതിനാല്‍, ഇത് സംഭവിച്ചുവെന്ന വസ്തുത ഞാന്‍ നിഷേധിക്കുന്നില്ല.
32000 എന്നത് പിന്നീടവര്‍ മാറ്റുകയായിരുന്നു. പക്ഷേ ആദ്യം അവര്‍ 32000 എന്ന് പരാമര്‍ശിച്ചത് എന്ത് കൊണ്ടാണ്? 32000 എന്നത് ഒരു വ്യാജ സംഖ്യയാണെന്ന് എല്ലാവര്‍ക്കും അറിയാം, ഇപ്പോള്‍ അത് മൂന്നാക്കി മാറ്റി. എന്താണ് അതിനര്‍ത്ഥം? ഞാന്‍ ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ആളുകള്‍ക്ക് മനസ്സിലാകും. ആളുകള്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ അന്ധമായി വിശ്വസിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്തായാലും നമ്മളെല്ലാം മനുഷ്യരാണ്. നമുക്കെല്ലാവര്‍ക്കും ഒരേ മസ്തിഷ്‌ക ശേഷിയാണുള്ളത്, അതിനാല്‍ എല്ലാം അന്ധമായി വിശ്വസിക്കുന്നത് നിര്‍ത്തുക. ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ പോലും അത് അന്ധമായി വിശ്വസിക്കരുത്. ചിന്തിക്കുക! നിങ്ങള്‍ക്ക് ബുദ്ധിയുണ്ട്, അതിനാല്‍ ചിന്തിച്ച് തീരുമാനിക്കുക. ഇത് 2023 ആണ്, നമ്മള്‍ അന്ധമായി വിശ്വസിക്കുന്നത് നിര്‍ത്തി യുക്തിപരമായി ചിന്തിക്കാന്‍ തുടങ്ങുക. നിങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ആരെയും അനുവദിക്കരുത്.
സിനിമ ഫിക്ഷന്‍ ആകാം. ഒരു സാങ്കല്‍പ്പിക സിനിമ നിര്‍മ്മിക്കുന്നതില്‍ തെറ്റൊന്നുമില്ല, പക്ഷേ കേരളത്തിന്റേതല്ലാത്ത കഥയ്ക്ക് കേരള സ്റ്റോറിയെന്ന് പേരിടുന്നത് ശരിയല്ല. ഞാന്‍ സമ്മതിക്കില്ല, അത് കേരളത്തിന്റെ കഥയല്ല. അതെനിക്കറിയാം. കാരണം ഞാന്‍ ജനിച്ചതും വളര്‍ന്നതും കേരളത്തിലാണ്, അത് കേരളത്തിന്റെ കഥയല്ല.
2018ല്‍ ആളുകള്‍ (കഷ്ടപ്പെടുന്നതും അതിജീവിക്കുന്നതും ഒരുമിച്ച് വരുന്നതും) ഞാന്‍ കണ്ടിട്ടുണ്ട്. അത് മുത്തപ്പിരണ്ടായിരമോ മുന്നോ അല്ല, സ്‌നേഹത്തോടെയും കരുണയോടെയും ദശലക്ഷക്കണക്കിന് ആളുകളാണ് യഥാര്‍ത്ഥത്തില്‍ പ്രളയകാലത്ത് ഒരുമിച്ച് നിന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ഒരു മതമോ ആരെയും വേര്‍തിരിക്കുന്നത് ഞങ്ങള്‍ കണ്ടിട്ടില്ല. മനുഷ്യര്‍ ഒരുമിച്ച് നില്‍ക്കുന്നതും അതിജീവിക്കാന്‍ ശ്രമിക്കുന്നതുമാണ് ഞാന്‍ കണ്ടത്, അതില്‍ അവര്‍ വിജയിച്ചു.
സിനിമയ്ക്ക് നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. കുറഞ്ഞപക്ഷം മോശമായ സന്ദേശങ്ങള്‍ നല്‍കാതിരിക്കാന്‍ ശ്രമിക്കാം. സിനിമ ഒരു വിനോദ മാധ്യമമാണ്. വിനോദത്തിന് ആളുകളുടെ മനസ്സ് മാറ്റാന്‍ കഴിയും. സമ്മര്‍ദത്തിലായൊരാള്‍ക്ക്
സിനിമ കാണുന്നതിലൂടെ അവരുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സാധിക്കുമെങ്കില്‍, ആ സിനിമയുടെ ഉദ്ദേശ്യം നിറവേറ്റപ്പെട്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്നത്തെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതുമായ കലാരൂപങ്ങളിലൊന്നാണ് സിനിമ. അതുപോലെ ഏറ്റവും ശക്തമായ മാധ്യമങ്ങളിലൊന്നുമാണത്. അതിനാല്‍ പ്രേക്ഷകര്‍ക്ക് വളരെ ശക്തമായ സന്ദേശം നല്‍കാനുള്ള അവസരം നമ്മള്‍ക്കുണ്ട്. അത് ഒരു ഉത്തരവാദിത്തമായി എടുക്കണം. സിനിമ വളരെ ശുദ്ധമായ കലയാണ്. അത് ദുരുപയോഗം ചെയ്യാന്‍ പാടില്ല.