ENTERTAINMENT

ഒരു കുത്തിത്തിരിപ്പ് ഉണ്ടാക്കിയപ്പോൾ സുഖം കിട്ടിയില്ലേ; മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ടൊവിനോയുടെ മറുപടി

'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ മറുപടി

എന്റർടെയ്ൻമെന്റ് ഡെസ്ക്

പൊളിറ്റിക്കൽ കറക്ടനസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച ഓൺലൈൻ മാധ്യമപ്രവർത്തകന് മറുപടിയുമായി നടൻ ടൊവിനോ തോമസ്. പൊളിറ്റിക്കലി കറക്ടല്ലാത്ത ഒരു കഥാപാത്രം ലഭിച്ചാൽ താൻ ചെയ്യുമെന്നും ടൊവിനോ വ്യക്തമാക്കി. ടൊവിനോയുടെ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന പുതിയ ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു താരത്തിന്റെ മറുപടി.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ ജിനു എബ്രഹാം എഴുതിയ മുൻ ചിത്രം 'കടുവ'യിലെ വിവാദ സംഭാഷണം എടുത്തുമാറ്റിയ കാര്യം ചൂണ്ടിക്കാട്ടി എഴുത്തിൽ ഇത്തരം പൊളിറ്റിക്കലായ കാര്യം ഇനി ശ്രദ്ധിക്കുമോ? എന്നായിരുന്നു ഓൺലൈൻ മാധ്യമപ്രവർത്തകന്റെ ചോദ്യം. ചിത്രത്തിലെ ഡയലോഗ് ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ രക്ഷിതാക്കളെയും അധിക്ഷേപിക്കുന്നതാണെന്നായിരുന്നു ഉയർന്ന ആരോപണം.

ഇതിന് ജിനു മറുപടി പറയുന്നതിനിടെ ടൊവിനോയും മറുപടി പറയുകയായിരുന്നു. 'രണ്ട് വർഷം മുമ്പ് ഇറങ്ങിയ സിനിമ. അതിൽ പറ്റിയൊരു തെറ്റിന്റെ പേരിൽ നിരുപാധികം മാപ്പ് ചോദിക്കുകയും ആ സീൻ നീക്കം ചെയ്യുകയും ചെയ്തു. എല്ലാവരും മറന്നു കിടന്നൊരു കാര്യം ഇവിടെ മനഃപൂർവം ഓർമിപ്പിച്ച് കുത്തിത്തിരിപ്പുണ്ടാക്കി. ഒരു സുഖം കിട്ടി. ഒരു കണ്ടന്റ് കിട്ടിയില്ലേ? തെറ്റ് ഏറ്റുപറഞ്ഞ് എഴുത്തുകാരൻ, ഇനി ആവർത്തിക്കില്ലെന്ന് എഴുത്തുകാരൻ അതായിരിക്കും ക്ലിക്ക് ബൈറ്റ്. കൊള്ളാം. ഐ അപ്രിഷിയേറ്റ് ഇറ്റ്' എന്നായിരുന്നു ടൊവിനോയുടെ മറുപടി.

ഇതിന് പിന്നാലെ ടൊവിനോയ്ക്ക് ഇത്തരം തിരക്കഥകൾ ചെയ്യുന്നതിന് പേടിയുണ്ടോ എന്നായി ഓൺലൈൻ മാധ്യമപ്രവർത്തകന്റെ അടുത്ത ചോദ്യം. എനിക്കാരേയും പേടിയില്ലെന്ന് ടൊവിനോ മറുപടി പറഞ്ഞു.

തുടർന്ന് പൊളിറ്റിക്കൽ ഇൻകറക്ട് ആയിട്ടുള്ള തിരക്കഥ വന്നാൽ അഭിനയിക്കുമോ എന്നും ടൊവിനോയോട് ചോദിച്ചു. 'പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്നൊരു കഥാപാത്രം ചെയ്യുന്ന സമയത്ത് ഞാൻ എന്ത് ചെയ്യണം? എന്നായിരുന്നു ഇതിന് ടൊവിനോ തിരികെ ചോദിച്ചത്.

'താനൊരു വില്ലൻ കഥാപാത്രമാണ് ചെയ്യുന്നതെന്ന് കരുതുക. അയാളൊരു വൃത്തികെട്ടവനാണ്. പൊളിറ്റിക്കലി ഇൻകറക്ട് ആയ കാര്യങ്ങൾ ചെയ്യുന്നവനാണ്. അപ്പോഴും ഞാൻ പറയണമോ ഇത് പൊളിറ്റിക്കലി ഇൻകറക്ട് ആണെന്നും ഇത് ഞാൻ ചെയ്യില്ല എന്നും. പൊളിറ്റിക്കലി ഇൻകറക്ട് ആയിട്ടുള്ള സീനുകളോ ഡയലോഗുകളോ ഉണ്ടാകുന്നതല്ല, അതിനെ ഗ്ലോറിഫൈ ചെയ്യുന്നതാണ് തെറ്റ്. പൊളിറ്റിക്കൽ കറക്ട്നെസിനെക്കുറിച്ച് കൃത്യമായി ധാരണയുണ്ടായിരുന്നുവെങ്കിൽ ഈ ചോദ്യം ചോദിക്കേണ്ട കാര്യമില്ല. കുഴപ്പമില്ല, നിങ്ങൾക്കൊരു കണ്ടന്റ് കിട്ടി. ചിൽ.' എന്നും ടൊവിനോ മറുപടി പറഞ്ഞു.

ടൊവിനോ തോമസിന്റെ 2024 ലെ ആദ്യ ചിത്രമാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. 1980 കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്.

സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

സന്തോഷ് നാരായണൻ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ആദ്യ മലയാളചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. ജോണി ആന്റണി, ജിനു.വി. ഏബ്രഹാം എന്നിവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ശേഷമാണ് ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധാനത്തിലേക്കെത്തുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ