പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഹിഗ്വിറ്റയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. നടൻ ഫഹദ് ഫാസിലാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടത്. ഹേമന്ത് ജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമ്മൂടാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കണ്ണൂർ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവ് സഖാവ് പന്ന്യന്നൂർ മുകുന്ദനായിട്ടാണ് സുരാജ് വേഷമിടുന്നത്. മറ്റൊരു കേന്ദ്ര കഥാപാത്രമായ ധ്യാൻ ശ്രീനിവാസൻ അയ്യപ്പദാസ് എന്ന വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്.
സെക്കന്റ് ഹാഫ് പ്രൊഡക്ഷൻസും വിത്ത് മാംഗോസ് ഇൻ കോക്കനട്ടിന്റെയും ബാനറിൽ ബോബി തര്യനും സജിത് അമ്മയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. "ഭയം ഈ ലോകത്തിലെ ഏറ്റവും മോശമായ വാക്കുകളാണ്. അതുകൊണ്ട് ഭീരുവാകരുത്. ഭീരുവായ ആണ് ഏറ്റവും വലിയ തെറ്റ് കൂടിയാണ്. പേടിച്ച പുരുഷൻ ഏറ്റവും വലിയ അശ്ളീലവും" ട്രെയിലറിലെ സഖാവ് പന്ന്യന്നൂർ മുകുന്ദന്റെ ഈ വാക്കുകളിൽക്കൂടി ചിത്രത്തിന്റെ പൊതുസ്വഭാവം വ്യക്തമാക്കപെടുന്നുണ്ട്. കണ്ണൂർ രാഷ്ട്രീയത്തിന്റെ നേർക്കാഴ്ച കൂടിയാകും ചിത്രം.
മനോജ് കെ ജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിനീത് കുമാർ, മാമുക്കോയ, അബു സലിം, ശിവദാസ് കണ്ണൂർ, ജ്യോതി കണ്ണൂർ, ശിവദാസ് മട്ടന്നൂർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷണങ്ങളിലെത്തുന്നു. രാഹുൽ രാജ് ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഗാനങ്ങൾ പാടിയിരിക്കുന്നത് വിനായക് ശശികുമാറും ധന്യാ നിഖിലുമാണ്. ഫാസിൽ നാസറാണ് ഛായാഗ്രഹണം. ചിത്രം മാർച്ച് 31ന് തിയേറ്ററുകളിലെത്തും.