മലയാള സിനിമയുടെ ചിരിയുടെ സുല്‍ത്താന് കോഴിക്കോടിന്റെ മണ്ണില്‍ അന്ത്യവിശ്രമം. ബുധനാഴ്ച അന്തരിച്ച നടന്‍ മാമുക്കോയയുടെ മൃതദേഹം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മതപരമായ ചടങ്ങുകള്‍ക്ക് ശേഷം ഗണ്‍ഫയര്‍ ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം. രാവിലെ കോഴിക്കോട് അരക്കിണര്‍ ജുമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരം നടത്തിയതിന് ശേഷമായിരുന്നു മൃതദേഹം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ എത്തിച്ചത്.
സ്വാതന്ത്ര്യ സമരസേനാനി അബ്ദുൾ റഹ്മാൻ സാഹിബിന് അടുത്തായി മറ്റ് സ്വാതന്ത്ര്യ സമരസേനാനികൾക്കൊപ്പം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ തന്നെ ഖബറടക്കണമെന്ന മാമുക്കോയയുടെ ആഗ്രഹപ്രകാരമായിരുന്നു ചടങ്ങുകള്‍. മാമുക്കോയയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നതിനായി സുഹൃത്തുക്കളും നാട്ടുകാരും സംസ്‌കാരിക, സിനിമ രംഗത്തെ പ്രമുഖരും കോഴിക്കോട് എത്തിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.05ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മാമുക്കോയയുടെ അന്ത്യം. വണ്ടൂൂരിലെ പൊതു പരിപാടിക്കിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളാക്കിയത്.
ഉച്ചയ്ക്ക് മൂന്നേകാൽ മുതൽ രാത്രി 10 വരെ കോഴിക്കോട് ടൗൺഹാളിൽ പൊതുദർശനം നടന്നു. ടൗണ്‍ഹാളിലേക്കും അദ്ദേഹത്തിന്റെ വസതിയിലും ആയിരകണക്കിന് ആളുകൾ അദ്ദേഹത്തെ അവസാനമായി കാണാൻ എത്തിയിരുന്നു.
സിനിമ - നാടക വേദിയിലെ പ്രമുഖരുൾപ്പെടെയുള്ളവര്‍ പ്രിയ നടൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി
സിനിമ - നാടക വേദിയിലെ പ്രമുഖരുൾപ്പെടെയുള്ളവര്‍ പ്രിയ നടൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. തനത് ഭാഷയിലൂടെ മലയാള സിനിമയിൽ തൻ്റേതായ ഇടം സൃഷ്ടിച്ച നടനാണ് മാമുക്കോയ. ഫുഡ്ബോളിലും അദ്ദേഹം വളരെ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ മാമുക്കോയ വൈക്കം മുഹമ്മദിന്റെ ശുപാര്‍ശയിലാണ് ആദ്യ ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്. 1982 ല്‍ എസ് കൊന്നനാട്ട് സംവിധാനം ചെയ്ത 'സുറുമയിട്ട കണ്ണുകളായിരുന്നു' ആദ്യ ചിത്രം. പിന്നീടങ്ങോട്ട് തന്റേതായ ശൈലികൊണ്ട് ഹാസ്യ പരമ്പരകള്‍ തന്നെ തീര്‍ത്തു അദ്ദേഹം.