ദളിത് വിരുദ്ധ പരാമർശത്തിന്റെ പേരിൽ കന്നഡ നടനും പ്രജാകീയ പാർട്ടി നേതാവുമായ ഉപേന്ദ്ര റാവുവിനെതിരെ രണ്ട് കേസുകൾ. ബെംഗളൂരുവിലെ സി കെ അച്ചുകട്ടു പോലീസ് സ്റ്റേഷനിലും ഹലസൂരു ഗേറ്റ് പോലീസ് സ്റ്റേഷനുകളിലാണ് ഉപേന്ദ്രക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രജാകീയ പാർട്ടിയുടെ വാർഷികത്തോടനുബന്ധിച്ച് ചെയ്ത ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞ കാര്യങ്ങളാണ് കേസിനാധാരം. ദളിത് വിഭാഗത്തെ മോശം ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുള്ള ഉപേന്ദ്രയുടെ ഫേസ് ബുക്ക് ലൈവ്.
ലൈവിൽ നടത്തിയ പരാമർശം ദളിത് അധിക്ഷേപമായി ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തു വന്നതോടെ വീഡിയോ നീക്കം ചെയ്തു നടൻ മാപ്പു പറഞ്ഞു. മാപ്പു പറച്ചിൽ കൊണ്ട് തീരുന്നതല്ല പ്രശ്നമെന്ന് നിലപാടെടുത്ത ദളിത് സംഘടനകൾ ഉപേന്ദ്രക്കെതിരെ പരാതിയുമായി മുന്നോട്ടു പോകുകയായിരുന്നു. ഇതോടെ ആയിരുന്നു ബെംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഉപേന്ദ്ര ഫേസ്ബുക്ക് ലൈവ് ചിത്രീകരിച്ച ബെംഗളൂരുവിലെ വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. സദാശിവ നഗറിലേയും കത്രികുപ്പയിലെയും വീടുകളിൽ അന്വേഷിച്ചെങ്കിലും നടൻ ബെംഗളൂരുവിൽ ഇല്ലെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ഉപേന്ദ്രയെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്ന് പോലീസ് അറിയിച്ചു .
അതേസമയം ഉപേന്ദ്രയെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്. സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി എച് സി മഹാദേവപ്പയും ഉപേന്ദ്രക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. ഉപേന്ദ്രയുടെ പരാമർശം ഭരണഘടനാ വിരുദ്ധമാണെന്നും സാമൂഹ്യ നീതിക്കു വേണ്ടിയുള്ള ഈ നാടിന്റെ പോരാട്ടത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്നും മന്ത്രി എച് സി മഹാദേവപ്പ പറഞ്ഞു.