ഓസ്‌കാര്‍ അവാര്‍ഡ് കരസ്ഥമാക്കിയ നാട്ടു നാട്ടു എന്ന ഗാനത്തിന് ചുവടുവെച്ച് യുക്രെയ്ന്‍ സൈന്യം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് ട്രെന്‍ഡിങ് പട്ടികയില്‍ ഇടം പിടിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റിന്റെ വസതിക്ക് മുന്നിലായിരുന്നു രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ഗാനരംഗത്തിലെ ചുവടുകളുമായി സൈനികര്‍ അണിനിരന്നത്.
ജൂനിയര്‍ എന്‍ടിആറും രാം ചരണും മനോഹരമായി ചുവടുവെച്ച ഈ ഗാനരംഗത്തിന്റെ യുക്രെയ്ന്‍ പതിപ്പാണ് വീഡിയോയില്‍. എന്നാല്‍ ഗാനരംഗത്തിന് ചുവടുവെക്കുന്നത് യുക്രെയ്ന്‍ സൈന്യമാണ്. പാട്ടിലെ വരികള്‍ക്ക് ശരിയായ രീതിയില്‍ ചുണ്ട് അനക്കി കൊണ്ട് കൃത്യതയോടെയും ആവേശത്തോടെയുമാണ് സൈനികര്‍ നൃത്തം ചെയ്യുന്നത്. ഒലിവിയ മോറിസിന്റെ ജെന്നിയായി ഒരു സ്ത്രീ ചുവടുവെക്കുന്നതും നിരവധി പശ്ചാത്തല നര്‍ത്തകരെയും കാഴ്ചക്കാരരെയും വീഡിയോയില്‍ കാണാം. 'ഉക്രെയ്‌നിലെ സൈന്യം നാച്ചോ നാച്ചോയെ പാരഡി ചെയ്തപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
ലോക ബോക്‌സ് ഓഫിസില്‍ നിന്നും ഏകദേശം 1144 കോടി ചിത്രം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഈ ഗാനത്തിന് ഓസ്‌കാര്‍, ക്രിട്ടിക് ചോയ്‌സ് മൂവി അവാര്‍ഡ്, ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.
യുഎസ്, ജപ്പാന്‍, സൗത്ത് കൊറിയ തുടങ്ങി പല രാജ്യങ്ങളില്‍ നിന്നും നാട്ടു നാട്ടുവിലെ നൃത്തം അനുകരിച്ചുകൊണ്ടുള്ള ഡാന്‍സ് വീഡിയോകള്‍ ഇപ്പോഴും പ്രചരിക്കുന്നുണ്ട്. നേരത്തെ ബിടിഎസ് ഗായകന്‍ ജങ്കൂക്കും നാട്ടു നാട്ടു ഗാനം ആലപിച്ച വീഡിയോ വൈറലായിരുന്നു. ലൈവില്‍ വെച്ച് താന്‍ ഒരു ആര്‍ആര്‍ആര്‍ ആരാധകനാണെന്നും പാട്ടിലെ ഹുക്ക് സ്റ്റെപ്പ് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് നാട്ടു നാട്ടുവിന് ഓസ്‌കാര്‍ ലഭിച്ചത്. എം എം കീരവാണി ഈണം പകര്‍ന്ന ഗാനം രചിച്ചത് ചന്ദ്രബോസാണ്. കാലഭൈരവ, രാഹുല്‍ സിപ്ലിഗഞ്ച് എന്നിവരാണ് ആലപിച്ചത്. രാംചരണിന്റെയും ജൂനിയര്‍ എന്‍ ടി ആറിന്റെയും നൃത്തച്ചുവടുകളാണ് ഗാനത്തിന് മാറ്റ് കൂട്ടിയത്.