തെന്നിന്ത്യൻ താരം തൃഷ മുഖ്യവേഷത്തിലെത്തുന്ന 'ബൃന്ദ' ഓഗസ്റ്റ് രണ്ടു മുതൽ സോണി ലിവിൽ പ്രദർശനം ആരംഭിക്കും. സൂര്യ മനോജ് വംഗലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറാത്തി, ബംഗാളി, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രേക്ഷകിലേക്കെത്തുക. വീണ്ടെടുപ്പിൻ്റെയും വിജയത്തിൻ്റെയും കഥയുമായി ഒരു ക്രൈം ത്രില്ലർ എന്നാണ് ചിത്രത്തിന് അണിയറക്കാർ നൽകുന്ന ടാഗ് ലൈൻ.
ശക്തവും സ്ത്രീകേന്ദ്രീകൃതവുമായ കഥയാണ് ബൃന്ദയെന്നും സസ്പെൻസുകൾ നിറഞ്ഞ കഥാപശ്ചാത്തലം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുമെന്നും സംവിധായകൻ സൂര്യ മനോജ് വംഗല പറഞ്ഞു. തൃഷയുടെ ആദ്യ ഒ ടി ടി റിലീസിന്റെ സംവിധായകനാവാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
സൂര്യ മനോജ് വംഗലയും പദ്മാവതി മല്ലടിയുമാണ് 'ബൃന്ദ'യുടെ തിരക്കഥ തയാറാക്കിയത്. പുരോഗമിക്കുമ്പോൾ പതിയെ ചുരുളഴിയുന്ന കഥാ രീതിയാണ് സിനിമയുടേത്. സംഗീത സംവിധാനം ശക്തികാന്ത് കാർത്തിക്കും പ്രൊഡക്ഷൻ ഡിസൈൻ അവിനാശ് കൊല്ലയും കൈകാര്യം ചെയ്യുന്നു. ദിനേശ് കെ. ബാബു ഛായാഗ്രഹണവും അൻവർ അലി ചിത്രസംയോജനവും നിർവഹിക്കുന്നു. തൃഷയ്ക്കൊപ്പം ഇന്ദ്രജിത്ത് സുകുമാരൻ, ജയ പ്രകാശ്, അമാനി, രവീന്ദ്ര വിജയ്, ആനന്ദ് സാമി, രാകേന്ദു മൗലി എന്നിവരും മറ്റ് മുഖ്യവേഷങ്ങളിൽ എത്തും