ENTERTAINMENT

വരാനിരിക്കുന്നത് പ്രൊപഗണ്ട സിനിമകളുടെ വലിയ നിര, ബോളിവുഡ് കുടപിടിക്കുന്നതാര്‍ക്ക്?

ബോളിവുഡ് സിനിമകള്‍ ബിജെപിയുടെ ആശയപ്രചാരണ മാര്‍ഗങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു. തിരഞ്ഞെടുപ്പുകളുടെ കാലത്ത് ബോളിവുഡിൽ നിന്നിറങ്ങുന്ന സിനിമകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും

വെബ് ഡെസ്ക്

സിനിമകളെ പ്രോപഗണ്ട ആയുധമാക്കുന്ന രീതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഹിറ്റ്ലറിന്റെ സംഘത്തിലെ ഗീബൽസ് ഈ തന്ത്രത്തിൽ അഗ്രഗണ്യനായിരുന്നു. ജൂതവിരുദ്ധത പടർത്താനായിരുന്നു അന്ന് ജർമനിയിൽ ഗീബൽസ് സിനിമയെന്ന മാധ്യമത്തെ ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ത്യയിലത് ഹിന്ദുത്വ ആശയ പ്രചാരണമാണ് ലക്ഷ്യമിടുന്നത്. നേരത്തെയും സിനിമകളിൽ രാഷ്ട്രീയ ആശയങ്ങൾ കടന്നുവന്നിരുന്നെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ബിജെപിയോളം കൃത്യമായി ഉപയോഗിക്കുന്ന പാർട്ടി മറ്റൊന്നുണ്ടോയെന്നത് സംശയമാണ്.

ബോളിവുഡ് സിനിമകളാണ് ബിജെപിയുടെ ആയുധങ്ങളിൽ പ്രധാനം. 2014ന് ശേഷമുള്ള ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ കാലത്ത് ബോളിവുഡിൽനിന്നിറങ്ങുന്ന സിനിമകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 'ഉറി: ദി സർജിക്കൽ സ്‌ട്രൈക്ക്,' 'ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ' എന്നീ രണ്ടുസിനിമകളായിരുന്നു വോട്ടിങ്ങിനോടടുപ്പിച്ച് പുറത്തിറങ്ങിയത്. 2016 സെപ്റ്റംബറിൽ കശ്മീരിലെ ഉറി മേഖലയിലെ ഇന്ത്യൻ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടി ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നതായിരുന്നു ഉറിയുടെ പശ്ചാത്തലം. മറ്റൊന്ന് മുൻ പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങിനെ രൂക്ഷമായി വിമർശിക്കുന്നതും. ബിജെപിക്ക് വേണ്ടിയിരുന്ന മനോഭാവമായിരുന്നു രണ്ടിലൂടെയും ഉണ്ടാക്കിയെടുത്തത്.

അതിനുശേഷം ഇങ്ങോട്ട് ഓരോ സമയത്തും ബിജെപി ബോളിവുഡ് സിനിമകളെ വളരെ കൃത്യമായി ഉപയോഗിച്ചുപോരുന്നുണ്ട്. 'ദ കശ്മീർ ഫയൽസ്', 'ദ കേരള സ്റ്റോറി' ഉൾപ്പെടെയുള്ളവ ചില ഉദാഹരണങ്ങൾ മാത്രം. 2024ലേക്ക് എത്തുമ്പോൾ ഹിന്ദുത്വ വാദിയായ സവർക്കറുടെ ബയോപിക് തുടങ്ങിയ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

ഗുജറാത്ത് കലാപത്തിന് കാരണമായെന്ന് പറയപ്പെടുന്ന ഗോധ്ര ട്രെയിൻ തീവെപ്പി ആസ്പദമാക്കിയുള്ള 'ആക്സിഡന്റ് ഓർ കോൺസ്പിറസി: ഗോധ്ര', 'ദി സബർമതി' റിപ്പോർട്ട് എന്നിങ്ങനെയുള്ള ചിത്രങ്ങൾ റിലീസിനും ഒരുങ്ങുകയാണ്. 2002-ലെ ഗോധ്ര ട്രെയിൻ തീപിടിച്ചതിന് പിന്നിലെ "യഥാർത്ഥ കഥ" വെളിപ്പെടുത്തുമെന്ന് അവകാശപ്പെട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

മറ്റൊന്ന് മുസ്ലിങ്ങൾ കാരണം പലായനം ചെയ്യേണ്ടി വരുന്ന ഹിന്ദുക്കളുടെ അവസ്ഥ പ്രമേയമാക്കിയ 'ആഖിർ പലായൻ കബ് തക്' എന്ന ചിത്രമാണ്. ഇവയുടെ എല്ലാം സ്വഭാവം മുസ്ലിങ്ങളെ അപരവത്കരിക്കുകയും തീവ്രദേശീയത ആളിക്കത്തിക്കുകയും ചെയ്ത് ഹിന്ദുത്വ ആശയങ്ങൾക്ക് ശക്തിപകരുകയെന്നതാണ്. ഈ ചിത്രങ്ങളെല്ലാം വരും ആഴ്ചകളിൽ റിലീസിനൊരുങ്ങുകയാണ്.

സ്വതന്ത്ര ഇന്ത്യയിലെ കറുത്തദിനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന അടിയന്തരാവസ്ഥകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന 'എമര്‍ജന്‍സി'യാണ് പട്ടികയിലെ മറ്റൊന്ന്. നടി കങ്കണ റാവുത്ത് കഥയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ 14 ന് തീയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'റസാക്കര്‍' എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു. 'റസാക്കര്‍ - ദ സൈലന്റ് ജീനോസൈഡ് ഓഫ് ഹൈദരാബാദ്' എന്ന ചിത്രം ഹിന്ദുക്കളെ വംശഹത്യ നടത്താന്‍ നിസാമിന്റെ സൈനികരുടെ കഥയാണന്ന വിശേഷണത്തോടെയാണ് എത്തുന്നത്. ചിത്രം മാര്‍ച്ച് 15 ന് തീയേറ്ററില്‍ എത്തും. ബിജെപി നേതാവ് ഗുണ്ടൂര്‍ നാരായണ റെഡ്ഡിയാണ് ചിത്രം നിര്‍മിക്കുന്നത്.

കശ്മീർ ഫയൽസ് പോലെയുള്ള സിനിമകൾക്ക് വലിയ ആനുകൂല്യങ്ങളായിരുന്നു ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾ ചെയ്തുകൊടുത്തിരുന്നത്. സർക്കാർ ഓഫീസുകൾക്ക് സിനിമയുടെ റിലീസ് ദിവസം അവധി നൽകുക, നികുതി ഇളവ് പ്രഖ്യാപിക്കുക എന്നിങ്ങനെ നീളുന്നു ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നല്‍കിയ ആനുകൂല്യങ്ങളുടെ പട്ടിക.

'ദ കശ്മീർ ഫയൽസ്' റിലീസ് ചെയ്ത ആദ്യ ദിനം ബോക്‌സ് ഓഫീസ് കളക്ഷൻ 3.5 കോടി രൂപയാണ്. റിലീസ് ചെയ്ത് രണ്ടാം ദിവസമായ 2023 മാർച്ച് 12ന് ചിത്രം 8.5 കോടി രൂപയും നേടി. ഇതിനെല്ലാം പുറമെ പ്രധാന ബിജെപി നേതാക്കൾ പാർലമെൻ്റിനകത്തും പുറത്തും പ്രത്യേകിച്ച് ട്വിറ്ററിൽ കശ്മീർ ഫയൽസിനെ പ്രോത്സാഹിപ്പിച്ച് രംഗത്തുവരികയും ചെയ്തിരുന്നു. ദ കേരള സ്റ്റോറിക്കും സമാന കഥയാണ് പറയാനുള്ളത്. ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ദ കേരള സ്റ്റോറിക്ക് നികുതി ഒഴിവാക്കി നൽകിയിരുന്നു.

അതേസമയം, ബോക്സോഫീസില്‍ വലിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ആഗോള ശ്രദ്ധ പിടിച്ചുപറ്റുകയം ചെയ്ത ബാഹുബലി, ആർ ആർ ആർ എന്നീ തെലുങ്ക് ചിത്രങ്ങളും ഹിന്ദുത്വ ആശയങ്ങൾക്ക് ശക്തിപകരാൻ വേണ്ടി നിർമിച്ചവയാണെന്ന് വിമർശനമുയർന്നിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍