ENTERTAINMENT

'ഞാൻ വ്യാജ ആരോപണങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷി, പരാതിക്കാരിയുമായി സൗഹൃദമില്ല'; ലൈംഗികാതിക്രമക്കേസിൽ പോലീസിനു മുന്നിൽ ഹാജരായി ജയസൂര്യ

നിരപരാധിയാണെന്നും തനിക്കെതിരായ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നുമുളള വാദം ആവർത്തിച്ച് ജയസൂര്യ

എന്റർടെയ്ൻമെന്റ് ഡെസ്ക്

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും ജയസൂര്യ മാധ്യമങ്ങളോട് പറഞ്ഞു. ആലുവ സ്വദശിയായ നടി നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യൽ പൂർത്തിയായശേഷം സംസാരിക്കുകയായിരുന്നു നടൻ.

സെക്രട്ടേറിയറ്റിൽ സിനിമ ചിത്രീകരണത്തിനിടെ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. 2008ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവമെന്നാണ് രണ്ടു മാസം മുൻപ് നൽകിയ പരാതിയിൽ പറയുന്നത്.

ശുചിമുറിയിൽ നിന്ന് വരുമ്പോൾ പുറകിൽനിന്ന് കടന്നു പിടിച്ചു, ബലമായി ചുംബിച്ചുവെന്നായിരുന്നു നടി പ്രത്യേക അന്വേഷണ സംഘത്തിനു നൽകിയ മൊഴി. അന്നേ ദിവസം വൈകിട്ട് ജയസൂര്യ തന്നെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചുവെന്നും പരാതിയിൽ പറയുന്നു.

അതേസമയം, പരാതി വ്യാജമാണെന്നു ജയസൂര്യ പറഞ്ഞു. അന്ന് രണ്ടു മണിക്കൂർ മാത്രമായിരുന്നു സെക്രട്ടറിയേറ്റിനു പുറത്ത് ഗാനരംഗം ചിത്രീകരിക്കാൻ അനുമതിയുണ്ടായിരുന്നത്. നടി ആരോപിച്ച സ്ഥലത്തല്ല ചിത്രീകരണം നടന്നതെന്നും ജയസൂര്യ പറഞ്ഞു.

2013ല്‍ തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽവച്ച് മോശം അനുഭവമുണ്ടായെന്ന മറ്റൊരു ആരോപണവും ജയസൂര്യ നിഷേധിച്ചു. 2013ല്‍ അങ്ങനെയൊരു ഷൂട്ടിങ് നടന്നിട്ടില്ല. ആ സിനിമയുടെ ഷൂട്ടിങ് 2011ൽ പൂർത്തിയായതാണ്. മാത്രമല്ല, തൊടുപുഴയിലായിരുന്നില്ല, കൂത്താട്ടുകുളത്തായിരുന്നു ഷൂട്ടിങ് നടന്നതെന്നും നടൻ പറഞ്ഞു.

ഇങ്ങനെയുളള പരാതികളുമായി ആളുകള്‍ വരുമ്പോള്‍ സത്യമായ പരാതികളിലും സംശയമുണ്ടാകാം. വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താന്‍. ആരോപണങ്ങള്‍ വ്യാജമാണെന്ന് തെളിയുന്നതു വരെ നിയമപോരാട്ടം നടത്തും. അനേകം ചാരിറ്റി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ആളാണ് താൻ. അതിന്റെ ഫലമായി പലരുമായി ബന്ധമുണ്ടെങ്കിലും അവരൊക്കെയായി സൗഹൃദത്തിലാണെന്ന് പറയാനാവില്ല. ആരോപണമുന്നയിച്ചയാളുമായി സൗഹൃദവുമില്ലെന്നും ജയസൂര്യ പറഞ്ഞു.

ആരോപണങ്ങൾ നേരത്തെയും നിഷേധിച്ച ജയസൂര്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമില്ലെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്നുമായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍