തന്റെ അഭിനയത്തിൽ ഏറെ പോരായ്മകളുണ്ടെന്ന് സ്വയം മനസിലാക്കുന്നെന്നും അടുത്ത ഘട്ടത്തിൽ അവ പരിഹരിച്ച് വിമർശിക്കുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കാനാവുമെന്ന ബോധ്യം തനിക്കുണ്ടെന്നും അമിത് മോഹൻ രാജേശ്വരി. 'വാഴ' എന്ന ചിത്രത്തിൽ വിഷ്ണു രാധാകൃഷ്ണന്‍ എന്ന പ്രാധാന കഥാപാത്രമായെത്തിയ അമിത്തിന് ചിത്രം ഒടിടിയിലെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ അമിത്തിന്റെ അഭിനയം ഓവറാണെന്നും എടുത്താല്‍ പൊങ്ങാത്ത വേഷമാണ് നല്‍കിയതെന്നുമായിരുന്നു വിമര്‍ശനങ്ങള്‍. എന്നാൽ ട്രോളുകളിൽ പ്രതിബാധിക്കുന്ന രംഗം ജീവിതത്തിൽ അനുഭവിച്ചറിഞ്ഞവർക്ക് അമിത്തിന്റെ അഭിനയം ഒട്ടും ഓവറായി തോന്നില്ലെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ പ്രതികരണം. എല്ലാവിധ പ്രേക്ഷക കാഴ്ച്ചപ്പാടുകളെയും ബഹുമാനിക്കുന്നു എന്നാണ് അമിത് ദ ഫോർത്തിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചത്.
'വാഴയിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞു. ആളുകൾ പൊതു ഇടങ്ങളിൽ തിരിച്ചറിയുന്നുണ്ട്. ഒടിടി റിലീസിന് ശേഷം വിമർശനങ്ങളും വരുന്നുണ്ട്. വാഴയിലാണ് ഞാൻ ആദ്യമായൊരു മുഴുനീള കഥാപാത്രമായി എത്തുന്നത്. വിമർശനങ്ങൾ ഉണ്ടാവും. ഞാനൊരു ബഡ്ഡിങ് ആർട്ടിസ്റ്റ് ആണ്. പഠിച്ചുവരുന്നതേ ഉളളു. എന്റെ അഭിനയത്തിൽ പോരായ്മകളുണ്ടെന്ന് എനിക്കു നന്നായറിയാം. അതെല്ലാം പരിഹരിച്ച് അടുത്ത ഘട്ടത്തിൽ വിമർശിക്കുന്നവരെ ഹാപ്പിയാക്കുമെന്ന ബോധ്യത്തിലാണ് ഞാനുളളത്'. അമിത് പറയുന്നു.
2005ൽ ഇറങ്ങിയ കലാഭവൻ മണി നായകനായി വന്ന ചിത്രം 'ബെഞ്ചോൺസനി'ൽ മണിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചത് അമിത് ആയിരുന്നു. ബാലതാരമായി സിനിമയിലെത്തിയ അമിത്തിന്റെ താത്പര്യം പിന്നീട് സിനിമയുടെ മേക്കിങ്ങിനോടായി. സന്തോഷ് ശിവൻ ചിത്രം 'ജാക് ആന്റ് ജില്ലിലും' എംടിയുടെ ആന്തോളജി 'മനോരഥങ്ങളിലും' അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചു. 'അഭിനയത്തോട് താത്പര്യം തോന്നിയപ്പോൾ സന്തോഷ് ശിവൻ സാറാണ് എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ചോദിച്ചത്. സുഹൃത്തായ നിതീഷ് സഹദേവിനോട് ഈ ആഗ്രഹം പറഞ്ഞപ്പോൾ ബാഗ് പാക്ക് ചെയ്ത് കൊച്ചിക്ക് വാ എന്നവൻ പറഞ്ഞു. അങ്ങനെ അവൻ സംവിധാനം ചെയ്ത ഫാലിമി എന്ന ചിത്രത്തിൽ ഒരു അവസരം ലഭിച്ചു. പിന്നീടാണ് സുഹൃത്ത് ശ്രീകാന്ത് മോഹന്റെ വെബ് സീരീസ് ജയ് മഹേന്ദ്രനിൽ ചെറിയ വേഷം ലഭിക്കുന്നത്. വാഴയിലാണ് ഞാൻ ആദ്യമായൊരു മുഴുനീള കഥാപാത്രമായി എത്തിയതും, ഏറ്റവും ശ്രദ്ധിക്കപ്പെടുന്നതും.' അമിത് പറയുന്നു.
വിമർശിച്ചുകൊണ്ടുളള ട്രോളുകൾക്ക് മറുപടിയായി ടൺ കണക്കിന് എയർ എന്ന അടിക്കുറിപ്പോടെ ഒരു പോസ്റ്റും മുമ്പ് അമിത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാ അഭിപ്രായങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു എന്ന അടിക്കുറിപ്പോടെ ട്രോളും കഥാപാത്രത്തിന്‍റെ ചിത്രവും വിമര്‍ശിക്കപ്പെട്ട സീനും ഉള്‍പ്പടെയായിരുന്നു പോസ്റ്റ്. സിനിമയുടെ തിരക്കഥാകൃത്ത് വിപിൻ ദാസ്, നടൻ സിജു സണ്ണി ഉൾപ്പടെയുള്ളവർ അമിത്തിന്റെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തിയിരുന്നു. 'സുഹൃത്തേ ഒടിടിയിൽ നന്നായി അഭിനയിക്കണ്ടേ' എന്നായിരുന്നു സിജു സണ്ണിയുടെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ സിജു സണ്ണി, ജോമോൻ ജ്യോതിർ, സാഫ് ബോയ്, അനുരാജ് എന്നിവരായിരുന്നു അമിത്തിനൊപ്പം വാഴയിൽ പ്രധാന വേഷത്തിലെത്തിയത്. അമിത് ഭാഗമാകുന്ന വെബ് സീരീസ് 'ജയ് മഹേന്ദ്രൻ' സോണി ലിവിൽ ഒക്ടോബർ 11 മുതൽ സ്ട്രീങ്ങിനൊരുങ്ങുകയാണ്. ശ്രീകാന്ത് മോഹൻ സംവിധാനം ചെയ്ത സീരീസ്, ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസാണ് നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പ്, മിയ ജോർജ്, സുഹാസിനി മണിരത്നം, സുരേഷ് കൃഷ്ണ, ജോണി ആന്റണി, ബാലചന്ദ്രൻ ചുള്ളിക്കാട്, വിഷ്ണു ഗോവിന്ദൻ, സിദ്ധാർഥ ശിവ രഞ്ജിത്ത് ശേഖർ എന്നിവരാണ് പ്രധാന വേഷത്തിൽ.