നമ്മുടെ പ്രാദേശിക സിനിമകൾ വിജയിക്കുന്നത് അവ ഓസ്കർ നേടുമ്പോഴല്ല , മറിച്ച് ആ ചിത്രങ്ങൾ രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധിക്കപ്പെടുമ്പോഴാണെന്ന് സംവിധായകൻ വെട്രിമാരൻ. നേരത്തെ നമ്മൾ പൊതുബോധത്തിന് അനുസരിച്ച് രാജ്യാന്തര പ്രേക്ഷകർക്കായി സിനിമയെടുക്കാൻ ശ്രമിച്ചു . അപ്പോഴൊക്കെ നമ്മൾ പരാജയപ്പെട്ടു. പിന്നീട് നമ്മൾ , നമ്മുടെ പ്രാദേശിക പ്രേക്ഷകനെ മുന്നിൽ കണ്ട് നമ്മുടെ കഥയും സംസ്കാരങ്ങളും പ്രമേയമാക്കി, നമ്മളോട് സംവദിക്കുന്ന സിനിമകളിലേക്ക് തിരിഞ്ഞു. അവ നമ്മുക്ക് ഇഷ്ടപ്പെട്ടു, രാജ്യാന്തര തലത്തിലും ശ്രദ്ധിക്കപ്പെടുകയും വിജയിക്കാനും തുടങ്ങി. അതാണ് യഥാർത്ഥത്തിൽ സിനിമയുടെ വളർച്ച. ചെന്നൈയില്‍ നടന്ന സിഐഐ ദക്ഷിണ മീഡിയ ആന്‍ഡ് എന്റര്‍ടൈന്‍മെന്റ് സമ്മിറ്റിന്റെ രണ്ടാം പതിപ്പിലാണ് വെട്രിമാരന്റെ പ്രതികരണം
നമ്മുടെ കാഴ്ചക്കാര്‍ക്കായി നാം സിനിമകള്‍ ചെയ്യുമ്പോഴാണ് മറ്റുള്ളവരും അതിനെ ഇഷ്ടപ്പെടുന്നത്. ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവരുടേതായ സംസ്‌കാരവും ഭാഷയും പ്രതിനിധീകരിക്കാൻ തുടങ്ങിയപ്പോൾ മുതലാണ് ആഗോള തലത്തില്‍ പ്രാദേശിക ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാൻ തുടങ്ങിയത്. അത്തരം അംഗീകാരങ്ങളാണ് ഓസ്‌കര്‍ ലഭിക്കുന്നതിനേക്കാള്‍ വലുതെന്നും വെട്രിമാരൻ പറഞ്ഞു.
വെട്രിമാരന്റെ വാക്കുകള്‍ ഇങ്ങനെ...
'കലയ്ക്ക് ഭാഷയോ അതിര്‍വരമ്പുകളോ ഇല്ലെന്നാണ് പറയുന്നത്, എന്നാല്‍ കലയ്ക്ക് അതിന്റേതായ ഭാഷയും സംസ്‌കാരവുമുണ്ട്. നമ്മള്‍ സംസാരിക്കുന്നത് വലിയൊരു പ്രേക്ഷകര്‍ക്കായി നിര്‍മ്മിച്ച പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കപ്പെടുന്ന ഇന്ത്യന്‍ സിനിമകളെ കുറിച്ചാണ്. എന്നാല്‍ രാജ്യമൊട്ടാകെ വിജയം നേടിയ ഈ ചിത്രങ്ങളോട് എനിക്കുള്ള ബഹുമാനം എന്തെന്നാല്‍, അത് കന്താരയോ, കെജിഎഫോ, ആര്‍ആര്‍ആറോ ആകട്ടെ ഈ സിനിമകളെല്ലാം അവരുടെ പ്രേക്ഷകര്‍ക്കായി ഒരുക്കിയവയാണ്. അത് അവരുടെ ഭാഷയ്ക്കും സംസ്കാരത്തിനും അനുസരിച്ച് ആ പ്രേക്ഷകർക്കായി മാത്രം ഒരുക്കിയ ചിത്രങ്ങളാണ് . മറ്റുള്ള പ്രേക്ഷകരെ മുന്നിൽ കണ്ട് ഒരുക്കിയവ അല്ല . അതുതന്നെയാണ് ആ ചിത്രങ്ങളുടെ വിജയവും
മുൻപ് സിനിമകളില്‍ ഈ രീതിയായിരുന്നില്ല . എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടണമെന്ന ആഗ്രഹത്തിലായിരുന്നു എല്ലാവരും സിനിമകളെ സമീപിച്ചത്. എന്നാല്‍ ഇപ്പോള്‍, അവരുടെ പ്രേക്ഷകര്‍ക്കായി അവരുടെ സംസ്‌കാരത്തെകുറിച്ച് അവരുടേതായ ശൈലിയിലാണ് ചെയ്യുന്നത്. അത് കൊണ്ടാണ് ആ ആഗോള തലത്തില്‍ വിജയിച്ചത്. നമ്മുടെ കഥകളാണ് നമ്മൾ പറയേണ്ടത്, എന്നാല്‍ ആ വികാരം എല്ലാവര്‍ക്കുമനുഭവപ്പെടണം. ഈ അടുത്ത കാലത്തായി ആ മാറ്റം കാണാനാകുന്നുണ്ട്.