വെട്രിമാരന് ചിത്രം വിടുതലൈ രണ്ടാം ഭാഗം ഉടനെത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. രണ്ടു പോസ്റ്ററുകളാണ് ഫസ്റ്റ് ലുക്കായി റിലീസ് ചെയ്തത്. വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ, അനുരാഗ് കശ്യപ്, കിഷോർ, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ എന്നിവരാണ് വിടുതലൈ രണ്ടിലെ പ്രധാന താരങ്ങൾ. ആദ്യ ഭാഗം സൂരിയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതിക്കാവും പ്രാധാന്യം എന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന.
വിടുതലൈ ആദ്യ ഭാഗം ഗംഭീര തീയേറ്റർ പ്രതികരണങ്ങൾക്ക് ശേഷം സീ ഫൈവിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് ഒടിടി പ്രേക്ഷകർക്കിടയിലും നല്ല സ്വീകാര്യതയായിരുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ ഇല്ലാതിരുന്ന ഭാഗങ്ങളും ഉൾപ്പെടുത്തി കൂടുതൽ ദൈർഘ്യമുള്ള 'ഡയറക്ടേഴ്സ് കട്ട്' ആയിരുന്നു ഒടിടിയിലെത്തിയത്.
ഹാസ്യകഥാപാത്രമെന്ന പതിവ് ടാഗിന് അപ്പുറത്തേക്ക് ആദ്യ നായക വേഷത്തിൽ തന്നെ സൂരി പ്രേക്ഷകരെ ഞെട്ടിച്ച ചിത്രം കൂടിയാണ് വിടുതലൈ. സാമൂഹിക-രാഷ്ട്രീയ വിഷയങ്ങള്ക്ക് പ്രാധാന്യം നൽകിയ വിടുതലൈ, ജയമോഹന് എഴുതിയ തൂയവന് എന്ന കഥയെ അടിസ്ഥാനമാക്കിയാണ് വെട്രിമാരൻ ഒരുക്കിയിരിക്കുന്നത്. വിജയ് സേതുപതി, സൂരി എന്നിവരുടെ കഥാപാത്രങ്ങൾക്ക് കിട്ടിയ പ്രശംസയോടൊപ്പം ചിത്രത്തിന്റെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇളയരാജയുടേതാണ് സംഗീതം.
രണ്ടാം ഭാഗമെത്തുമ്പോൾ സമാനമായ എന്ത് വിസ്മയമാവും സംഗീതത്തിൽ ഇളയരാജ സമ്മാനിക്കുക എന്ന ആകാംഷയിൽ കൂടിയാണ് പ്രേക്ഷകർ. ആർ. വേൽരാജാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ജാക്കി കലാസംവിധാനവും രാമർ എഡിറ്റിങ്ങും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോനാണ്.
പീറ്റർ ഹെയ്ൻ, സ്റ്റണ്ട് ശിവ എന്നിവർ ചേർന്നാണ് സംഘട്ടനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്. ആർ എസ് ഇൻഫോടൈൻമെന്റിന്റെ ബാനറിൽ എൽറെഡ് കുമാറാണ് വിടുതലൈ രണ്ടാം ഭാഗത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.