പുതിയ ചിത്രമായ ഖുഷിയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രചാരണ പരിപാടിക്കിടെ രജനീകാന്തിന്റെ സിനിമകളെക്കുറിച്ചുള്ള പരാമർശത്തില്‍ പുലിവാല് പിടിച്ച് നടൻ വിജയ് ദേവരകൊണ്ട. രജനീകാന്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടില്ലേ എന്ന പരാമര്‍ശമാണ് വിവാദത്തിലായത്.
സൂപ്പർതാര സിനിമകളുടെ പരാജയത്തെക്കുറിച്ച് പറയുമ്പോള്‍ രജനികാന്തിന്റെയും ചിരഞ്ജീവിയുടേയും സിനിമകള്‍ ചൂണ്ടിക്കാണിച്ചതാണ് വിവാദത്തിനിടയാക്കിയത്. ഏതാനും സിനിമകള്‍ തകര്‍ന്നെന്ന് കരുതി അവസാനിക്കുന്നതല്ല സൂപ്പര്‍സ്റ്റാറുകളുടെ താരപദവിയെന്നായിരുന്നു വിജയ് ദേവരകൊണ്ടയുടെ പരാമര്‍ശം. എന്നാല്‍ നടന്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
'രജനികാന്തിന്റെ ആറ് സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. പക്ഷേ, 500 കോടി കളക്ഷന്‍ നേടിയ ജയിലര്‍ പോലുള്ള സിനിമയുമായി അദ്ദേഹം തിരിച്ചുവരും. അതുകൊണ്ട് നമുക്ക് തത്കാലം മിണ്ടാതിരുന്ന് സിനിമ കാണാം'. ഇതായിരുന്നു പത്രസമ്മേളനത്തില്‍ വിജയ് ദേവരകൊണ്ട പറഞ്ഞത്.
ചിരഞ്ജീവിയെക്കുറിച്ചും വിജയ് സമാനമായി രീതിയിലാണ് പ്രതികരിച്ചത്.
'തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ടാലും മികച്ച സംവിധായകനെ ലഭിച്ചാല്‍ സംസ്‌കൃതി പോലൊരു ചിത്രവുമായി അദ്ദേഹത്തിന് വമ്പന്‍ തിരിച്ചുവരവ് നടത്താം. ആക്ഷന്‍, നൃത്തം എന്നിവ കൊണ്ട് നമ്മളെയെല്ലാവരെയും വിസ്മയിപ്പിച്ചിട്ടുള്ളയാളാണ് ചിരഞ്ജീവി. സിനിമയിലേക്ക് കടന്നുവരാന്‍ അദ്ദേഹത്തിന്റെ പ്രകടനം ഒരുപാട് പേരെ സഹായിച്ചിട്ടുണ്ട്'. വിജയ് ദേവരകൊണ്ട പറഞ്ഞു.
ഒരു നടന്റെ മൂല്യം സിനിമയുടെ പരാജയത്തിന്റെയും വിജയത്തിന്റെയും അടിസ്ഥാനത്തിലല്ലെന്നും വിജയ് പറഞ്ഞു. രജനിക്ക് തുടര്‍ച്ചയായി ആറ് പരാജയങ്ങളുണ്ടായി എന്ന് പറഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ ആറ് സിനിമകള്‍ പരാജയപ്പെട്ടിട്ടില്ലെന്നാണ് ആരാധകരുടെ വാദം. വിജയ് ദേവരകൊണ്ടയുടെ അവസാനമായി പുറത്തിറങ്ങിയ ലൈഗര്‍ എന്തായെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
മഹാനടി എന്ന ചിത്രത്തിന് ശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ഖുഷി. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ശിവ നിർവാണയാണ് ഖുഷിയുടെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 2023 സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രത്തിന്റെ റിലീസ്.