തെന്നിന്ത്യയിൽ ഏറ്റവും അധികം ആരാധകരുള്ള വിജയ് യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച സൂചനകളും ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. എന്നാൽ ഇതുവരെ വന്ന സൂചനകൾക്കെല്ലാം അപ്പുറത്തേക്ക്, ഒരുപടി കൂടി കടന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമോ എന്ന കാര്യത്തിൽ ആരാധകരുടെ അഭിപ്രായം തേടുകയാണ് വിജയ് . ഇതിനായി വിജയ് യുടെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം ആരാധകർക്കിടയിൽ സർവേ ആരംഭിച്ച് കഴിഞ്ഞു. പ്രത്യേക ഫോം തയാറാക്കി വിതരണം ചെയ്താണ് വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ ആരാധകരുടെ അഭിപ്രായം ശേഖരിക്കുന്നത് .
മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന സർവേയിൽ കഴിഞ്ഞ 5 വർഷത്തിനിടെ നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടിക , അവിടുത്തെ ജനങ്ങൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ, മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം എന്നിവയും സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നുണ്ട്
അംബേദ്ക്കർ ജയന്തിയായ ഏപ്രിൽ 14 ന് ജില്ലാ കേന്ദ്രങ്ങളിൽ അംബേദ്ക്കർ പ്രതിമയിൽ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തിയിരുന്നു. വിജയ് യുടെ അനുവാദത്തോടെയുള്ള പുഷ്പാർച്ചന ദളിത് വിഭാഗത്തിലുള്ളവരുടെ പിന്തുണ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണെന്നായിരുന്നു തമിഴ് മാധ്യമങ്ങളുടെ വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആരാധകരുടെ അഭിപ്രായം അറിയാനുള്ള സർവേയും നടത്തുന്നത്. ആരാധകരുടെ അഭിപ്രായം കൂടി മാനിച്ചാകും താരത്തിന്റെ രാഷ്ട്രീയ പ്രവേശനമെന്ന സൂചനയാണ് ഇതെന്നാണ് വിലയിരുത്തൽ
ഫാൻസ് അസോസിയേഷനുകൾക്ക് പുറമെയുള്ള തമിഴ്നാട്ടിലുടനീളം വിജയ് യുടെ പേരിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന രാഷ്ട്രീയ സംഘടനയാണ് വിജയ് മക്കൾ ഇയക്കം. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചവരിൽ 20 സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നു.